News - 2024

മൂന്നുവർഷത്തിനിടെ പാശ്ചാത്യ ലോകത്ത് ക്രൈസ്തവർക്കെതിരെ 168 മതസ്വാതന്ത്ര്യ ലംഘനങ്ങൾ; പുതിയ റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 05-02-2024 - Monday

ലണ്ടന്‍: മൂന്നുവർഷത്തിനിടെ പാശ്ചാത്യലോകത്ത് ക്രൈസ്തവർക്ക് നേരെ 168 മതസ്വാതന്ത്ര്യ ലംഘന കേസുകൾ നടന്നതായി പുതിയ റിപ്പോര്‍ട്ട്. 16 രാജ്യങ്ങളിൽ നടന്ന കേസുകളെ സംബന്ധിച്ച് ഫാമിലി റിസർച്ച് കൗൺസിലിന്റെ സെൻറർ ഫോർ റിലീജിയസ് ലിബർട്ടിയാണ് വെളിപ്പെടുത്തൽ നടത്തിയത്. പൊതുസ്ഥലത്ത് സുവിശേഷപ്രഘോഷണം നടത്തിയതിനും, പ്രാർത്ഥിച്ചതിനും ലഭിച്ച പിഴയും, അറസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. "ഫ്രീ ടു ബിലീവ്? ദ ഇൻഡൻസിഫയിങ് ഇൻഡോളറൻസ് ടു വേർഡ് ക്രിസ്ത്യൻസ് ഇൻ ദ വെസ്റ്റ്" എന്ന പേരിലാണ് സെൻറർ ഫോർ റിലീജിയസ് ലിബർട്ടി ഗവേഷണ ഫലം പുറത്തുവിട്ടിരിക്കുന്നത്.

2020 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 58 കേസുകള്‍ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോള്‍, കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 36 ആണ്. 43 കേസുകൾ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ സ്പെയിൻ, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളുമുണ്ട്.

പാശ്ചാത്യ ജനാധിപത്യ ലോകത്ത് മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതിൽ ഗവേഷണ വിഭാഗത്തിൻറെ അധ്യക്ഷൻ ഏരിയൽ ഡെൽ ടുർകോ ആശങ്ക രേഖപ്പെടുത്തി. കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ എണ്ണത്തിൽ 2020നു ശേഷം കുറവുണ്ടായിട്ടുണ്ടെങ്കിലും, ക്രൈസ്തവർക്ക് നേരെ അവരുടെ വിശ്വാസത്തിൻറെ പേരിൽ നടക്കുന്ന വിവേചനം വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ചുറ്റുമുള്ള ബഫർ സോൺ നിയമങ്ങൾ അടക്കം മതസ്വാതന്ത്ര്യ ലംഘനത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.


Related Articles »