News - 2024

ഗാസയിലെ ക്രൈസ്തവ ദേവാലയം ആക്രമിക്കപ്പെട്ടതില്‍ ദുഃഖം പങ്കുവെച്ച് സഭ

പ്രവാചകശബ്ദം 23-10-2023 - Monday

ഗാസ: ഇസ്രായേലി വ്യോമാക്രമണത്തില്‍ ഗാസയിലെ സെന്റ്‌ പോര്‍ഫിരിയൂസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ പ്രതിഷേധം. ആക്രമണത്തെ അപലപിച്ചുകൊണ്ട് ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ദേവാലയമല്ലായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ദേവാലയത്തിനടുത്തുള്ള ഹമാസ് കമാന്‍ഡ് സെന്ററായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇസ്രായേലി സേന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തകർന്ന കെട്ടിടം പള്ളിയുടെ കോമ്പൗണ്ടിന്റെ ഭാഗമാണെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി പേര്‍ക്ക് കാര്യമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ബത്‌ലഹേമിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കേറ്റിലെ ഫാ. ഈസ മുസ്‌ലെ പറഞ്ഞു. ക്രൈസ്തവ ദേവാലയമായതിനാല്‍ അവിടെയുള്ള ഇസ്ലാം മതസ്ഥരും ക്രൈസ്തവരും സുരക്ഷിതരായിരിക്കുമെന്ന് കരുതി. പള്ളിയായതിനാൽ, അത് ഇസ്രായേൽ ബോംബിടുമെന്ന് അവർ കരുതിയിരുന്നില്ലായെന്നും ഫാ. ഈസ കൂട്ടിച്ചേര്‍ത്തു.

ദേവാലയം ആക്രമിക്കപ്പെട്ടതില്‍ ജെറുസലേമിലെ ലത്തീന്‍ സഭാതലവനായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലായും ദുഃഖം പങ്കുവെച്ചു. വളരെ വലിയ ദുഃഖത്തിലാണ് ജീവിക്കുന്നതെന്നും വളരെക്കാലമായി സഹിച്ചു കഴിയുന്ന ആ കുടുംബങ്ങളുടെ വേദന ഏറെ വലുതാണെന്നും തങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയില്‍ അഭയം തേടിയിരിക്കുന്ന അഞ്ഞൂറോളം ആളുകളുടെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


Related Articles »