News
ദക്ഷിണ കൊറിയയില്‍ പൗരോഹിത്യ വസന്തം: കത്തോലിക്ക വൈദികരുടെ എണ്ണം ഏഴായിരത്തിലേക്ക്
പ്രവാചകശബ്ദം 26-08-2023 - Saturday
സിയോള്‍: 1845-ല്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ആന്‍ഡ്രൂ കിം ടേ-ഗോണില്‍ തുടങ്ങിയ കൊറിയന്‍ പൗരോഹിത്യം ഏഴായിരത്തിലേക്ക്. സമീപകാലത്ത് കൊറിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ 6921 വൈദികരാണ് രാജ്യത്തു തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 1 വരെയുള്ള കണക്കാണിത്. 178 വര്‍ഷത്തെ ചരിത്രത്തില്‍ ഇക്കാലമത്രയും സുവിശേഷം പ്രഘോഷിക്കുകയും, ഇടവകയുമായി ബന്ധപ്പെട്ട അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, വിശ്വാസികള്‍ക്ക് കൂദാശകള്‍ നല്‍കുകയും, യുവത്വത്തിന്റെ ഒപ്പം നില്‍ക്കുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് അവര്‍ വിശ്വാസികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 3-ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. വോണ്‍-ബിന്‍ ലീയാണ് പൗരോഹിത്യ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആള്‍. 1845 മുതല്‍ 689 വൈദികര്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 2022 മാര്‍ച്ച് 1 മുതല്‍ 2023 ഫെബ്രുവരി വരെ ദക്ഷിണ കൊറിയയില്‍ തിരുപ്പട്ടം സ്വീകരിച്ചവര്‍ 99 പേരാണ് (ഇതില്‍ 87 രൂപത വൈദികരും, 12 സന്യസ്ത വൈദികരും ഉള്‍പ്പെടുന്നു). 2011-നും 2023-നും ഇടയില്‍ കൊറിയയില്‍ തിരുപ്പട്ടം സ്വീകരിക്കുന്ന നവവൈദികരുടെ ശരാശരി എണ്ണം നൂറാണ്. ഇത് 2014-ല്‍ 184, 2020-ല്‍ 185 ആയി ഉയര്‍ന്നിട്ടുമുണ്ട്. നിലവില്‍ കര്‍ദ്ദിനാളുമാരും, മെത്രാന്‍മാരും, മുതിര്‍ന്ന അജപാലകരും ഉള്‍പ്പെടെ 5655 വൈദികര്‍ കൊറിയയില്‍ അജപാലക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
4765 പേര്‍ രൂപത വൈദികരും (84.3%), 865 പേര്‍ (15.3%) വിവിധ സന്യാസ സമൂഹങ്ങള്‍ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചവരുമാണ്. 25 പേര്‍ വത്തിക്കാന്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്തു വരുന്നുണ്ട്. ദക്ഷിണ കൊറിയയില്‍ അജപാലക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ വൈദികരുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 126 വിദേശ വൈദികരാണ് കൊറിയയില്‍ ഉള്ളത്. ഇതില്‍ അമേരിക്കയില്‍ നിന്നും 15 പേരും, മെക്സിക്കോയില്‍ നിന്നും 12 പേരും, വിയറ്റ്‌നാം, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും 11 പേര്‍ വീതവും, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നും 10 പേര്‍ വീതവും, ഇറ്റലിയില്‍ നിന്നും 9 പേരും, അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും 8 പേര്‍ വീതവും കൊറിയയില്‍ ശുശ്രൂഷ ചെയ്തു വരുന്നു.
മിഷ്ണറി സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡ്, സെന്റ് കൊളംബിയ ഫോറിന്‍ മിഷന്‍സ് സൊസൈറ്റി, ഗ്വാഡലൂപ്പ ഫോറിന്‍ മിഷന്‍ സൊസൈറ്റി, പാരിസ് ഫോറിന്‍ മിഷന്‍ സൊസൈറ്റി തുടങ്ങിയ സന്യാസ സമൂഹങ്ങളും കൊറിയയില്‍ സജീവമാണ്. 1984-ല്‍ തന്റെ കൊറിയന്‍ സന്ദര്‍ശനത്തിനിടയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് കൊറിയയിലെ ആദ്യ പുരോഹിതനായ ആന്‍ഡ്രൂ കിം ടേ-ഗോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. 2022-ലെ കണക്കുകള്‍ പ്രകാരം കൊറിയയിലെ 16 രൂപതകളിലായി 59,49,862 കത്തോലിക്ക വിശ്വാസികളാണ് ആകെയുള്ളത്.