News

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും

ഡോ. സിറിയക് വലിയകുന്നുംപുറത്ത് 08-09-2023 - Friday

ദൈവികവെളിപാട് മനുഷ്യന്റെ ഭാഷയിൽ അവതരിപ്പിക്കപ്പെട്ടതാണ് വിശുദ്ധ ബൈബിൾ. ഇതിന്റെ രൂപീകരണത്തിൽ ദൈവികവും മാനുഷികവുമായ പ്രവർത്തനങ്ങളുണ്ട്. ചരിത്രത്തിൽ വെളിവാക്കപ്പെട്ട ദൈവികരഹസ്യങ്ങൾ മനസ്സിലാക്കുന്നതിന്, ദൈവാരൂപിയുടെ സഹായത്തോടൊപ്പം ദൈവിക വെളിപാടുകൾ നൽകപ്പെട്ട ചരിത്ര-സാമൂഹിക പശ്ചാത്തലങ്ങളും, അവ രൂപപ്പെട്ട ഭാഷാ-സാഹിത്യശൈലികളും അറിയേണ്ടതുണ്ട്. വിശ്വാസാനുഭവം കൈമാറുന്നതിനുവേണ്ടി എഴുതപ്പെട്ടവയായതു കൊണ്ട് വിശ്വാസത്തോടെ വേണം വിശുദ്ധ ബൈബിൾ പഠിക്കാനും വ്യാഖ്യാനിക്കാനും.

വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിന് സഭയ്ക്ക് തനതായ രീതികൾ ഉണ്ട്. വിശുദ്ധഗ്രന്ഥത്തിന്റെ വിവിധങ്ങളായ വ്യാഖ്യാന ശൈലികളെക്കുറിച്ചും വ്യാഖ്യാനത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ഒരു പഠനമാണ് ഈ ലേഖനം.

1. വിശുദ്ധ ഗ്രന്ഥത്തിന്റെ സാമൂഹിക സാഹചര്യങ്ങൾ ‍

ദൈവിക വെളിപാട് സ്വീകരിച്ച ജനത ജീവിച്ചിരുന്നത് അതിപുരാതനങ്ങളായ അസ്സീറിയൻ, ഈജിപ്ത്യൻ, മെസൊപ്പൊട്ടേമിയൻ സംസ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ്. സുമേറിയൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഊർ എന്ന പട്ടണത്തിൽനിന്നു മെസൊപ്പൊട്ടേമിയൻ പട്ടണമായ ഹാരാനിലേക്കു കുടിയേറിയവരായിരുന്നു അബ്രാഹത്തിന്റെ പൂർവികർ. ഹാരാനിൽ നിന്നു ദൈവത്താൽ വിളിക്കപ്പെട്ട അബ്രഹാം കാനാനിലേക്കു യാത്ര ചെയ്യുന്ന സംഭവത്തോടുകൂടിയാണ് ഇസ്രായേൽ ജനതയുടെ ചരിത്രം ആരംഭിക്കുന്നത്. തുടർന്ന് ഇസ്രായേലിന് ഈജിപ്തുദേശത്തു വസിക്കേണ്ടി വന്നു. പിന്നീട് അസീറിയായിലും (ബി.സി. 587) യഹൂദജനം പ്രവാസികളായി തീരുകയും ചെയ്‌തു.

പേർഷ്യൻ രാജാവായ സൈറസിന്റെ സഹായത്തോടെ ബാബിലോണിൽനിന്നു യഹൂദജനം ജറുസലേമിലേക്കു തിരിച്ചു വന്നതോടുകൂടി യഹൂദമതത്തിൽ ശക്തമായ നവീകരണം സംജാതമായി; തത്ഫലമായി തനതായ യഹൂദസംസ്കാരവും വിശ്വാസസംഹിതയും രൂപപ്പെട്ടു. വിവിധ കാലങ്ങളിലും ദേശങ്ങളിലും സാംസ്കാരിക-സാമൂഹിക ചുറ്റുപാടുകളിലുമായി രൂപപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിന് മേൽപ്പറഞ്ഞ സംസ്‌കാരങ്ങളുടെയെല്ലാം സ്വാധീനം ഉണ്ടായിരുന്നു. വിശുദ്ധഗ്രന്ഥം മാനുഷികങ്ങളായ സംസ്‌കാരങ്ങളുടെ ഉൽപന്നം മാത്രമാണ് എന്ന ധാരണയുണ്ടാകരുത്. പരിശുദ്ധ റൂഹായാൽ പ്രചോദിതരായ മനുഷ്യർക്കു ലഭിച്ച ദൈവിക വെളിപാടാണ് വിശുദ്ധഗ്രന്ഥം എന്ന ബോദ്ധ്യത്തോടെ വേണം തിരുലിഖിതങ്ങൾ വ്യാഖ്യാനിക്കാൻ.

2. വിശുദ്ധ പാരമ്പര്യവും വിശുദ്ധ ഗ്രന്ഥവും ‍

മനുഷ്യചരിത്രത്തിലെ ദൈവിക ഇടപെടലുകളും വെളിപ്പെടുത്തലുകളും പൂർണമായി വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എഴുതപ്പെടാത്ത ദൈവിക വെളിപാടുകൾ കൈമാറപ്പെടുന്നത്, അവ സ്വീകരിച്ച സമൂഹങ്ങളുടെ ജീവിതശൈലികളിലൂടെയും വായ്മൊഴികളികളിലൂടെയുമാണ്. ഇതാണു വിശുദ്ധ പാരമ്പര്യം. ലിഖിതരൂപത്തിലുള്ള വിശുദ്ധഗ്രന്ഥത്തിലും തലമുറകളിലൂടെ കൈമാറ്റപ്പെടുന്ന വിശുദ്ധ പാരമ്പര്യത്തിലുമാണ് ദൈവിക വെളിപാടിന്റെ പൂർണത. ഈ സമഗ്രയാഥാർത്ഥ്യത്തെയാണ് 'ദൈവവചനം' എന്നതുകൊണ്ട് സാധാരണ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ദൈവവചന വ്യാഖ്യാനത്തിൽ കത്തോലിക്കാസഭ വിശുദ്ധ ബൈബിളിനും വിശുദ്ധ പാരമ്പര്യത്തിനും തുല്യ പ്രാധാന്യം നൽകുന്നത് (Dei Verbum 9).

3. സഭാപിതാക്കന്മാരുടെ വ്യാഖ്യാനശൈലി ‍

മനുഷ്യനായി അവതരിച്ച ഈശോമിശിഹാതന്നെ എപ്രകാരമാണു പഴയനിയമം വ്യാഖ്യാനിക്കേണ്ടത് എന്നു വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട് (മത്താ 5 -7; ലൂക്കാ 24, 25-27; യോഹ 5, 45-47). മൂശെ മുതലുള്ള എല്ലാ പ്രവാചകന്മാരും തന്നെക്കുറിച്ചാണു പറഞ്ഞിരുന്നത് എന്ന ഉത്ഥിതനായ മിശിഹായുടെ പ്രബോധനമാണ് വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിന്റെ താക്കോൽ (ലൂക്കാ 24, 27). മിശിഹാ തന്നെയാണ് പഴയനിയമത്തിന്റെ പൂർത്തീകരണം. ഈ സത്യം നേരിട്ട് അനുഭവിച്ചറിഞ്ഞ് മിശിഹാകേന്ദ്രീകൃതമായി വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ച ശ്ലീഹന്മാരും അവരുടെ പിൻഗാമികളായ സഭാപിതാക്കന്മാരുമാണ് ദൈവവചന വ്യാഖ്യാനത്തിൽ സഭയ്ക്ക് എന്നും മാതൃക.

ദൃഷ്ടാന്തരൂപത്തിലുള്ള (Allegorical) വ്യാഖ്യാനശൈലിയാണ് സഭാപിതാക്കന്മാർ കൂടുതലായി അവലംബിച്ചത്. ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ സ്വാധീനം ഇപ്രകാരമുള്ള ആഖ്യാനശൈലിയിൽ പ്രകടമാണ്. സഭയുടെ പാരമ്പരാഗതമായുള്ള വ്യാഖ്യാനമനുസരിച്ച് ദൈവവചനത്തിനു മൂന്ന് അർത്ഥങ്ങളുണ്ട്:

(1) ചരിത്രപരം (2) ധാർമികം (3) ആദ്ധ്യാത്‌മികം.

ചരിത്ര-സാംസ്കാരിക പശ്ചാത്തലങ്ങളുടെ വിശകലത്തിലൂടെയാണ് ചരിത്രപരമായ അർത്ഥം കണ്ടെത്താനാവുന്നത്. ധാർമികമായ പ്രവർത്തനങ്ങളിലേക്കു നയിക്കുന്നതാണ് ധാർമികാർത്ഥം. ആദ്ധ്യാത്മീകാർത്ഥമാകട്ടെ, സ്വർഗോന്മുഖമായ ആത്മീയജീവിതം നയിക്കുന്നതിനു സഹായിക്കുന്നതും (കത്തോലിക്കാസഭയുടെ മതബോധനം 115-117).

പിതാക്കന്മാരുടെ വ്യാഖ്യാനശൈലിയുടെ സവിശേഷതകൾ ‍

ദൈവികവെളിപാടിനെ മനുഷ്യജീവിതവുമായി ബന്ധിപ്പിക്കുന്ന വിധത്തിൽ ആദ്ധ്യാത്മികമായ ഒരു വ്യാഖ്യാന ശൈലിയാണ് സഭാപിതാക്കന്മാർ സ്വീകരിച്ചിരുന്നത്. പൗരസ്ത്യ സുറിയാനിസഭാ പിതാക്കന്മാരായ അഫ്രഹാത്ത്, മാർ അപ്രേം എന്നിവരും ഇപ്രകാരമുള്ള ആദ്ധ്യാത്മിക വ്യാഖ്യാനശൈലിയുടെ പ്രയോക്താക്കളായിരുന്നു.

1. പ്രാർത്ഥനാപൂർവ്വം വ്യാഖ്യാനിക്കുക: ‍ ദൈവനിവേശിതമായ വിശുദ്ധഗ്രന്ഥം പ്രാർത്ഥനാപൂർവ്വം കൈകാര്യം ചെയ്യേണ്ടതും പരിശുദ്ധറൂഹായുടെ സഹായത്തോടെ വ്യാഖ്യാനിക്കേണ്ടതുമാണ് എന്ന ബോദ്ധ്യം പിതാക്കന്മാർക്കുണ്ടായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ ചരിത്രപശ്ചാത്തലം കൂടി കണക്കിലെടുത്തു കൊണ്ടാണ് ഇപ്രകാരമുള്ള ആത്മീയവ്യാഖ്യാനങ്ങൾ അവർ നൽകിയിരുന്നത്.

2. സമഗ്രതയിൽ വ്യാഖ്യാനിക്കുക: ‍ വിശുദ്ധ ഗ്രന്ഥത്തെ അതിന്റെ സമ്പൂർണതയിൽ കാണുന്നു എന്നതാണ് സഭാപിതാക്കന്മാരുടെ വ്യാഖ്യാനശൈലിയുടെ സവിശേഷത. പഴയനിയമവും പുതിയനിയമവും പരസ്‌പര പൂരകങ്ങളായി അവർ കണ്ടു. 'പഴയ നിയമത്തിൽ പുതിയനിയമം മറഞ്ഞിരിക്കുന്നു എന്നും പുതിയ നിയമത്തിലൂടെ പഴയനിയമം അതിന്റെ പൂർണതയിൽ വെളിപ്പെടുത്തപ്പെട്ടു' എന്നും സഭാപിതാവായ വിശുദ്ധ ആഗസ്തീനോസ് പഠിപ്പിക്കുന്നുണ്ട്.

3. മിശിഹായെ പഴയനിയമത്തിന്റെ തുടർച്ചയും പൂർത്തീകരണവുമായി കണ്ടു വ്യാഖ്യാനിക്കുക : ‍

പഴയനിയമത്തിന്റെ തുടർച്ചയും പൂർത്തീകരണവുമാണ് പുതിയനിയമം. അത് മനുഷ്യനായവതരിച്ച ഈശോമിശിഹാ തന്നെയാണ്. പഴയനിയമത്തെ മിശിഹാ രഹസ്യത്തിന്റെ മുന്നാസ്വാദനമായി കാണുന്നതിലൂടെ വി. ഗ്രന്ഥത്തെ അതിന്റെ സമഗ്രതയിൽ വ്യാഖ്യാനിക്കാൻ സാധിക്കും. ഇപ്രകാരമുള്ള വ്യാഖ്യാനം വി. ഗ്രന്ഥത്തിന്റെ സത്തയെ അവതരിപ്പിക്കുകയും രക്ഷാകര രഹസ്യങ്ങളെ അനാവൃതമാക്കുകയും ചെയ്യുന്നു.

4. വിശുദ്ധഗ്രന്ഥത്തോടുള്ള ശാസ്ത്രീയ സമീപനം ‍

വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കുന്നതിനുള്ള മറ്റൊരു രീതിയാണ് 'ശാസ്ത്രീയ സമീപനം' (scientific approach) ഇത് വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ്. വിശുദ്ധഗ്രന്ഥരചനയിൽ മനുഷ്യന്റെ സിദ്ധികൾക്കും സാഹചര്യങ്ങൾക്കുമുണ്ടായിരുന്ന പങ്കും സ്വാധീനവും കണക്കിലെടുത്ത്, ശാസ്ത്രീയമായ അപഗ്രഥനം നടത്തിക്കൊണ്ടുവേണം ദൈവവചനം വ്യാഖ്യാനിക്കാൻ. ശാസ്ത്രപുരോഗതിയുടെ ഈ കാലഘട്ടത്തിൽ ലഭ്യമായ എല്ലാ ശാസ്ത്രീയ മാർഗങ്ങളും ബൈബിൾ വ്യാഖ്യാനത്തിന് ഉപയോഗിക്കേണ്ടതാണ്.

ഉദാഹരണമായി, വി. ഗ്രന്ഥത്തിലെ സ്ഥലങ്ങളെയും അവിടെ നടന്ന സംഭവങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിക്കുവാൻ പുരാവസ്‌തു ഗവേഷണങ്ങൾ (archaeological survey) ഉപയോഗപ്രദമാണ്. ബൈബിളിൽ വിവരിക്കപ്പെടുന്ന സ്ഥലങ്ങളുടെയും സംഭവങ്ങളുടെയും ചരിത്രപരത മനസ്സിലാക്കാൻ ഇപ്രകാരമുള്ള ഗവേഷണങ്ങൾ സഹായിക്കും. അതിപുരാതന ജെറിക്കോപട്ടണം. (ജോഷ്വ 6) 3000 വർഷങ്ങൾക്ക് മുമ്പ് എപ്രകാരമായിരുന്നു എന്നു പുരാവസ്‌തു ഗവേഷകന്മാർ നിർണയിച്ചിട്ടുണ്ട്. ഇതുപോലെ മിശിഹായുടെ കാലത്തെ കഫർണാം പട്ടണവും അവിടെയുണ്ടായിരുന്ന സിനഗോഗും പുരാവസ്‌തു ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്രകാരം ശേഖരിക്കുന്ന അറിവുകൾ ഉപയോഗിച്ചായിരിക്കണം വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കേണ്ടത്. വിശുദ്ധ ഗ്രന്ഥരചയിതാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കി അത് എഴുതപ്പെട്ട സാഹചര്യങ്ങളും അതിന്റെ ശൈലിയും അപഗ്രഥിക്കുന്നത് ശാസ്ത്രീയ ആഖ്യാനരീതിയുടെ ഭാഗമാണ്.

പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിൽ ഉയർന്നുവന്ന ചരിത്രാത്മക-വിമർശന / നിരൂപണ വ്യാഖ്യാനരീതി (historical-critical method) അതിന്റെ വ്യത്യസ്‌ത മാർഗങ്ങളോടെ (source criticism, form criticism, redaction criticism) ബൈബിൾ പഠനത്തിന് ഉപയോഗിക്കാം എന്ന തീരുമാനം സത്യത്തോടുള്ള തിരുസഭയുടെ തുറവിയാണ് വെളിവാക്കുന്നത്.

1893-ൽ ലെയോ പതിമൂന്നാമൻ മാർപാപ്പ പുറപ്പെടുവിച്ച 'പ്രൊവിദെന്തീസിമൂസ്' എന്ന ചാക്രികലേഖനവും 1920-ൽ ബനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "സ്പിരീത്തൂസ് പാരക്ലിത്തൂസ്' എന്ന ചാക്രികലേഖനവും 1943-ൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പാ എഴുതിയ 'ദിവീനോ അഫ്ളാന്തേ സ്പിരിത്തു' എന്ന ചാക്രികലേഖനവും വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിൽ ശാസ്ത്രീയരീതികൾ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു.

രണ്ടാം വത്തിക്കാൻ സൂനഹദോസിലെ 'ദേയി വെർബും' എന്ന പ്രമാണരേഖ (1965) ബൈബിൾ പഠനത്തിൽ ചരിത്രപരവും വിമർശനാത്മകവുമായ ഗവേഷണ പഠനങ്ങൾക്കുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞു (Dei Verbum 12). 1993-ൽ പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച 'ബൈബിൾ വ്യഖ്യാനം തിരുസഭയിൽ' (Interpretation of the Bible in the Church)എന്ന രേഖയും ചരിത്രാത്മക-വിമർശന വ്യഖ്യാനരീതിയുടെ അനിവാര്യത വ്യക്തമാക്കി. 2010-ൽ ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ പുറപ്പെടുവിച്ച 'വെർബും ദോമിനി' (Verbum Domini) എന്ന ശ്ലൈഹിക പ്രബോധനവും വിശുദ്ധഗ്രന്ഥത്തെ ശാസ്ത്രീയമായി സമീപിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട് (Verbum Domini 32).

5. വചന വ്യാഖ്യാനം സഭയുടെ അധികാരം ‍

വിശുദ്ധഗ്രന്ഥത്തിലെ പഴയനിയമഗ്രന്ഥങ്ങൾ രൂപപ്പെട്ടതും വളർന്നതും ഇസ്രായേൽ ജനതയിലൂടെയാണ്. അതിന്റെ പൂർത്തീകരണമായ പുതിയനിയമമാകട്ടെ, സഭയിലൂടെയും. അതുകൊണ്ടു തന്നെ വിശുദ്ധഗ്രന്ഥത്തെ അതിന്റെ പൂർണതയിൽ വ്യാഖ്യാനിക്കാൻ അധികാരമുള്ളത് സഭയ്ക്കാണ്. തിരുസഭയാണ് വിശുദ്ധഗ്രന്ഥത്തിന്റെ കാവൽക്കാരിയും വ്യാഖ്യാതാവും (Verbum Domini 29). സഭയുടെ പ്രബോധനാധികാര പരിധിയിലാണ് വിശുദ്ധഗ്രന്ഥത്തിന്റെ ആധികാരിക വ്യാഖ്യാനം.

മേൽവിവരിച്ച രീതിയിലുള്ള ഒരു വ്യാഖ്യാനശൈലിയോ സത്യത്തിലേക്കുള്ള തുറവിയോ ഇസ്ലാം മതഗ്രന്ഥ വ്യാഖ്യാനത്തിൽ ഇല്ല.

ഉപസംഹാരം

ദൈവിക വെളിപ്പെടുത്തലുകളുടെ എഴുതപ്പെട്ട രൂപമായ വിശുദ്ധ ബൈബിൾ രൂപംകൊണ്ടത് പരിശുദ്ധ റൂഹായുടെയും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യവ്യക്തികളുടെയും പ്രവർത്തനഫലമായാണ്. ദൈവിക വെളിപാടുകൾ നല്കപ്പെട്ടതും അവ ലിഖിതരൂപത്തിലായതും മനുഷ്യചരിത്രത്തിലെ വ്യത്യസ്‌ത കാലങ്ങളിലും ദേശങ്ങളിലും സംസ്‌കാരങ്ങളിലുമാണ്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വ്യാഖ്യാനത്തിലൂടെ മാത്രമേ വിശുദ്ധഗ്രന്ഥത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനാവൂ.

സഹായകഗ്രന്ഥങ്ങൾ:

1. Benedict XVI, Verbum Domini: The Word of God in the Life and Mission of the Church, Vatican 2010.

2. Flannery Austin (ed.), “Dogmatic Constitution on Divine Revelation”, Vatican Council II: The conciliar and Post Conciliar Documents, Bombay 1995, 663-675.

3. Fitzmyer J.A., The Biblical Commission’s Document: The Interpretation of the Bible in the Church: Text and Commentary, Roma 1995, 35.

4. First H.-Geiger G., Terra Santa, Jerusalem, 2017.

5. Lossky Fitzmyer J.A., The Biblical Commission’s Document: The Interpretation of the Bible in the Church: Text and Commentary (Subsidia Biblica 18) Roma 1995, 35., “Tradition and Traditions”, The Meaning of the Icons, Ouspensky L., Lossky V. (eds), Crestwood 1999, 9-22.

6. Ramelli Ilaria L.E., “Patristic Exegesis: Relevance to contemporary Biblical Hermeneutics”, Religion and Theology 22 (2015), 100-132.

(''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤ ➤➤➤ (തുടരും...) ➤➤➤

ഈ ലേഖനപരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

More Archives >>

Page 1 of 880