News - 2024

ഹെയ്തിയിലുണ്ടായ സ്‌ഫോടനത്തിൽ കത്തോലിക്ക മെത്രാന് പരിക്ക്

പ്രവാചകശബ്ദം 21-02-2024 - Wednesday

പോർട്ട്-ഓ-പ്രിൻസ്: ഞായറാഴ്ച വൈകുന്നേരം ഹെയ്തിയിലുണ്ടായ സ്‌ഫോടനത്തിൽ കത്തോലിക്ക മെത്രാന് പരിക്ക്. ഹെയ്തിയൻ ബിഷപ്പ് കോൺഫറൻസ് വൈസ് പ്രസിഡൻ്റും അൻസെ-ഇ-വ്യൂ/മിറാഗൊനെ രൂപതയിലെ ബിഷപ്പുമായ പിയറി-ആന്ദ്രേ ഡുമസിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിന്‍സ് സന്ദർശനത്തിനിടെ അദ്ദേഹം താമസിച്ചിരുന്ന ഭവനത്തില്‍ സ്ഫോടനം നടക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെടുവാന്‍ യാതൊരു സാധ്യതയുമില്ലെന്ന സൂചനയാണ് പുതിയ അക്രമ സംഭവത്തിലൂടെ വെളിവായിരിക്കുന്നത്.

ബിഷപ്പിനോടും ഹെയ്തിയിലെ സഭയോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെക്സിക്കോയിലെ ബിഷപ്സ് കോൺഫറൻസ് കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെയ്തിയിലെ ജനങ്ങളുടെ ദുരിതത്തില്‍ തങ്ങൾ പ്രാർത്ഥനയിലും ഐക്യദാർഢ്യത്തിലും പങ്കുചേരുകയാണെന്നു മോൺസിഞ്ഞോർ പിയറി ആന്ദ്രേ പറഞ്ഞു. ഹെയ്തി അനുഭവിക്കുന്ന അക്രമത്തിൻ്റെയും അരക്ഷിതാവസ്ഥയുടെയും വിഷമകരമായ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്കറിയാം. ഭീകരപ്രവർത്തനങ്ങൾ അനുഭവിച്ചിട്ടും തങ്ങളുടെ സുവിശേഷ ദൗത്യത്തിൽ തളരാത്ത ഹെയ്തിയൻ സഭയിലെ വൈദികരുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. കൊലപാതകം, രാഷ്ട്രീയ അസ്ഥിരത, ആൾക്കൂട്ട അക്രമം എന്നിവയാൽ പൊറുതി മുട്ടിയ കരീബിയൻ ദ്വീപിലെ കത്തോലിക്കാ സമൂഹത്തിന് നേരെയുണ്ടായ ഏറ്റവും ഒടുവിലത്തെ അക്രമ സംഭവമാണ് ഇത്. ഒരു മാസം മുമ്പ്, സെൻ്റ് ആന്‍ സന്യാസ സമൂഹത്തിലെ ആറ് സന്യസ്തരെ പോർട്ട്-ഓ-പ്രിൻസില്‍ നിന്നു തട്ടിക്കൊണ്ടുപോയിരിന്നു. പിന്നീട് ഇവര്‍ മോചിതരായി.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »