News - 2025
ഷെവലിയാര്‍ സിറില്‍ ജോണ്‍ കാരിസ് ഇന്റര്‍നാഷ്ണലിലെ ഇന്ത്യന്‍ പ്രതിനിധി
പ്രവാചകശബ്ദം 02-11-2023 - Thursday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിക്കുന്ന കാരിസ് ഇന്റര്‍നാഷണല്‍ സര്‍വീസ് കമ്മ്യൂണിയന് പുതിയ നേതൃത്വം. മലയാളിയായ ഷെവലിയാര്‍ സിറില്‍ ജോണ്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ്. വത്തിക്കാനിലെ മരിയ മാതര്‍ എക്ലേസിയായില്‍വെച്ചു നടന്ന തിരഞ്ഞെടുപ്പില്‍ അര്‍ജന്റീനയില്‍നിന്നുള്ള പിനോ സ്‌കാഫുറോ പുതിയ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ദിനാള്‍ റാനിയേരോ കാന്റലമെസയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. നാല് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
കുറവിലങ്ങാട്, തുണ്ടത്തില്‍ കുടുംബാംഗമായ സിറില്‍ ജോണ്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെ ദ്വാരകയിലാണ് താമസിക്കുന്നത്. കുറവിലങ്ങാട് സ്വദേശിയായ സിറിൽ ജോൺ ലോക്സഭാ സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയും ചീഫ് ഓഫ് പ്രോട്ടോക്കോളുമായിരുന്നു. ഡൽഹി അതിരൂപതയുടെ റിന്യൂവൽ ചെയർമാനും ഇന്ത്യൻ നാഷനൽ സർവീസ് ടീം ചെയർമാനുമായിരുന്നു. ഷെവലിയാര്‍ സിറില്‍ ജോണ്‍ വര്‍ഷങ്ങളായി ഇന്ത്യയിലെ നവീകരണ മുന്നേറ്റത്തിന്റെ നേതൃനിരയിലുണ്ട്.
അല്‍മായരുടെയും, കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് കൗണ്‍സിലിനെ നയിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശപ്രകാരമാണ് 'കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്‍റര്‍നാഷണല്‍ സര്‍വീസ്' എന്ന കാരിസിനു രൂപം നല്‍കിയത്. കാരിസിനു കരിസ്മാറ്റിക് സമൂഹങ്ങള്‍ക്കു മേല്‍ നിയമപരമായ അധികാരമൊന്നുമില്ല. കരിസ്മാറ്റിക് നവീകരണരംഗത്തെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുകയും പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയുമാണ് കാരിസിന്‍റെ ലക്ഷ്യം.