Videos

“പിശാചിന് ചെവികൊടുക്കരുത്!” | നോമ്പുകാല ചിന്തകൾ | പതിനാലാം ദിവസം

പ്രവാചകശബ്ദം 25-02-2024 - Sunday

യേശു അവനെ ശാസിച്ചു പറഞ്ഞു: "മിണ്ടരുത്, അവനെ വിട്ടുപോകൂ". ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി (ലൂക്കാ 4:35).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനാലാം ദിവസം ‍

ഈശോ ഗലീലിയിലെ ഒരു പട്ടണമായ കഫർണാമിൽ എത്തിയപ്പോൾ അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് പറഞ്ഞു: "നസറായനായ ഈശോയേ നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധൻ . അപ്പോൾ ഈശോ അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടു പോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി" (ലൂക്കാ 4:33-35).

ഇവിടെ പിശാച് സത്യമാണ് പറയുന്നത്. എന്നിട്ടും എന്തിനാണ് യേശു അവനെ ശാസിച്ചത്? ഈശോ ദൈവപുത്രനെന്നും, അവിടുത്തെ മനുഷ്യാവതാരത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പിശാചിനെ പരാജയപ്പെടുത്തി മാനവകുലത്തെ രക്ഷിക്കുവാനാണ് അവിടുന്ന് വന്നിരിക്കുന്നത് എന്നുമുള്ള സത്യം വിളിച്ചുപറയുമ്പോഴും, "മിണ്ടരുത്, അവനെ വിട്ടു പോകൂ" എന്ന് ഈശോ അവനെ ശാസിക്കുന്നു.

ഇവിടെ വലിയൊരു സത്യം ഈശോ നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മൾ ആരെ ശ്രവിക്കണം? ആരെ ശ്രവിച്ചുകൂടാ എന്ന് ഈശോ ഇവിടെ നമ്മുക്ക് പറഞ്ഞുതരുന്നു. എന്തു പറയുന്നു എന്നതുപോലെ തന്നെ ആര് പറയുന്നു എന്നതിനും വലിയ പ്രാധാന്യമുണ്ട്. ഇതേക്കുറിച്ചു സഭാപിതാവായ വിശുദ്ധ അത്തനേഷ്യസ് ഇപ്രകാരം പറയുന്നു: "നീ ദൈവത്തിൻറെ പുത്രനാകുന്നു" എന്നു പറഞ്ഞപ്പോൾ അവർ സത്യമാണ് സംസാരിച്ചത്. ഇപ്രകാരം സത്യം സംസാരിച്ചപ്പോൾപോലും കർത്താവ് അവരെ നിശബ്‌ദരാക്കുകയും സംസാരിക്കുന്നതു വിലക്കുകയുമാണ് ചെയ്‌തത്. അവർ സത്യത്തിനിടയിൽ തിന്മയുടെ വിത്തു പാകാതിരിക്കേണ്ടതിനായിരുന്നു ഇത്. അവർ സത്യം സംസാരിക്കുന്നതായി തോന്നുമ്പോൾപോലും അവരെ ഒരിക്കലും ശ്രവിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധാലുക്കളായിരിക്കണമെന്നും അവിടുന്നു ആഗ്രഹിച്ചു (Life of St. Antony 26).

ഈ ആധുനിക കാലത്ത് ധാരാളമായി വായിക്കുവാനും കേൾക്കുവാനും കാണുവാനും നമ്മുക്ക് അവസരമുണ്ട്. നമ്മുക്ക് പ്രചോദനമാകുന്ന വിധത്തിലുള്ള ധാരാളം ചിന്തകളും ഉപദേശങ്ങളും സോഷ്യൽ മീഡിയയിലൂടെ നമ്മുക്ക് ലഭിക്കാറുമുണ്ട്. എന്നാൽ അവയിൽ ചിലതൊക്കെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിന്നും നമ്മെ അകറ്റുന്നതായിരിക്കും. ഇത്തരം സന്ദേശങ്ങൾ സത്യമാണ് പറയുന്നത് എന്ന് നമ്മുക്കു തോന്നാമെങ്കിലും, അത് ആര് പറയുന്നു, അവരുടെ ലക്ഷ്യമെന്താണ് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം മാത്രം നാം അതു കേൾക്കുകയും ഷെയർ ചെയ്യുകയും ചെയ്യാം.

ഈ നോമ്പുകാലത്ത് നമ്മുക്ക് ഒരു തീരുമാനമെടുക്കാം, കർത്താവായ യേശുക്രിസ്‌തു പീഡകളേറ്റ് കുരിശിൽ മരിച്ചത് നമ്മുക്ക് ഓരോരുത്തർക്കും വേണ്ടിയാണ്. ആ ക്രിസ്തുവിൽ നിന്നും നമ്മെ അകറ്റുന്നവയെല്ലാം പിശാചിൽ നിന്നും വരുന്നു. അവ ഒന്നും നമ്മുക്ക് കേൾക്കാതിരിക്കാം, അവ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമ്പോൾ നാം അറിയാതെ പിശാചിന്റെ ഉപകരണങ്ങളായി മാറുന്നു. ക്രിസ്തുവിലേക്ക് നമ്മെ അടുപ്പിക്കുന്നതെല്ലാം പരിശുദ്ധാത്മാവിൽ നിന്നും വരുന്നു. അവ നമ്മുക്ക് കൂടുതലായി കാണുകയും കേൾക്കുകയും അവ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യാം. അങ്ങനെ നമ്മുക്ക് പരിശുദ്ധാത്മാവിന്റെ ഉപകരണങ്ങളായി മാറിക്കൊണ്ട് ഈ നോമ്പുകാലം കൂടുതൽ ഫലദായകമാക്കാം.


Related Articles »