News - 2025
കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 07-10-2023 - Saturday
വത്തിക്കാന്‍ സിറ്റി: റാഞ്ചി അതിരൂപതയുടെ മുൻ അധ്യക്ഷനും സിബിസിഐ മുൻ പ്രസിഡന്‍റുമായിരുന്ന കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുശോചനം. കര്‍ദ്ദിനാള്‍ ഇന്ത്യയിലെ വിശാലമായ സഭയ്ക്കും അപ്പസ്തോലിക സിംഹാസനത്തിനും നൽകിയ സംഭാവനകളും നന്ദിയോടെ സ്മരിക്കുകയാണെന്ന് പാപ്പ ടെലിഗ്രാം സന്ദേശത്തില്‍ കുറിച്ചു. സുവിശേഷം പ്രചരിപ്പിക്കാനുള്ള തീക്ഷ്ണത, വിശുദ്ധ കുർബാനയോടുള്ള ഭക്തി, ദരിദ്രരുടെയും ആവശ്യമുള്ളവരുടെയും ഇടയില്‍ ഉദാരമായ അജപാലന പരിപാലനം എന്നിവയാൽ അദ്ദേഹത്തിന്റെ സേവനം എപ്പോഴും അടയാളപ്പെടുത്തിയിരുന്നുവെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു.
പുനരുത്ഥാനത്തിന്റെ ഉറപ്പുള്ള പ്രത്യാശയിൽ കർദ്ദിനാൾ ടോപ്പോയുടെ വേർപാടിൽ വിലപിക്കുന്ന എല്ലാവരോടും, കർത്താവിലുള്ള ആശ്വാസവും സമാധാനവും പ്രാര്‍ത്ഥനയായി ഹൃദയപൂർവം അറിയിക്കുകയാണെന്നും പാപ്പ പറഞ്ഞു. നോർത്തേൺ മിഷൻ ഏരിയയിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോ. 1984-ൽ റാഞ്ചിയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ടോപ്പോ 2018-ലാണ് വിരമിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ആശുപത്രിയിലായിരിന്ന കര്‍ദ്ദിനാള്‍ ഇക്കഴിഞ്ഞ നാലാം തീയതിയാണ് അന്തരിച്ചത്. വരുന്ന ബുധനാഴ്ച ഉച്ചയ്ക്ക് 01 മണിക്ക് റാഞ്ചി സെന്റ് മേരീസ് കത്തീഡ്രലില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും.
