News - 2024

ബുർക്കിന ഫാസോയിലെ നരഹത്യ: ഇരകൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 29-02-2024 - Thursday

ഔഗാഡൗഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ കത്തോലിക്ക മുസ്ലീം സമുദായങ്ങൾക്കു നേരെയുണ്ടായ ഇരട്ട ഭീകരാക്രമണത്തിൻ്റെ ഇരകൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബുർക്കിന ഫാസോയിലെ ആരാധനാലയങ്ങൾക്കു നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഇരകൾക്കായി പ്രാർത്ഥിക്കുകയാണെന്ന് ഇന്നലെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചയ്ക്കിടെ പേപ്പല്‍ പ്രതിനിധി പാപ്പയുടെ സന്ദേശം വായിച്ചു. തിങ്കളാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ഔദ്യോഗിക ടെലിഗ്രാം സന്ദേശം അയച്ചിരിന്നു.

ബുർക്കിന ഫാസോയുടെയും നൈജറിൻ്റെയും എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ അധ്യക്ഷൻ ബിഷപ്പ് ലോറൻ്റ് ഡാബിറെയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് പാപ്പ വിഷയത്തില്‍ ദുഃഖം പ്രകടിപ്പിച്ചത്. സമാധാനത്തിനായുള്ള അഭ്യർത്ഥന പാപ്പ ആവർത്തിച്ചു. വിദ്വേഷം സംഘർഷങ്ങൾക്ക് പരിഹാരമല്ല. രാജ്യത്ത് അക്രമികള്‍ ഇടയ്ക്കിടെ ലക്ഷ്യമിടുന്ന വിശുദ്ധ ഇടങ്ങൾ ബഹുമാനിക്കപ്പെടണം. സമാധാന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അക്രമത്തിനെതിരായ പോരാട്ടമാണ് വേണ്ടതെന്നും സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ച മാലിയുടെയും നൈജറിൻ്റെയും അതിർത്തിയിലുള്ള രാജ്യത്തിൻ്റെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന് ആക്രമണത്തില്‍ 15 കത്തോലിക്ക വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഡോറി രൂപതയുടെ വികാരി ജനറലായ ഫാ. ജീൻ-പിയറി സവാഡോഗോ, കൊലപാതകങ്ങളെ തീവ്രവാദി ആക്രമണമായി വിശേഷിപ്പിച്ചിരിന്നു. ആക്രമണത്തിൽ ദേവാലയത്തില്‍വെച്ചു തന്നെ 12 പേർ കൊല്ലപ്പെട്ടിരിന്നു. മൂന്ന് പേർ പിന്നീട് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.


Related Articles »