Videos

കുരിശു വരക്കുന്നതിന്റെ ശക്തി | നോമ്പുകാല ചിന്തകൾ | പതിനെട്ടാം ദിവസം

പ്രവാചകശബ്ദം 29-02-2024 - Thursday

ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി (കൊളോസോസ് 2:15).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനെട്ടാം ദിവസം ‍

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് കുരിശ് ഒരു അപമാനത്തിന്റെ ചിഹ്‌നമായിരുന്നു. ഘോരപാപികൾക്കു നൽകിയിരുന്ന ശിക്ഷയായിരുന്നു കുരിശുമരണം. അതിനാൽ കുരിശിനെ കാണുന്നവരെല്ലാം മുഖം തിരിച്ചുകളഞ്ഞിരുന്നു. എന്നാൽ ഇന്ന് ക്രിസ്‌തുവിനെ അറിഞ്ഞിട്ടില്ലാത്തവർ പോലും ഒരു അഭിമാനമായി കുരിശ് ശരീരത്തിൽ ധരിക്കുന്നതും ഭവനങ്ങളിൽ സ്ഥാപിക്കുന്നതും നാം കാണാറുണ്ട്. എന്താണ് ഈ വലിയ മാറ്റത്തിന് കാരണം? ക്രിസ്‌തു കുരിശിൽ മരിച്ചതുകൊണ്ടല്ല പിന്നെയോ അവിടുന്ന് മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തതുകൊണ്ടാണ് കുരിശ് അഭിമാനത്തിന്റെയും വിജയത്തിന്റെയും അടയാളമായി മാറ്റിയത്.

ക്രിസ്‌തു ഉത്ഥാനം ചെയ്തില്ലായിരുന്നുവെങ്കിൽ കുരിശിനെ വിജയത്തിന്റെ അടയാളമായി ആദിമ ക്രൈസ്‌തവ സമൂഹം കണക്കാക്കുമായിരുന്നില്ല. ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടതുകൊണ്ടും അവിടുത്തെ സ്പർശിച്ചതുകൊണ്ടും അവിടുത്തോടൊപ്പം നടന്നതുകൊണ്ടും അവിടുത്തോട് സംസാരിച്ചതുകൊണ്ടും, അവിടുത്തെ സ്വർഗ്ഗാരോഹണത്തിനു സാക്ഷിയായതുകൊണ്ടും, അവിടുന്ന് വീണ്ടും വരുമെന്ന അവിടുത്തെ തന്നെ വാക്കുകൾ വിശ്വസിച്ചതുകൊണ്ടുമാണ് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുവാൻ അപ്പസ്തോലന്മാർ തയ്യാറായത്.

അതിനാൽ നാം കുരിശുവരച്ച് പ്രാർത്ഥിക്കുമ്പോഴും, ആശീർവദിക്കുമ്പോഴും, നമ്മളെയും നമ്മുടെ വസ്തുവകകളെയും വിശുദ്ധ കുരിശനാൽ മുദ്രണം ചെയ്യുമ്പോഴും, പിശാച് ഭയന്നു വിറക്കുകയും, സാത്താന്റെ കോട്ടകൾ തകരുകയും ചെയ്യുന്നു. ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: മിശിഹായുടെ അടയാളം അവൻ്റെ സ്ലീവായല്ലാതെ മറ്റെന്താണ്? ആ അടയാളം ഉപയോഗിക്കുന്നില്ലെങ്കിൽ മാമോദീസായോ സൈര്യലേപനമോ കുർബ്ബാനയോ കുമ്പസാരമോ ഒന്നുംതന്നെ യഥാവിധി അനുഷ്ഠിക്കപ്പെടുന്നില്ല. കൂദാശകളിൽ എല്ലാ നന്മകളും നമുക്കായി മുദ്ര വയ്ക്കപ്പെടുന്നത് ഈശോയുടെ സ്ലീവാകൊണ്ടാണ്. (യോഹന്നാന്റെ സുവിശേഷ ഭാഷ്യം P1128).

പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലത്ത് നമ്മുക്ക് കൂടുതലായി കുരിശ് വരച്ചുകൊണ്ട് പ്രാർത്ഥിക്കാം. നമ്മുടെ ശരീരത്തെയും ഭവനത്തെയും വസ്തുവകകളെയും കുടുംബത്തെയും തലമുറകളെയും ജോലിമേഖലകളെയും എല്ലാം വിശുദ്ധ കുരിശിനാൽ മുദ്രണം ചെയ്യാം. അങ്ങനെ കുരിശിൽ മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്‌തുകൊണ്ട്‌ സാത്താനെ പരാജയപ്പെടുത്തിയ നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ശക്തിയാൽ നമ്മുടെ ജീവിതം മുഴുവൻ നിറയപ്പെടട്ടെ.


Related Articles »