News

ബെനഡിക്ട് പാപ്പയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റാറ്റ്സിംഗര്‍ പുരസ്കാരം സ്പാനിഷ് ദൈവശാസ്ത്രജ്ഞര്‍ക്ക്

പ്രവാചകശബ്ദം 16-11-2023 - Thursday

വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്ര മേഖലയിലെ പഠനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന പണ്ഡിതര്‍ക്ക് ജോസഫ് റാറ്റ്സിംഗര്‍- പോപ്‌ ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഉന്നത പുരസ്കാരം പ്രഖ്യാപിച്ചു. റാറ്റ്സിംഗര്‍ പുരസ്കാരം എന്ന പേരില്‍ പ്രസിദ്ധമായ പുരസ്ക്കാരത്തിന് രണ്ട് സ്പാനിഷ് ദൈവശാസ്ത്രജ്ഞരാണ് ഇത്തവണ അര്‍ഹരായിരിക്കുന്നത്. അന്‍പത്തിയൊന്‍പതുകാരനായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും, അന്‍പത്തിയാറുകാരനായ ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോയുമാണ്‌ 2023 റാറ്റ്സിംഗര്‍ പുരസ്കാര ജേതാക്കള്‍. ബെനഡിക്ട് പാപ്പയുടെ മരണത്തിന് ശേഷമുള്ള ആദ്യ പുരസ്ക്കാരമെന്ന പ്രത്യേകത ഇത്തവണയുണ്ട്.

നവംബര്‍ 3നു അവാര്‍ഡ് ജേതാക്കളെ റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിക്കുകയായിരിന്നു. ‘ഓപുസ് ദേയി’യുമായി ബന്ധപ്പെട്ട നവാരാ സര്‍വ്വകലാശാല പ്രൊഫസ്സറായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോ അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ജീവചരിത്രം ഉള്‍പ്പെടെ ഒരുപാട് രചനകള്‍ നടത്തിയിട്ടുണ്ട്. ബെനഡിക്ട് പതിനാറാമന്റെ രചനകള്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിരുന്ന എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ ഇദ്ദേഹവും അംഗമായിരുന്നു. എക്യുമെനിസം, കൗദാശിക ദൈവശാസ്ത്രം, പ്രേഷിതത്വം എന്നീ വിഷയങ്ങളാണ് ഫാ. ബ്ലാങ്കോ-സാര്‍ട്ടോ പഠിപ്പിക്കുന്നത്.

ബാഴ്സിലോണയിലെ റാമോണ്‍ ല്ലുള്‍ സര്‍വ്വകലാശാല പ്രൊഫസറായ ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോ നൂറിലധികം പുസ്തകങ്ങള്‍ എഴുതിയ വ്യക്തിയാണ്. ദാര്‍ശനിക നരവംശശാസ്ത്രത്തിലും, ധാര്‍മ്മികതയിലുമാണ് റോസെല്ലോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവാഹിതനായ അദ്ദേഹത്തിന് 5 മക്കളുണ്ട്. ഫ്രാന്‍സിസ് പാപ്പ നേരിട്ട് അവാര്‍ഡ് സമ്മാനിക്കുകയാണ് പതിവെങ്കിലും ഇക്കൊല്ലം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനായിരിക്കും അവാര്‍ഡ് സമ്മാനിക്കുക. നംവംബര്‍ 30-നാണ് അവാര്‍ഡ് ദാനം.

1958-1977 കാലയളവില്‍ ജര്‍മ്മനിയില്‍ ദൈവശാസ്ത്ര പ്രൊഫസറായി സേവനം ചെയ്യവേ ബെനഡിക്ട് പതിനാറാമന്‍ പഠിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 2007-ല്‍ തുടങ്ങിയതാണ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍. 'ദൈവശാസ്ത്രത്തിലെ നോബല്‍ പ്രൈസ്' എന്ന്‍ വിശേഷിപ്പിച്ചിട്ടുള്ള ഈ പുരസ്കാരം 2011 മുതല്‍ വര്‍ഷംതോറും രണ്ടോ മൂന്നോ വ്യക്തികള്‍ക്കാണ് നല്‍കിവരുന്നത്. ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും, ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോയും ഉള്‍പ്പെടെ 28 പേര്‍ക്കാണ് ഇതിനോടകം അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. കത്തോലിക്കര്‍ക്ക് പുറമേ, ഒരു ആംഗ്ലിക്കന്‍ ബൈബിള്‍ പണ്ഡിതനും, ഒരു ലൂഥറന്‍ ദൈവശാസ്ത്രജ്ഞനും, എസ്റ്റോണിയയില്‍ നിന്നുള്ള പൗരസ്ത്യ ഓര്‍ത്തോഡോക്സ് സംഗീത വിദ്വാനും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Tag: First Ratzinger Prize winners since Pope Benedict's death go to two Spanish theologians, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 906