News - 2024

എവിടെപ്പോയാലും എന്നോടൊപ്പം ബൈബിള്‍ ഉണ്ടാകും: വിശ്വാസം പരസ്യമാക്കി ലിവര്‍പൂള്‍ താരം കോഡി ഗാക്പോ

പ്രവാചകശബ്ദം 15-08-2023 - Tuesday

ലണ്ടന്‍: ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമാക്കുന്ന താരങ്ങളുടെ നിരയില്‍ ഡച്ച് സ്വദേശിയായ ലിവര്‍പൂള്‍ താരം കോഡി ഗാക്പോയും. ലിവര്‍പൂളിന് വേണ്ടി സിംഗപ്പൂരില്‍ കളിക്കുവാന്‍ എത്തിയിരിക്കുന്ന ഗാക്പോ ബൈബിള്‍ വായന തന്റെ ജീവിതശൈലിയാണെന്നും യുകെയിലോ മറ്റെവിടെയെങ്കിലുമോ ആണെങ്കിലും താന്‍ ബൈബിൾ കൊണ്ടുപോകുമെന്നു 'ഡെയിലി മെയിലി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1.5 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഗാക്പോ “മനുഷ്യന്‍ തന്റെ മാര്‍ഗ്ഗം ആലോചിച്ചുവെക്കുന്നു. അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്” (സുഭാഷിതങ്ങള്‍ 16:9) എന്ന ബൈബിള്‍ വാക്യം ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ പങ്കുവെച്ചിരിന്നു.

തന്റെ ഫുട്ബോള്‍ കരിയറില്‍ മാത്രമല്ല ജീവിതത്തില്‍ മുഴുവനായും വിശ്വാസം തന്നെ സഹായിച്ചിട്ടുണ്ടെന്നും അത് തന്നെ സംബന്ധിച്ചിടത്തോളം ജീവിത ശൈലിപോലെയാണെന്നും യുകെയിലായാലും വേറെ എവിടെ ആയാലും എല്ലാദിവസവും തനിക്കൊപ്പം ബൈബിള്‍ ഉണ്ടെന്നും ഡച്ച് ന്യൂസ്പേപ്പറായ ‘എന്‍.ആര്‍.സി’ക്ക് നല്‍കിയ അഭിമുഖത്തിലും ഗാക്പോ പറഞ്ഞു. വിശ്വാസം എനിക്ക് സമാധാനവും ശക്തിയും തരുന്നു. പലപ്പോഴും ഞാന്‍ ഉറങ്ങുവാന്‍ പോകുന്നതിന് മുന്‍പ് ബൈബിള്‍ വായിക്കാറുണ്ട്. നമ്മള്‍ പരസ്പരം എങ്ങനെ പെരുമാറണം എന്ന് നമ്മോട് പറയുന്ന ഒരു പ്രണയലേഖനം പോലെയാണ് ബൈബിളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഖത്തറില്‍വെച്ച് നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഗാക്പോയുടെ സഹതാരമായ മെംഫിസും മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം ബൈബിള്‍ ക്ലാസ്സും പ്രാര്‍ത്ഥനയും നടത്തിയതും ശ്രദ്ധേയമായിരുന്നു. ഗാക്പോ ബൈബിള്‍ ക്ലാസ് നടത്തിയപ്പോള്‍, മെംഫിസായിരുന്നു പ്രാര്‍ത്ഥനക്ക് മേല്‍നോട്ടം വഹിച്ചത്. ഗാക്പോ അടിയുറച്ച ദൈവവിശ്വാസിയും വിശ്വാസപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവനുമാണെന്ന് ഡച്ച് ടീമംഗമായ ഡെന്‍സേല്‍ ഡംഫ്രിസും നേരത്തെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒരുപാടു പ്രാര്‍ത്ഥിച്ചു. അദ്ദേഹം തന്റെ വിശ്വാസം ഞങ്ങളുമായി പങ്കുവെച്ചു. ആ നിമിഷങ്ങള്‍ വളരെ പ്രത്യേകതയുള്ളതായിരുന്നു; അത് തനിക്ക് ഒരുപാട് ശക്തി തന്നുവെന്നും ഡംഫ്രിസ് പറഞ്ഞു. പ്രശസ്തരായ താരങ്ങളില്‍ പലരും ഡ്രസ്സിംഗ് റൂമിലും, തങ്ങളുടെ കായിക പ്രേമികള്‍ക്കിടയിലും ക്രിസ്തു വിശ്വാസം പരസ്യമാക്കുന്നത് ഇപ്പോള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.


Related Articles »