India - 2024

തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം നാളെ മുതൽ

പ്രവാചകശബ്ദം 27-09-2023 - Wednesday

തക്കല: കന്യാകുമാരി മുതൽ മധുര വരെ ഒൻപതുജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭയുടെ തമിഴ്നാട്ടിലെ മിഷൻ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം നാളെ മുതൽ. 30 വരെ രൂപതയുടെ സംഗമം അനിമേഷൻ സെന്ററിൽ നടക്കും. രൂപതയായി മാറിയതിനു ശേഷം 26 വർഷം പിന്നിടുന്ന വേളയിൽ നടത്തുന്ന ആദ്യത്തെ മഹാസമ്മേളനമാണിത്. 2024ൽ നടക്കാനിരിക്കുന്ന സീറോ മലബാർ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് ഈ മഹാ സമ്മളനം നടത്തുന്നത്. 28നു രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. തുടർന്ന് മൂന്നു ദിവസങ്ങളിലായി വൈദികരിൽ നിന്നും സന്യസ്തരിൽനിന്നും അല്‍മായരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 75 പ്രതിനിധികൾ മൂന്നു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. മാർ പോളി കണ്ണൂക്കാടൻ, പാളയംകോട്ട ബിഷപ്പ് ഡോ. അന്തോനിസാമി ശബരിമുത്തു, മാർത്താണ്ഡം ബിഷപ്പ് വിൻസെന്റ് മാർ പൗലോസ്, കോട്ടാർ ബിഷപ്പ് ഡോ. നസൻ സൂസൈ തുടങ്ങിയ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു ചർച്ച നടത്തും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

വികാരി ജനറാൾ ഫാ. തോമസ് പവ്വത്തുപറമ്പിൽ സമ്മേളനത്തിന്റെ ജനറൽ കൺവീനറും ചാൻസലർ ഫാ. ജോഷി കുളത്തിങ്കൽ സെക്രട്ടറിയും ഫാ. ജോസഫ് സന്തോഷ്, ഫാ. സാജൻ, ഫാ. ആന്റണി ജോസ്, ഫാ. അനിൽ രാജ്, ഫാ. അഭിലാഷ് സേവ്യർ രാജ്, സിസ്റ്റർ ജെസി തെരേസ്, ജോൺ കുമരിത്തോഴൻ, ഷോണിക് റീഗൻ എന്നിവർ കൺവീനറുമായ കമ്മറ്റിയാണ് സമ്മളനത്തിനു ചുക്കാൻപിടിക്കുന്നത്.


Related Articles »