News - 2024
ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദിയര്‍പ്പിച്ച് യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്കി
പ്രവാചകശബ്ദം 30-12-2023 - Saturday
വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രൈന് നേരെ നടത്തുന്ന അധിനിവേശ അക്രമങ്ങള്‍ക്കിടെ ഫ്രാന്‍സിസ് പാപ്പ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് നന്ദിയര്‍പ്പിച്ച് പ്രസിഡന്‍റ് വ്ലോഡിമിർ സെലെൻസ്കി. എൺപതിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന സമാധാന പദ്ധതിക്ക് പിന്തുണ നൽകിയതിന് ഫ്രാൻസിസ് പാപ്പയെ യുക്രൈന്‍ പ്രസിഡന്‍റ് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ പ്രസിഡണ്ട് സെലെൻസ്കി വ്യാഴാഴ്ച പ്രസിഡണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലും തന്റെ എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തു.
യുക്രൈനും രാജ്യത്തെ ജനസമൂഹത്തിനും ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചതിന് പാപ്പയ്ക്കു നന്ദി പറഞ്ഞ പ്രസിഡന്റ്, സമാധാനത്തിനു വേണ്ടിയും പ്രത്യേകിച്ച് എല്ലാവരുടെയും സമാധാനത്തിനു വേണ്ടിയും പാപ്പാ ആശംസകൾ അർപ്പിച്ചതായി അറിയിച്ചു. സമാധാന പദ്ധതിക്കായുള്ള തങ്ങളുടെ സംയുക്ത പ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്തതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വത്തിക്കാന്‍ നൽകുന്ന പിന്തുണയ്ക്ക് താന്‍ നന്ദിയുള്ളവനാണെന്നു പ്രസിഡന്‍റ് വ്യക്തമാക്കി.
ഫ്രാൻസിസ് മാർപാപ്പ സെലെൻസ്കിയുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്: റഷ്യൻ അധിനിവേശത്തിന് മുന്‍പ് 2020 മെയ് 13-നായിരിന്നു ആദ്യ കൂടിക്കാഴ്ച. 2022 ഫെബ്രുവരിയില്‍ അധിനിവേശത്തിന് ശേഷം ഇരുവരും കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതിനിടെ നിരവധി പ്രാവശ്യം യുക്രൈൻ പ്രസിഡന്റുമായി ഫ്രാന്‍സിസ് പാപ്പ ഫോണിൽ സംസാരിച്ചിട്ടുണ്ട്. നിലവിലുള്ള സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന് ഫ്രാൻസിസ് പാപ്പ ആവർത്തിച്ച് ആവശ്യപ്പെട്ടിരിന്നു.