News - 2024

വൈദികരുടെ മോചനത്തിനായി ഇതിനോടകം ചെലവിട്ടത് ലക്ഷങ്ങള്‍; വെളിപ്പെടുത്തലുമായി നൈജീരിയന്‍ മെത്രാന്‍

പ്രവാചകശബ്ദം 07-11-2023 - Tuesday

അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സായുധധാരികളാല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരുടെയും, സെമിനാരി വിദ്യാര്‍ത്ഥികളുടെയും മോചനത്തിനായി ലക്ഷകണക്കിന് നൈജീരിയന്‍ നൈറ ചെലവഴിച്ചുകഴിഞ്ഞുവെന്ന് നൈജീരിയന്‍ മെത്രാന്‍. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മാത്രം മൂന്നു കോടിയിലധികം നൈറ (ഏതാണ്ട് 37,200 ഡോളര്‍) മോചനത്തിനായി മാറ്റിയെന്നു നൈജീരിയയിലെ സൊകോട്ടോ രൂപത മെത്രാന്‍ മാത്യു ഹസ്സന്‍ കുക്ക ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ പങ്കാളിയായ ‘എ.സി.ഐ ആഫ്രിക്ക’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിവിധ തീവ്രവാദി സംഘടനകളും, സായുധ സംഘങ്ങളും തട്ടിക്കൊണ്ടുപോയ വൈദികരുടെയും, അജപാലക പ്രവര്‍ത്തകരുടെയും മോചനത്തിനായാണ് ഇതില്‍ ഭൂരിഭാഗവും ചെലവഴിച്ചിരിക്കുന്നതെന്നും മെത്രാന്‍ പറഞ്ഞു.

“സൊകോട്ടോയില്‍ ഞങ്ങള്‍ക്ക് പലതും സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. സഹപാഠികളായ മുസ്ലീങ്ങള്‍ കല്ലെറിഞ്ഞും, മര്‍ദ്ദിച്ചും ഒടുവില്‍ ചുട്ടെരിച്ച ക്രൈസ്തവ വിശ്വാസിയായ ദെബോറ ഇമ്മാനുവലിന്റെ കൊലപാതകത്തെ തുടര്‍ന്നു ഞങ്ങളുടെ കത്തീഡ്രല്‍ അഗ്നിക്കിരയായി, എന്റെ വൈദികര്‍ മരണത്തിന്റെ വക്കിലെത്തി''. സെമിനാരി വിദ്യാര്‍ത്ഥിയെയും, വൈദികനെയും തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ബിഷപ്പ് കുക്ക പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് വേണ്ട പിന്തുണ പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ല. ''നിങ്ങളെ ഏതെങ്കിലും രീതിയില്‍ സഹായിക്കണോ, നിങ്ങള്‍ സുരക്ഷിതരാണോ?” എന്ന് രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നും ആരും തന്നെ വിളിച്ച് പറഞ്ഞതായി തനിക്കോര്‍മ്മയില്ലെന്നും മെത്രാന്‍ വെളിപ്പെടുത്തി. “നമ്മള്‍ എല്ലാവരും ഒരേ ശരീരത്തിന്റെ വിവിധ അവയവങ്ങളാണ്, ഒരു അവയവത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ശരീരത്തിനും വേദനിക്കും. പക്ഷേ വടക്കന്‍ നൈജീരിയയില്‍ ഞങ്ങള്‍ ഒറ്റപ്പെട്ട പ്രതീതിയാണ്''.

വടക്കന്‍ നൈജീരിയക്ക് പുറത്ത് ആഡംബരത്തില്‍ കഴിയുന്ന നമ്മുടെ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ പോലും ഞങ്ങളില്‍ താല്‍പര്യം കാണിക്കാത്തതാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആവിര്‍ഭാവത്തോടെ നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഗണ്യമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മോചനദ്രവ്യത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകള്‍ പതിവ് സംഭവങ്ങളായി മാറിയിരിക്കുകയാണെന്നും ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു.


Related Articles »