News - 2024

വിശുദ്ധരും പാപികളുമടങ്ങുന്ന സമൂഹമാണ് സഭ: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 27-10-2023 - Friday

വത്തിക്കാന്‍ സിറ്റി: ദൈവത്താൽ ഒരുമിച്ച് കൂട്ടപ്പെട്ടതും വിളിക്കപ്പെട്ടതുമായ ഒരു സമൂഹമായാണ് താൻ സഭയെക്കുറിച്ച് ചിന്തിക്കുന്നതെന്നും വിശുദ്ധരും പാപികളുമടങ്ങുന്ന സമൂഹമാണ് സഭയെന്നും ഫ്രാൻസിസ് പാപ്പ. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനത്തിൽ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് വിശുദ്ധരുടെയും പാപികളുടെയും ഒരു കൂട്ടായ്‌മയാണ്‌. തന്റെ ഭൂമിയിലെ ജീവിതകാലത്ത് നിലനിന്നിരുന്ന പൊതുവായ മോഡലുകൾ ഒന്നുമല്ല ക്രിസ്തു സഭയ്ക്കായി എടുക്കുന്നത്. മറിച്ച് ദൈവജനമായ ഇസ്രയേലിന്റെ മാതൃകയാണ്: "നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും" എന്ന തത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമാണതെന്നും പാപ്പ പറഞ്ഞു.

ലാളിത്യവും എളിമയുമുള്ള ആളുകൾ നിറഞ്ഞ ഒരു സഭയെക്കുറിച്ചാണ് താൻ ചിന്തിക്കുന്നത്. എന്നാൽ ദൈവജനത്തെ ചില ആശയങ്ങളിലേക്ക് ഒതുക്കുന്ന ചിന്താരീതികളെക്കാൾ, വിശുദ്ധരും വിശ്വസ്തരും, പാപികളുമായ ആളുകൾ ചേരുന്ന ദൈവജനമെന്നാണ് താൻ ഉദ്ദേശിക്കുന്നത്. വിശ്വാസ സമൂഹത്തിന് ഒരു ആത്മാവുണ്ട്. അതുകൊണ്ടുതന്നെ ദൈവജനതയുടെ ആത്മാവിനെക്കുറിച്ച്, അവർ യാഥാർഥ്യങ്ങളെ കാണുന്ന രീതിയെക്കുറിച്ച്, മനഃസാക്ഷിയെക്കുറിച്ച് നമുക്ക് സംസാരിക്കാൻ സാധിക്കും. നമ്മുടെ ജനത്തിന് തങ്ങളുടെ അന്തസ്സിനെക്കുറിച്ചും, മക്കളെ സ്നാനപ്പെടുത്തുന്നതിനെക്കുറിച്ചും, തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുന്നതിനെക്കുറിച്ചുമൊക്ക ബോധ്യമുണ്ട്.

സഭാധികാരികൾ ഈ ദൈവജനത്തിൽ നിന്നാണ് വരുന്നത്. സഭാനേതൃത്വം തങ്ങളുടെ സേവനരംഗത്ത് ദൈവജനത്തോട് മോശമായി പെരുമാറുമ്പോൾ, അവർ പൗരുഷഭാവത്തോടെയും ഏകാധിപത്യമനോഭാവത്തോടെയും സഭയുടെ മുഖം വികൃതമാക്കുകയാണ്. ഒരു സൂപ്പർ മാർക്കറ്റിലെന്നപോലെ സഭാസേവനങ്ങൾക്കുള്ള വിലവിവരപ്പട്ടിക ചില ഇടവക ഓഫീസുകളിൽ എഴുതിയിട്ടിരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്നും പാപ്പ പറഞ്ഞു.

ഒന്നുകിൽ പാപികളും വിശുദ്ധരുമടങ്ങുന്ന ഒരു സമൂഹമാണ് സഭ, അല്ലെങ്കിൽ അത്, ചില സേവനങ്ങൾ നൽകുന്ന ഒരു ബിസിനസ് സ്ഥാപനമായി മാറുന്നു. സഭാശുശ്രൂഷകർ ഇതിൽ രണ്ടാമത്തെ പാത സ്വീകരിക്കുമ്പോൾ, സഭ രക്ഷയുടെ ഒരു സൂപ്പർ മാർക്കറ്റായി മാറുകയും, വൈദികർ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ജോലിക്കാരായി മാറുകയും ചെയ്യുന്നു. പൗരോഹിത്യ മേധാവിത്വമനോഭാവം സങ്കടകരവും അപമാനകാരവുമായ രീതിയിൽ ഇതിലേക്കാണ് നമ്മെ നയിക്കുന്നത്. പൗരോഹിത്യ മേധാവിത്വ മനോഭാവം ഒരു ചാട്ടവാറാണ്. അത് കർത്താവിന്റെ മണവാട്ടിയുടെ മുഖം വികൃതമാക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.


Related Articles »