News

ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വികാരഭരിതനായി ഭാര്യയെയും മകളെയും നഷ്ട്ടപ്പെട്ട ആഫ്രിക്കന്‍ അഭയാര്‍ത്ഥി

പ്രവാചകശബ്ദം 21-11-2023 - Tuesday

വത്തിക്കാന്‍ സിറ്റി: ടുണീഷ്യയിൽ നിന്നുള്ള പലായന മധ്യേ മരുഭൂമി കടക്കുന്നതിനിടെ ഭാര്യയെയും ആറ് വയസ്സുള്ള മകളെയും നഷ്ട്ടപ്പെട്ട ആഫ്രിക്കൻ അഭയാര്‍ത്ഥിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. നവംബർ 17 വെള്ളിയാഴ്ച വത്തിക്കാൻ സിറ്റിയിലെ പേപ്പല്‍ വസതിയായ സാന്താ മാർട്ടയിൽ നടന്ന കൂടിക്കാഴ്ചയിൽ, മുപ്പതുകാരനായ എംബെംഗു നിംബിലോ ക്രെപിനാണ് തന്റെ സങ്കടക്കഥ കണ്ണീരോടെ പങ്കുവെച്ചത്. യഥാർത്ഥത്തിൽ കാമറൂണിൽ നിന്നുള്ള വ്യക്തിയാണ് ക്രെപിൻ. എന്നാൽ കാമറൂണിലെ ആംഗ്ലോഫോൺ പ്രതിസന്ധിയുടെ അക്രമത്തിനിടയിൽ തന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യം വിടാൻ തീരുമാനിക്കുകയായിരിന്നു.

2016 ൽ ലിബിയയിലെ കുടിയേറ്റ ക്യാമ്പിൽ താമസിക്കുമ്പോൾ, ഐവറി കോസ്റ്റിൽ നിന്നുള്ള മാറ്റില എന്ന യുവതിയെ കണ്ടുമുട്ടി. അവർ രണ്ടുപേരും മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ അഞ്ച് തവണ ശ്രമിച്ചു. മാറ്റില ഗർഭിണിയായിരിക്കുമ്പോൾ, ഓരോ തവണയും അവരുടെ ശ്രമങ്ങൾ പരാജയപ്പെടുകയായിരിന്നു. പിന്നാലേ അവര്‍ ലിബിയൻ തടങ്കൽ കേന്ദ്രത്തില്‍ അടയ്ക്കപ്പെട്ടു. 2023 ജൂലൈയിൽ, തങ്ങളുടെ മകളായ മേരിക്ക് വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയോടെ ദമ്പതികൾ ടുണീഷ്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അവിടെയെത്തിയപ്പോൾ ഉണ്ടായത് ദുരനുഭവം തന്നെയായിരിന്നു. ടുണീഷ്യൻ പോലീസ് അവരെ മർദ്ദിച്ചു, അവരെ വെള്ളമില്ലാത്ത വിദൂര മരുഭൂമിയിൽ ഉപേക്ഷിച്ചു.

എനിക്ക് ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ഞങ്ങൾ ഒരു മണിക്കൂറെങ്കിലും നടന്നു, എന്റെ ഭാര്യയും മകളും കരയാൻ തുടങ്ങി. ഞാൻ അവരോട് എന്നെ വിട്ടുപോകാൻ ആവശ്യപ്പെട്ടു, കാരണം അവർ താമസിച്ചാൽ അവർ എന്നോടൊപ്പം മരിക്കും, അതിനാൽ മറ്റുള്ളവരെ പിടികൂടി ലിബിയയിൽ പ്രവേശിക്കുന്നതാണ് നല്ലതെന്ന് കരുതിയിരിന്നുവെന്നും ക്രെപിൻ പറഞ്ഞു. രാത്രിയിൽ, സുഡാനീ സ്വദേശികളായ അപരിചിതർ മരുഭൂമിയിൽ കിടന്ന ക്രെപിനിനെ കണ്ടു, വേണ്ട പരിചരണം നല്‍കി. ലിബിയയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മകളും മരുഭൂമിയിൽ മരിച്ച കാര്യം അറിഞ്ഞതെന്ന് നിറകണ്ണുകളോടെ ക്രെപിന്‍ പറയുന്നു. ദാരുണമായ സംഭവകഥ കേട്ട ഫ്രാന്‍സിസ് പാപ്പ തന്റെ പ്രാര്‍ത്ഥന ക്രെപിനെ അറിയിച്ചു.

ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റിന്റെ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മൈക്കൽ സെർണി, മെഡിറ്ററേനിയന്‍ സേവിംഗ് ഹ്യൂമൻസ് ചാപ്ലിൻ ഫാ. മാറ്റിയ ഫെരാരി, ഈ വർഷം ക്രെപിന്റെ ഇറ്റലിയിലേക്കുള്ള വരവ് സുഗമമാക്കാൻ സഹായിച്ച മറ്റ് സംഘടനകളുടെ പ്രതിനിധികളും പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ക്രെപിനു ഒപ്പമുണ്ടായിരിന്നു.

More Archives >>

Page 1 of 908