News - 2024

യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവർക്ക് പിന്തുണയുമായി ലെബനോനിലെ സഭ

പ്രവാചകശബ്ദം 18-01-2024 - Thursday

വത്തിക്കാന്‍ സിറ്റി: ലെബനോനിലെ തെക്കൻ പ്രദേശത്തുള്ള യുദ്ധമുഖത്ത് നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായ ആയിരക്കണക്കിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയുമായി കത്തോലിക്ക സഭ. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. സകലതും ആവശ്യമുള്ള അവർ, ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം പുനർനിർമ്മിക്കുകയാണെന്നും ഇവര്‍ക്ക് സഭയുടെ പിന്തുണയോടെ സഹായിക്കുന്നതിനുള്ള കേന്ദ്രങ്ങൾക്ക് രൂപംകൊടുത്തിട്ടുണ്ടെന്നും അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും കാരിത്താസ് ലെബനോൻ പ്രസിഡന്റായ ഫാ. മിഷേൽ അബൗഡ്, വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

ഇസ്രായേലും ഹമാസും തമ്മിലുള്ള തീവ്രയുദ്ധത്തിൽ ലെബനോനിലെ സഭ ആശങ്കയിലാണ്. തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് തെക്കൻ ലെബനോനിലെ വർദ്ധിച്ചുവരുന്ന ബോംബ് ഷെല്ലാക്രമണങ്ങൾ, ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നതിന് നിർബന്ധിക്കുന്നു. സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളിൽ ഇതിനകം വലയുന്ന രാഷ്ട്രത്തിന്, ഈ സാഹചര്യം, നാടകീയമായ അനന്തരഫലങ്ങൾ ഉളവാക്കുകയാണ്.സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യം രൂക്ഷമാക്കാൻ ഇടയായതോടെ പലർക്കും സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കുന്നില്ല. യാതനയ്ക്കും ഭയത്തിനും മാത്രമേ യുദ്ധം കാരണമാകൂ.

സഭ ഭൗതിക സഹായം മാത്രമല്ല, പ്രാർത്ഥനയും ദിവ്യബലിയും വഴി ആത്മീയ പിന്തുണയും നൽകുന്നുണ്ടെന്ന് ഫാ. മിഷേൽ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ലെബനോന്റെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചുകൊണ്ട് മാരോണൈറ്റ് സഭയുടെ തലവനും പാത്രിയര്‍ക്കീസുമായ ബെച്ചാര ബൗട്രോസ് അൽ റാഹി തന്റെ പിന്തുണ അറിയിച്ചിരിന്നു. നിലവിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കൊപ്പം ഇസ്രായേല്‍ ഹമാസ് യുദ്ധമാണ് ലെബനോനില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.


Related Articles »