News

സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനവുമായി വിശുദ്ധ നാട്ടിൽ പുതുവർഷ തിരുകർമ്മങ്ങൾ

പ്രവാചകശബ്ദം 02-01-2024 - Tuesday

ജെറുസലേം: സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനവുമായി വിശുദ്ധ നാടും പുതുവർഷത്തിലേക്ക് പ്രവേശിച്ചു. സമാധാനം കർത്താവായ യേശുവിൽ നിന്നാണ് വരുന്നതെന്നുള്ള വലിയ സത്യമാണ് ''കർത്താവ് നിങ്ങൾക്ക് സമാധാനം തരട്ടെ'' എന്ന ഫ്രാൻസിസ്കൻ അഭിവാദ്യ വാചകം പറഞ്ഞുവെക്കുന്നതെന്ന് ജനുവരി ഒന്നാം തീയതി ദൈവം മാതാവിന്റെ തിരുനാൾ ദിവസം വിശുദ്ധ കുർബാന അർപ്പിച്ച വേളയിൽ ജെറുസലേം പാത്രിയാർക്കീസ് കർദ്ദിനാൾ പിയർ ബാറ്റിസ്റ്റ പിസബല്ല പറഞ്ഞു.

അന്പത്തിയേഴാമത് ലോക സമാധാന ദിനം കൂടിയായിരിന്നു ഇന്നലെ. ജെറുസലേമിലെ പ്രോ കത്തീഡ്രൽ ദേവാലയത്തിലാണ് ലോക സമാധാന ദിനത്തിന്റെയും വർഷാരംഭത്തിന്റെയും സ്മരണയിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. വത്തിക്കാനിൽ നിന്ന് എത്തിയ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോണി സഹകാർമികരിൽ ഒരാളായിരുന്നു. എല്ലാ വ്യക്തികളുമായുള്ള ബന്ധത്തിൽ സ്വാതന്ത്ര്യം കൊണ്ടുവരിക, മത-വംശ മതിൽക്കെട്ടുകളുടെ പുറത്തു കടക്കുക എന്നിവയാണ് ക്രൈസ്തവരെ സംബന്ധിച്ചുള്ള ദൗത്യമെന്ന് പ്രയാസമേറിയ ഈ അവസരത്തിൽ തനിക്ക് കൂടുതൽ കൂടുതൽ ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പാത്രിയാർക്കീസ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനം വർഷാവസാനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലും മുഴങ്ങി കേട്ടിരുന്നു. വിശുദ്ധ നാട്ടിൽ നിന്ന് യേശുക്രിസ്തുവിന്റെ മുഖം ലോകത്തിന് കാണിച്ചു നൽകുന്നത് നാം തുടരണമെന്നും വിശുദ്ധ നാട്ടിലെ സ്ഥലങ്ങൾ യേശുക്രിസ്തുവിന് സാക്ഷ്യം നല്കുന്ന ഇടങ്ങളാണെന്നും വിശുദ്ധ നാട്ടിലെ കസ്റ്റോസ് പദവിക്കുന്ന ഫാ. ഫ്രാൻസിസ്കോ പാറ്റൺ പറഞ്ഞു. ഡിസംബർ 31നു ഈജിപ്തിൽ നിന്ന് തിരികെയെത്തി തിരുകുടുംബത്തിന് യൗസേപ്പ് പിതാവ് ഇടം ഒരുക്കിയ നസ്രത്തിലെ പുരാതന സ്ഥലത്ത് ഫാ. ഫ്രാൻസിസ്കോ പാറ്റനും വിശുദ്ധ കുർബാന അർപ്പിച്ചിരിന്നു.