News

കുരിശ് തകര്‍ത്തു, ബൈബിള്‍ നശിപ്പിച്ചു, ദേവാലയങ്ങള്‍ക്ക് തീയിട്ടു; പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ വ്യാപക ആക്രമണം

പ്രവാചകശബ്ദം 17-08-2023 - Thursday

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖുറാനെ അപമാനിച്ചുവെന്നാരോപിച്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ ഭവനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ഇന്നലെ ബുധനാഴ്ച ഫൈസലാബാദ് ജില്ലയിലെ ജരൻവാല പട്ടണത്തിൽ നടന്ന വിവിധ ആൾക്കൂട്ട ആക്രമണത്തില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. ഈസാനഗരിയിലുള്ള സെന്റ് പോൾ കത്തോലിക്ക ദേവാലയവും പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ സാൽവേഷൻ ആർമി, യുണൈറ്റഡ് പ്രസ്ബിറ്റീരിയൻ, അലൈഡ് ഫൗണ്ടേഷൻ, ഷഹ്റൂൺ വാല എന്നിവയുടെ ആരാധനാലയങ്ങളും ക്രൈസ്തവ വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന കോളനിയുമാണ് ആക്രമിക്കപ്പെട്ടത്.

15 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും നൂറുകണക്കിന് ക്രിസ്ത്യൻ ഭവനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ പലായനം ചെയ്യാൻ നിർബന്ധിതരായ തീര്‍ന്നെന്നും കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ചിന്റെ പ്രസ് മേധാവി മരിയ ലൊസാനോ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. റോക്കി മസിഹ്, രാജാ മസീഹ് എന്നിവര്‍ ഖുറാനെ ഇകഴ്ത്തി കാണിച്ചുവെന്നാരോപിച്ചതിനെ തുടർന്നാണ് ജരൻവാലയിൽ വ്യാപക ആക്രമണം മത തീവ്രവാദികള്‍ അഴിച്ചുവിട്ടത്. നൂറുകണക്കിനു പേർ സെന്റ് പോൾ കത്തോലിക്കാ പള്ളിയും സാൽവേഷൻ ആർമി പള്ളിയും ആക്രമിച്ചു തീവയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ക്രിസ്ത്യാനികളെ 'പുറത്തുപോയി കൊല്ലാൻ' ഇസ്‌ലാമിക നേതാക്കൾ പള്ളി ഉച്ചഭാഷിണിയിലൂടെ ആഹ്വാനം ചെയ്തതായി പ്രാദേശിക വൃത്തങ്ങളില്‍ നിന്നു അറിയുവാന്‍ കഴിഞ്ഞെന്നു മരിയ ലൊസാനോ വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങൾ കൂട്ട പലായനത്തിന് കാരണമായി. ഇതുവരെ 2,000 ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത പള്ളികളിൽ സെന്റ് പോൾ കത്തോലിക്കാ പള്ളിയും ഉൾപ്പെടുന്നുണ്ടെന്ന് മരിയ ലൊസാനോ സ്ഥിരീകരിച്ചു. നിരവധി ആളുകൾക്ക് അവരുടെ സാധനങ്ങളും എല്ലാം നഷ്ടപ്പെട്ടുവെന്നും എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണെന്നും ഫൈസലാബാദ് കത്തോലിക്കാ രൂപതയുടെ വികാരി ജനറലും ആക്രമണങ്ങളുടെ ദൃക്‌സാക്ഷിയുമായ ഫാ. ആബിദ് തൻവീർ പറഞ്ഞു.

ആക്രമണം ബിഷപ്പുമാരും വൈദികരും സാധാരണക്കാരുമായ എല്ലാവരെയും വളരെ വേദനിപ്പിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിന്റെ അധ്യക്ഷന്‍ ആസാദ് മാർഷൽ ട്വീറ്റ് ചെയ്തു. ഈ സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ ഒരു ക്രൈസ്തവ ആരാധനാലയത്തിന് തീപിടിക്കുകയാണെന്നും ബൈബിളുകൾ അശുദ്ധമാക്കുകയും ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയുമാണെന്നും അദ്ദേഹം കുറിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുമ്പോഴും മത തീവ്രവാദികള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് കൃത്യസമയത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ, സ്ഥിതിഗതികൾ വഷളാകുമായിരുന്നില്ലായെന്ന് പ്രാദേശിക സമൂഹത്തില്‍ നിന്നുള്ളവര്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വൈഡിനെ അറിയിച്ചിട്ടുണ്ട്. തീവ്ര ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ വര്‍ഷങ്ങളായി വലിയ തോതില്‍ വിവേചനവും പീഡനം നേരിടുന്നുണ്ട്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൈസ്തവരെ വ്യാജ മതനിന്ദ കേസുകളില്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തു പതിവാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »