News - 2025
വടക്കൻ ഗാസയിലുള്ള ക്രൈസ്തവർ നേരിടുന്ന ദുരവസ്ഥ ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയിലും ചർച്ചയായി
പ്രവാചകശബ്ദം 03-01-2024 - Wednesday
ലണ്ടൻ/ഗാസ: വടക്കൻ ഗാസയിലുള്ള ക്രൈസ്തവരുടെ ദുരവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്ത് ബ്രിട്ടനിലെ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്സ്. സൗത്ത്‌വെല്ലിന്റെയും നോട്ടിങ്ഹാമിന്റെയും അധ്യക്ഷനായ ആംഗ്ലിക്കൻ ബിഷപ്പ് പോൾ വില്യംസാണ് വിഷയം അവതരിപ്പിച്ചത്. ഗാസ നഗരത്തിലെ ആംഗ്ലിക്കൻ അൽ-അഹ്ലി ആശുപത്രിയുടെ പ്രവേശനമതിൽ തകർത്ത്, ഭൂരിഭാഗം ജീവനക്കാരേയും തടവിലാക്കി ആക്രമിച്ച ഇസ്രായേൽ പ്രതിരോധ സേനയുടെ ചെയ്തികൾ ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ഉപരിസഭയിൽ ബിഷപ്പ് ചൂണ്ടിക്കാട്ടി. ഗാസയിലെ ക്രിസ്തീയ സാക്ഷ്യം ഇപ്പോഴും പ്രദേശത്തു നിലനിൽക്കുന്നുണ്ടെന്ന് ബിഷപ്പ് പോൾ ജനപ്രതിനിധി സഭയെ ഓർമിപ്പിച്ചു.
അൽ-അഹ്ലി ആശുപത്രിയിൽനിന്നും തടവിലാക്കപ്പെട്ട ആശുപത്രി ജീവനക്കാരുടെ പെട്ടെന്നുള്ള മോചനം ഈ രാജ്യത്തെ സഭ പ്രതീക്ഷിക്കുകയാണ്. നിയമാനുസൃതമായ സൈനിക ലക്ഷ്യങ്ങൾ പിന്തുടരാനുള്ള ഇസ്രായേലിന്റെ അവകാശത്തെ മാനിക്കുമ്പോൾ തന്നെ, സമൂഹത്തിനു നൽകുന്ന ആരോഗ്യസംരക്ഷണ സൗകര്യങ്ങളേയും മതപരമായ കെട്ടിടങ്ങളേയും അവരുടെ ആളുകളെയും ലക്ഷ്യമിടുന്നത് അസ്വീകാര്യമാണെന്ന് ഇസ്രായേൽ സർക്കാരിനെ ബ്രിട്ടീഷ് ഭരണകൂടം അറിയിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
ചെറിയ സമൂഹമാണെങ്കിലും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വളരെ ശ്രദ്ധേയമായി ക്രിസ്ത്യൻ സമൂഹം ഗാസയിൽ അവശേഷിക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു. യുകെയിലുള്ള ക്രിസ്ത്യാനികളെ പ്രതിനിധീകരിച്ചുകൊണ്ട് ദ്രുതഗതിയിലുള്ള ഭരണകൂട നടപടിക്ക് അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം വടക്കൻ ഗാസയിൽ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും വിധം ആധിപത്യം നേടിയെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെ 21,978 പലസ്തീൻ സ്വദേശികളാണ് കൊല്ലപ്പെട്ടത്. 56,697 പേർക്കു പരുക്കേറ്റു. നിരവധി ഇസ്രായേൽ സ്വദേശികളും ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടിരിന്നു.