News

പിശാച് പ്രലോഭകനാണ്, സ്വയം പ്രതിരോധിക്കണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 27-12-2023 - Wednesday

വത്തിക്കാന്‍ സിറ്റി: പിശാച് പ്രലോഭകനാണെന്നും അവനുമായി ഒരിക്കലും സംഭാഷണത്തില്‍ ഏർപ്പെടരുതെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നു ബുധനാഴ്ച (27/12/23) ഫ്രാൻസിസ് പാപ്പയുടെ 2023 ലെ അവസാനത്തെ പ്രതിവാര പൊതുദർശന കൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സർപ്പത്തിൻറെ പ്രലോഭനത്തെ ചെറുക്കാൻ ആദത്തിനും ഹവ്വായ്ക്കും കഴിഞ്ഞില്ല. അവരെ അധീനരാക്കുന്ന, ''നല്ലവനല്ലാത്ത ഒരു ദൈവ''ത്തെക്കുറിച്ചുള്ള ആശയം അവരുടെ മനസ്സിൽ സന്നിവേശിപ്പിക്കപ്പെട്ടു: അതോടെ എല്ലാം തകരുന്നു. തിന്മ മനുഷ്യനിൽ തുടക്കംകുറിക്കുന്നത് കോലാഹലത്തോടെയല്ല, മറിച്ച് മുഖസ്തുതിയുടെ കെണിയിൽ വീഴുംവിധം ഭാവനയിലും ചിന്തകളിലും അതിനെ താലോലിക്കാൻ തുടങ്ങുമ്പോഴാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

നീ പരിമിതി തിരിച്ചറിയുക, നീ സകലത്തിൻറെയും യജമാനനാണെന്ന തോന്നൽ നിനക്കുണ്ടാകരുത്, കാരണം അഹങ്കാരം എല്ലാ തിന്മകളുടെയും തുടക്കമാണ്. അതിനാൽ, ദൈവം ആദിമാതാപിതാക്കളെ സൃഷ്ടിയുടെ യജമാനന്മാരും സംരക്ഷകരുമാക്കി, എന്നാൽ അവരെ സർവ്വശക്തരാണെന്ന ഭാവത്തിൽ നിന്ന്, നന്മയുടെയും തിന്മയുടെയും യജമാനന്മാരാകുന്നതിൽ നിന്ന് സംരക്ഷിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു. ഈ ഭാവം മാനവ ഹൃദയത്തിന് ഏറ്റവും അപകടകരമായ ചതിക്കുഴിയാണ്.

പ്രിയ സഹോദരീസഹോദരന്മാരേ, പിശാചുമായി ഒരു സംഭാഷണവും പാടില്ല. ഒരിക്കലുമില്ല! അവനുമായി ഒരിക്കലും ചർച്ച പാടില്ല. യേശു ഒരിക്കലും പിശാചുമായി സംഭാഷണത്തിലേർപ്പെട്ടില്ല; അവിടന്ന് അവനെ തുരത്തുകയാണ് ചെയ്തത്. മരുഭൂമിയിൽ അവൻ പ്രലോഭനങ്ങളുമായി വന്നപ്പോൾ അവിടന്ന് സംഭാഷണത്തിലൂടെയല്ല പ്രതികരിച്ചത്; ലളിതമായി, വിശുദ്ധഗ്രന്ഥ വചസ്സുകൾകൊണ്ട്, ദൈവവചനംകൊണ്ട് അവിടന്ന് പ്രത്യുത്തരിച്ചു. നിങ്ങൾ സൂക്ഷിക്കുക: പിശാച് ഒരു പ്രലോഭകനാണ്. അവനുമായി ഒരിക്കലും സംഭാഷണത്തിലേർപ്പെടരുത്. കാരണം അവൻ എല്ലാവരേക്കാളും സൂത്രശാലിയാണ്, മാത്രമല്ല അവൻ നമ്മെക്കൊണ്ട് വില നല്കിക്കും.

പ്രലോഭനമുണ്ടാകുമ്പോൾ ഒരിക്കലും സംഭാഷണത്തിലേർപ്പെടരുത്. വാതിൽ അടയ്ക്കുക, ജനൽ അടയ്ക്കുക, ഹൃദയം അടയ്ക്കുക. അങ്ങനെ, ഈ വശീകരണത്തിൽ നിന്ന് നമുക്ക് സ്വയം പ്രതിരോധിക്കാം, കാരണം തന്ത്രശാലിയായ പിശാച് ബുദ്ധിമാനാണ്. അവൻ ബൈബിൾ ഉദ്ധരണികൾ ഉപയോഗിച്ച് യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. അവിടെ അവൻ മഹാനായ ഒരു ദൈവശാസ്ത്രജ്ഞനായി ഭാവിച്ചു. പിശാചുമായി ഒരു സംഭാഷണവുമരുത്. ഇത് നിങ്ങൾക്ക് ശരിയായി മനസ്സിലായിട്ടുണ്ടോ? നിങ്ങൾ സൂക്ഷിക്കുക. പിശാചുമായി സംഭാഷണം പാടില്ല, പ്രലോഭനങ്ങളുമായി ഇടപഴകരുത്. സംവദിക്കരുത്. പ്രലോഭനമുണ്ടാകുമ്പോൾ നമുക്ക് വാതിൽ അടയ്ക്കാം. നമുക്ക് ഹൃദയത്തെ സംരക്ഷിക്കാം.

സ്വന്തം ഹൃദയത്തിൻറെ കാവൽക്കാരായിരിക്കണം നമ്മൾ. ഇക്കാരണത്താൽത്തന്നെ നമ്മൾ പിശാചുമായി സംഭാഷണത്തിലേർപ്പെടില്ല. പല പിതാക്കന്മാരിലും വിശുദ്ധരിലും നാം പ്രകടമായി കാണുന്നത് ഹൃദയത്തെ കാക്കുക എന്ന ശുപാർശയാണ്. ഹൃദയത്തെ കാത്തുസൂക്ഷിക്കുക. ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ പഠിക്കുന്നതിനുള്ള ഈ കൃപയ്ക്കായി നാം പ്രാർത്ഥിക്കണം. ഹൃദയത്തെ എങ്ങനെ സംരക്ഷിക്കണം എന്നത് ജ്ഞാനമാണ്. ഈ കർമ്മത്തിൽ കർത്താവ് നമ്മെ സഹായിക്കട്ടെ. സ്വന്തം ഹൃദയം കാത്തുസൂക്ഷിക്കുന്നവൻ നിധി സംരക്ഷിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ നമുക്ക് പഠിക്കാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.


Related Articles »