News - 2024

ഇസ്രായേലിലെയും ഗാസയിലെയും അക്രമങ്ങൾ അവസാനിപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 08-10-2023 - Sunday

വത്തിക്കാന്‍ സിറ്റി: ഇസ്രായേലിലെയും ഗാസയിലെയും അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫ്രാൻസിസ് പാപ്പ. ഇന്ന് ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള പ്രതിവാര സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ല, മറിച്ച് നിരപരാധികളായ ജനങ്ങൾക്ക് കൂടുതൽ ദുരിതങ്ങളും മരണവും മാത്രമേ നൽകൂവെന്നും ഇസ്രായേലിലെയും ഗാസയിലെയും ആക്രമണങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.

"ഇസ്രായേലിൽ സംഭവിക്കുന്നത് ആശങ്കയോടെയും ദുഃഖത്തോടെയുമാണ് പിന്തുടരുന്നത്. ഇരകളുടെ ബന്ധുക്കളോട് ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു, ഭീകരതയും വേദനയും അനുഭവിക്കുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കുകയാണ്. ദയവായി ആക്രമണങ്ങളും ആയുധങ്ങളുടെ ഉപയോഗവും നിർത്തട്ടെ, കാരണം തീവ്രവാദവും യുദ്ധവും പരിഹാരങ്ങളൊന്നും കൊണ്ടുവരുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടുകൾക്കും മാത്രമേ കാരണമാകുകയുള്ളൂവെന്ന് മനസ്സിലാക്കണം. യുദ്ധം ഒരു പരാജയമാണ്, എല്ലാ യുദ്ധങ്ങളും പരാജയമാണ്. ഇസ്രയേലിലും പലസ്തീനിലും സമാധാനമുണ്ടാകാന്‍ നമുക്ക് പ്രാർത്ഥിക്കാം”. പാപ്പ പറഞ്ഞു.

ഇന്നലെ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് തീവ്രവാദികള്‍ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണമായിരിന്നു. രാജ്യത്തു അധിനിവേശം നടത്തിയ തീവ്രവാദികള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് കൂട്ട വെടിവെയ്പ്പ് നടത്തുകയായിരിന്നു. പാലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത ഷാനി ലൂക് എന്ന ഇസ്രയേൽ–ജർമൻ പൗരത്വമുള്ള യുവതിയെ ഹമാസ് തീവ്രവാദികള്‍ നഗ്നയാക്കി തുപ്പുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരിന്നു. അതേസമയം ഇസ്രായേലിലും പാലസ്തീനിലും നൂറുകണക്കിനാളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്.


Related Articles »