News - 2024

റാഞ്ചി അതിരൂപത അദ്ധ്യക്ഷനായി ഡോ. ഫെലിക്‌സ് ടോപ്പോയെ നിയമിച്ചു

സ്വന്തം ലേഖകന്‍ 25-06-2018 - Monday

ന്യൂഡല്‍ഹി: റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി ഡോ. ഫെലിക്‌സ് ടോപ്പോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍പാപ്പയുടെ നിയമന ഉത്തരവ് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വത്തിക്കാനിലും ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്തും റാഞ്ചി അതിരൂപത ആസ്ഥാനത്തും വായിച്ചു. ഈശോ സഭാംഗമായ ഡോ. ഫെലിക്‌സ് ടോപ്പോ ജംഷഡ്പൂര്‍ ബിഷപ്പായി സേവനം ചെയ്തു വരികയായിരിന്നു.

1947 നവംബര്‍ 21നു ഗുംല രൂപതയിലെ ടോങ്കോയിലാണ് അദ്ദേഹം ജനിച്ചത്. 1968-ൽ ജെസ്യുട്ട് സഭയിൽ പ്രവേശിച്ചു വൈദിക പഠനം ആരംഭിച്ചു. 1982 ഏപ്രില്‍ 14നാണ് വൈദികനാകുന്നത്. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ജെസ്യൂട്ട് കോണ്‍ഗ്രിഗേഷനില്‍ പ്രിനൊവിസസ് ഡയറക്ടര്‍, നൊവീസ് മാസ്റ്റര്‍ ആന്‍ഡ് സുപ്പീരിയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1997 ജൂണ്‍ 14നു ജംഷഡ്പൂര്‍ രൂപത അധ്യക്ഷനായി ചുമതലയേല്‍ക്കുകയായിരിന്നു.

സിബിസിഐ ക്ലര്‍ജി ആന്‍ഡ് റിലിജിയസ് വിഭാഗം ചെയര്‍മാന്‍, സിബിസിഐ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍, ഝാന്‍ (JHAAN) റീജണല്‍ ബിഷപ്പ്സ് കൗണ്‍സി‍ല്‍ ചെയര്‍മാന്‍, റാഞ്ചി സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് ചാന്‍സലര്‍, പദവികളും വഹിച്ചിട്ടുണ്ട്. പുരോഹിതനായി 36 വർഷം പിന്നിട്ട് നില്‍ക്കുമ്പോഴാണ് ഡോ. ഫെലിക്‌സ് ടോപ്പോയ്ക്കു പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്.


Related Articles »