India - 2025

കുട്ടനാടിന്റെ പുനര്‍ നിര്‍മ്മിതിക്കു തക്കല രൂപതയുടെ കാരുണ്യ ഹസ്തം

സ്വന്തം ലേഖകന്‍ 29-12-2018 - Saturday

ചങ്ങനാശേരി: പ്രളയത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട കുട്ടനാടിന്റെ പുനര്‍ നിര്‍മ്മിതിക്കു കാരുണ്യ ഹസ്തവുമായി തക്കല രൂപത. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നു സമാഹരിച്ച 15 ലക്ഷം രൂപയും തക്കല രൂപതയുടെ കീഴിലുള്ള കന്യാകുമാരി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിധാന്‍ പെണ്‍കള്‍ മുന്നേറ്റ കഴകം അരലക്ഷംവരുന്ന അംഗങ്ങളില്‍നിന്നു സമാഹരിച്ച മുപ്പതു ലക്ഷം രൂപയുമാണ് കുട്ടനാടിന്റെ പുനര്‍ നിര്‍മ്മിതിക്കായി കൈമാറിയത്. തക്കല ബിഷപ് മാര്‍ജോര്‍ജ് രാജേന്ദ്രന്‍ രൂപതയുടെ ഫണ്ടും ശാന്തിധാന്‍ സമാഹരിച്ച ഫണ്ട് ഡയറക്ടര്‍ അഗസ്റ്റിന്‍ തറപ്പേലും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കൈമാറി.

മത്സ്യബന്ധനം ഉള്‍പ്പെടെ ജോലി ചെയ്തു ജീവിക്കുന്നവരാണ് ശാന്തിധാന്‍ സംഘടനയിലുള്ളത്. ഇവര്‍ ജോലിയിലൂടെ മിച്ചംവച്ചാണ് മുപ്പതുലക്ഷം രൂപ സമാഹരിച്ചത്. സുനാമി ആഞ്ഞു വീശി ദുരന്തം നേരിട്ടപ്പോള്‍ ചങ്ങനാശേരി അതിരൂപത സഹായിച്ചതിനു നന്ദി സൂചകമായാണ് ഫണ്ടുമായി എത്തിയതെന്നു സംഘാംഗങ്ങള്‍ പറഞ്ഞു. തക്കല രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ഡെന്‍സി മുണ്ടുനടക്കല്‍, നാഗര്‍കോവില്‍ ഇടവക വികാരി ഫാ.തോമസ് പവ്വത്തുപറന്പില്‍, ശാന്തിധാന്‍ പ്രവര്‍ത്തകരായ പാനിമേരി, എഫ്രേം, ഗബ്രിയേലാല്‍, ലൂര്‍ദ്‌മേരി, വിജയ, മരിയദാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Related Articles »