News

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ചു

പ്രവാചകശബ്ദം 07-12-2023 - Thursday

കൊച്ചി: സീറോ മലബാർ സഭയുടെ മൂന്നാമത്തെ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്നു വിരമിച്ചു. സീറോമലബാർസഭയിൽ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും തന്റെ ആരോഗ്യ സ്ഥിതിയും പരിഗണിച്ചു മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. പൗരസ്ത്യ സഭാ നിയമം, കാനൻ 127 പ്രകാരം പുതിയ മേജർ ആർച്ചു ബിഷപ്പ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കും.

2019-ൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ്പ് സ്ഥാനത്തുനിന്നു വിരമിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവിനു രാജി സമർപ്പിച്ചിരുന്നു. എന്നാൽ സിനഡിന്റെ തീരുമാനപ്രകാരം പരിശുദ്ധ പിതാവ് അന്നു രാജി സ്വീകരിച്ചില്ല. വീണ്ടും 2022 നവംബർ 15നു ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടു പരിശുദ്ധ പിതാവ് നല്കിയ അനുവാദപ്രകാരമാണ് 2023 ഡിസംബർ 7-ാം തിയതി പ്രാബല്യത്തിൽവരുന്നവിധം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തുനിന്നു വിരമിക്കുന്നത്.

സീറോമലബാർസഭയുടെ രണ്ടാമത്തെ കൂരിയ മെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ 1992ലാണു വൈദികനായത്. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽനിന്നു സഭാനിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ശുശ്രൂഷകൾക്കു ശേഷം 2014-ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിൽ വൈസ് ചാൻസലറായി നിയമിതനായി. 2017 നവംബർ 12-നാണു മെത്രാനായി അഭിഷിക്തനായത്. പുതിയ മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു നടക്കുന്ന സിനഡിന്റെ നടത്തിപ്പും സ്ഥാനരോഹണവുമുൾപ്പെടെ സഭയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ പിതാവിൽ നിക്ഷിപ്തമാണ്.

1945 ഏപ്രിൽ 19നാണു കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ ജനനം. 1972 ഡിസംബർ 18ന് ആന്റണി പടിയറ പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. പാരീസിലെ സൊർബോൺ സർവകലാശാലയിൽനിന്നു കാത്തലിക്ക് യൂണിവേഴ്സിറ്റിയിൽനിന്നുമായി ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതൽ ആറു വർഷക്കാലം കെ. സി. ബി. സി. യുടെ ആസ്ഥാനകേന്ദ്രമായ പി. ഒ. സി.യുടെ ഡയറക്ടർ ആയി നിയമിതനായി. തുടർന്നു ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായി. ഇതിനിടയിൽ, വടവാതൂർ സെമിനാരിയിൽ ദൈവശാസ്ത്ര അധ്യാപകനായി പത്തുവർഷത്തോളം സേവനംചെയ്തു.

ചങ്ങനാശ്ശേരി അതിരൂപത പതിറ്റാണ്ടുകൾക്കുമുമ്പു തുടങ്ങിയ തക്കലമിഷൻ കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടത് അന്നു ചങ്ങനാശ്ശേരി വികാരി ജനറാളായിരുന്ന ജോർജ് ആലഞ്ചേരിയച്ചനായിരുന്നു. 1997 ഫെബ്രുവരി 2-ാം തിയതി ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത അദ്ദേഹത്തിനു മെത്രാൻപട്ടം നല്കി. ഒന്നുമില്ലായ്മയിൽ നിന്നെന്നവിധം രൂപതയ്ക്കു അടിസ്ഥാന സൗകര്യങ്ങൾ രൂപപ്പെടുത്തി. ഒരു പിതാവിന്റെ വാൽസല്യവും സഹോദരന്റെ കരുതലും സുഹൃത്തിന്റെ സൗഹൃദവും അവിടത്തെ നാനാജാതിമതസ്ഥരായ ജനങ്ങൾക്കു പകർന്നു നല്കാൻ ആലഞ്ചേരി പിതാവിനു കഴിഞ്ഞു.

2011 ഏപ്രിൽ ഒന്നിന് അന്നത്തെ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ വർക്കി വിതയത്തിൽ കാലം ചെയ്യുമ്പോൾ ജോർജ് ആലഞ്ചേരി സിനഡിന്റെ സെക്രട്ടറിയായിരുന്നു. അഭിവന്ദ്യ വിതയത്തിൽ പിതാവിന്റെ സംസ്കാരകർമങ്ങൾക്കുശേഷം 2011 മെയ് മാസം കൂടിയ സീറോമലബാർമെത്രാൻസിനഡ് സഭയുടെ നേതൃത്വം ഏല്പിച്ചത് അഭിവന്ദ്യ ആലഞ്ചേരി പിതാവിനെയായിരുന്നു. 2011 മെയ് 29ന് സ്ഥാനം ഏറ്റെടുത്തു. മാർ ജോർജ് ആലഞ്ചേരി പിതാവിനെ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ പാപ്പ 2012 ഫെബ്രുവരി 18ന് വത്തിക്കാനിൽ വച്ചു നടന്ന ചടങ്ങിൽ കർദിനാൾ സ്ഥാനത്തേയ്ക്കുയർത്തി. 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കൊൺക്ലേവിൽ അഭിവന്ദ്യ ആലഞ്ചേരി പിതാവു പങ്കെടുത്തു.

മാർ ജോർജ് ആലഞ്ചേരി പിതാവു മേജർ ആർച്ചുബിഷപ്പായതിനുശേഷം സീറോമലബാർസഭയ്ക്കു കൈവന്ന വളർച്ചയും വിപുലീകരണവും ശ്രദ്ധേയമാണ്. ഷംഷാബാദ്, ഹൊസൂർ രൂപതകളുടെ സ്ഥാപനത്തോടെ ഭാരതംമുഴുവനിലും അജപാലനശുശ്രൂഷ ചെയ്യാനുള്ള അവകാശം സീറോമലബാർസഭയ്ക്കു പരിശുദ്ധ പിതാവു നല്കി. സഭയുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ അനുവദിക്കപ്പെട്ടത്. അതുപോലെതന്നെ ഫരീദാബാദ്, മെൽബൺ, മിസ്സിസാഗ, ഗ്രേറ്റ്ബ്രിട്ടൻ എന്നീ രൂപതകളുടെ സ്ഥാപനവും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ നിയമനവും സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെ വിപുലപ്പെടുത്തി. ആഗോളസഭയുടെ കേന്ദ്രമായ റോമിൽ സീറോമലബാർസഭയ്ക്കു സ്വന്തമായി ഒരു ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും പിതാവിന്റെ നേതൃത്വം നിർണ്ണായകമായിരുന്നു. പ്രേഷിതാഭിമുഖ്യത്തിന് ഉതകുന്ന അജപാലനസൗകര്യങ്ങളുടെ വർധനവോടെ സീറോമലബാർസഭയുടെ പ്രേഷിതപ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും സാധിച്ചതിലും പിതാവിന്റെ ശ്രദ്ധയും താൽപര്യവും ഏറെ പ്രകടമായിരുന്നു.

സീറോമലബാർസഭയുടെ വിശുദ്ധ കുർബാനക്രമം നവീകരിക്കുന്നതിലും വിശുദ്ധ കുർബാനയർപ്പണത്തിൽ ഒരു ഏകീകൃതരൂപം നടപ്പിലാക്കുന്നതിലും യാമപ്രാർഥനകൾ നവീകരിക്കുന്നതിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വം സഭാചരിത്രത്തിന്റെ സുവർണ ഏടുകളിൽ രേഖപ്പെടുത്തപ്പെടും.

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് എന്ന നിലയിൽ, 35 രൂപതകളിലും അതിനുപുറത്തുമായി ലോകംമുഴുവൻ വ്യാപിച്ചുകിടക്കുന്ന 50 ലക്ഷത്തിൽപ്പരം സീറോമലബാർ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിർവഹിച്ച പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടി ആയിരുന്നു. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡണ്ട് എന്ന നിലയിൽ പിതാവു സ്തുത്യർഹമായ സേവനം ചെയ്തു. എക്യുമെനിക്കൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ഇന്റർ ചർച്ച് കൗൺസിലിന്റെ പ്രസിഡണ്ട് എന്ന നിലയിൽ പിതാവു ശുശ്രൂഷ ചെയ്യുന്നുണ്ട്.


Related Articles »