News - 2024
മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളിൽ 31 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 30-01-2024 - Tuesday
അബൂജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തു ഗ്രാമങ്ങളിൽ അർദ്ധരാത്രി നടന്ന തീവ്രവാദി ആക്രമണങ്ങളിൽ, സ്ത്രീകളും കുട്ടികളുമടക്കം മുപ്പത്തിയൊന്നോളം ക്രൈസ്തവർ കൊല്ലപ്പെട്ടു. ജനുവരി 24ന് മാന്ഗു താലൂക്കിലെ ക്വാഹസ്‌ലാലെക്, മരിയൻ, കിനാട്ട് ഗ്രാമങ്ങളിലും ജക്കാതൈ, സാബൻ ഗാരി, എന്നീ പട്ടണങ്ങളിലും നടന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ തുടര്‍ന്നു ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ടു. ഇസ്ലാമിക ഗോത്ര വിഭാഗമായ ഫുലാനികളാണ് ആക്രമണത്തിന് പിന്നില്‍.
നിരപരാധികളെ ലക്ഷ്യംവെച്ചു തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നതായി നൈജീരിയൻ പാർലമെന്റ് അംഗം ഡിക്കെറ്റ് പ്ലാങ് പറഞ്ഞു. മാന്ഗു പ്രദേശം ഇപ്പോൾ പോലീസ് നിയന്ത്രണത്തിലാണ്. അക്രമികളെ കണ്ടെത്താൻ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നു പ്ലേറ്റോ സംസ്ഥാന കമാൻഡിൻ്റെ വക്താവ് ആൽഫ്രഡ് അലാബോ പറഞ്ഞു. ജനുവരി 23 ചൊവ്വാഴ്ച, ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ, തീവ്രവാദികള്‍ തിരിച്ചറിയാനാകാത്തവിധം കൊലപ്പെടുത്തി അഗ്നിയ്ക്കിരയാക്കിയിരിന്നു.
ബൊക്കോസ് താലൂക്കിൽ, ജനുവരി 17-ന് ബുത്തുറ കമ്പാനി, ഗദാ എന്നീ ഗ്രാമങ്ങളിൽ രാവിലെ മുതല്‍ വൈകീട്ട് വരെ നീണ്ടുനിന്ന ഫുലാനി ഇടയന്മാരുടെയും മറ്റ് മുസ്‌ലിം തീവ്രവാദികളുടെയും മിന്നലാക്രമണങ്ങളിൽ ആറ് ക്രിസ്ത്യാനികൾ വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു. ഓപ്പൺ ഡോർസിൻ്റെ 2024 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച് 2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെ ക്രൈസ്തവ വിശ്വാസത്തെ പ്രതി 4,118 ആളുകൾ കൊല്ലപ്പെട്ട രാജ്യമാണ് നൈജീരിയ. ക്രിസ്ത്യാനിയായി ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് രാജ്യമെന്നതും ശ്രദ്ധേയം.