News - 2024
ആശങ്കയേറിയ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യയെ ഉള്‍പ്പെടുത്തണം: ബൈഡനോട് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍
പ്രവാചകശബ്ദം 20-12-2023 - Wednesday
വാഷിംഗ്ടണ്‍ ഡിസി: ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യാ ഗവൺമെന്റിനെ ഉൾപ്പെടുത്താൻ അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ടു ഇന്ത്യയില്‍ വർദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കാകുലരാണെന്ന് 'യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷ്ണൽ റിലീജിയസ് ഫ്രീഡം' (USCIRF) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിദേശത്തുള്ള ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, അഭിഭാഷകർ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ നിശബ്ദരാക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ സമീപകാല ശ്രമങ്ങൾ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും യുഎസ്‌സിഐആര്‍എഫ് വ്യക്തമാക്കി.
കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ അസഹിഷ്ണുത കാണിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. യുഎസ്‌സിഐആർഎഫിന്റെ കമ്മീഷണറായ ഡേവിഡ് കറി പുറത്തിറക്കിയ പ്രസ്താവനയിൽ ആസൂത്രിതമായി അടിച്ചമർത്താൻ ഇന്ത്യൻ സർക്കാർ ആവർത്തിച്ച് ക്രൂരമായ നിയമനിർമ്മാണം ഉപയോഗിച്ചുവെന്നും പറയുന്നു. 1998-ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്ട് (IRFA) പ്രകാരമാണ് മറ്റ് രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള സാർവത്രിക അവകാശം നിരീക്ഷിക്കുവാന്‍ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷനു ഭരണകൂടം രൂപം നല്‍കിയത്.
ഭാരതം ഭരിക്കുന്ന ബിജെപി ഭരണകൂടത്തിന്റെ തീവ്രഹിന്ദുത്വ നിലപാട് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കു വലിയ വെല്ലുവിളിയാണ് സൃഷ്ട്ടിക്കുന്നത്. ഇന്ത്യയില്‍ ദിനംപ്രതി ഏറ്റവും കുറഞ്ഞത് രണ്ടു ക്രൈസ്തവരെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) അടുത്തിടെ വ്യക്തമാക്കിയിരിന്നു. ഈ വര്‍ഷം നവംബര്‍ വരെ ഏതാണ്ട് 687 അക്രമങ്ങളാണ് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കു നേരെ നടന്നിരിക്കുന്നത്.