India - 2024

ഈസ്‌റ്റർ ദിനത്തിലും അധ്യാപകർക്ക് ഡ്യൂട്ടി; പ്രതിഷേധം

പ്രവാചകശബ്ദം 14-03-2024 - Thursday

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ചുമതലയുള്ള അധ്യാപകർക്ക് ഈസ്‌റ്റർ ദിനത്തിലും ഡ്യൂട്ടി.ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചയ്ക്കു തയാറല്ല. 31ന് ആണ് ഈസ്‌റ്റർ. തൊട്ടടുത്ത ദിവസമാണ് 77 ക്യാംപുകളിലായി മൂല്യനിർണയം ആരംഭിക്കുന്നത്. അതിനുള്ള ഒരുക്കങ്ങൾ നടത്താനാണ് ക്യാംപിൻ്റെ ചുമതലയുള്ള അധ്യാപകർക്ക് പൊതു അവധി ദിനമായ ഈസ്‌റ്ററിന് ഡ്യൂട്ടി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളത്.

ക്യാംപ് കോഓർഡിനേറ്റർ, ക്യാംപ് ഓഫിസർ, ഡപ്യൂട്ടി ക്യാംപ് ഓഫിസർ, ക്യാംപ് അസിസ്‌റ്റൻ്റ്, സ്ക്രിപ്റ്റ് കോഡിങ് ഓഫിസർ, ടാബുലേഷൻ ഓഫിസർ എന്നീ തസ്തികകളിൽ നിയോഗിച്ചിരിക്കുന്ന അധ്യാപകർക്കാണ് അവധി ഡ്യൂട്ടി. നേരത്തേ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലും ക്യാംപ് ഡ്യൂട്ടി ഇട്ടിരുന്നതായും പ്രതിഷേധത്തെ തുടർന്നാണ് അതു രണ്ടും ഒഴിവാക്കിയതെന്നും അധ്യാപകർ പറയുന്നു. ഇതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം വ്യാപകമാകുമെന്നാണ് സൂചന.

ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന വിശേഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഡ്യൂട്ടി നിശ്ചയിക്കുന്നത് തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷവും വിശുദ്ധവാരത്തിലെ ദുഃഖവെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള പ്രധാന ദിനങ്ങളില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.


Related Articles »