News - 2024

പാക്കിസ്ഥാനില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത് 20 ക്രിസ്ത്യന്‍ ദേവാലയങ്ങളും ക്രൈസ്തവരുടെ 87 ഭവനങ്ങളും

പ്രവാചകശബ്ദം 19-08-2023 - Saturday

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ ആരോപിച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത് ഇരുപതില്‍ അധികം ക്രിസ്ത്യന്‍ ദേവാലയങ്ങളും ക്രൈസ്തവരുടെ 87 ഭവനങ്ങളും. ഇന്നലെ വെള്ളിയാഴ്ച, പോലീസ് സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെ ഫൈസലാബാദ് ജില്ലയിലെ ജരൻവാല തെഹ്‌സിലിൽ ആക്രമണം അഴിച്ചുവിട്ട ജനക്കൂട്ടത്തിന് നേതൃത്വം നൽകിയവരില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാൻ (ടിഎൽപി) ഘടകങ്ങളുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മതനിന്ദ പരാമർശമുള്ള ഖുറാൻ താളുകൾ കണ്ടെത്തിയെന്ന ആരോപണത്തെത്തുടർന്നാണ് ബുധനാഴ്ച ഫൈസലാബാദ് നഗരപ്രാന്തത്തിലെ ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം അഴിച്ചുവിട്ടത്. ക്രിസ്ത്യൻ ഭവനങ്ങളും പള്ളികളും ആക്രമിക്കാൻ മോസ്ക്കില്‍ നിന്നു ആഹ്വാനം നല്‍കിയ മതപുരോഹിതൻ ഉള്‍പ്പെടെ 145 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, ക്രിസ്ത്യൻ കുടുംബങ്ങൾ, തകർന്ന വാസസ്ഥലങ്ങളിലേക്ക് മടങ്ങാൻ തുടങ്ങി. തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് മുന്നിൽ തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ക്രൈസ്തവര്‍ ദുഃഖത്തോടെ പങ്കുവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അക്രമം നടന്നു രണ്ടാം ദിവസമായ ഇന്നലെ വെള്ളിയാഴ്ചയും ജരൻവാലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അടുത്ത ചൊവ്വാഴ്ചയോടെ പ്രദേശത്തെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളും പുനരുദ്ധരിക്കുമെന്നും വീടുകൾ തകർന്ന ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെ പറഞ്ഞു. ജരൻവാലയിൽ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികൾ ഒഴികെ എല്ലാത്തരം സമ്മേളനങ്ങളും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും വാട്സാപ്പില്‍ നേരിട്ടു ലഭിക്കും. ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »