News - 2025
ചരിത്രത്തിൽ ആദ്യമായി നോർവീജിയൻ ഭാഷയിൽ കത്തോലിക്ക ബൈബിൾ തര്‍ജ്ജമ പുറത്തിറക്കി
പ്രവാചകശബ്ദം 19-03-2024 - Tuesday
ഓസ്ലോ: ചരിത്രത്തിൽ ആദ്യമായി നോർവീജിയൻ എഴുത്തു ഭാഷകളായ ബോഗ്മാലിലും, നൈനോർസ്കിലുമുള്ള കത്തോലിക്ക ബൈബിൾ തർജ്ജമകൾ പുറത്തിറക്കി. നോർവീജിയൻ ബൈബിൾ സൊസൈറ്റിയാണ് ദ കാത്തലിക് കാനോൺ എന്ന പേരിൽ ബൈബിൾ പുറത്തിറക്കിയിരിക്കുന്നത്. ട്രോണ്ടം രൂപതയുടെ മെത്രാൻ എറിക്ക് വാർഡൻ ദൌത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. നോർവീജിയൻ ബൈബിൾ, വിശ്വാസികളുടെ ജീവിതത്തെ നവീകരിക്കുമെന്നുള്ള പ്രത്യാശ അദേഹം പ്രകടിപ്പിച്ചു.
2020ലാണ് ട്രാപ്പിസ്റ്റ് സന്യാസിയായ എറിക്ക് വാർഡൻ രൂപതയുടെ മെത്രാനായി ചുമതല ഏറ്റെടുക്കുന്നത്. ബൈബിൾ പണ്ഡിതരും, ഭാഷാവിദഗ്ധരും, കവികളും, എഴുത്തുകാരും ഉൾപ്പെടെയുള്ളവർ തർജ്ജമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ജോൺ ഫോസയും ഇതില്‍ ഭാഗമായി. 2030 ലക്ഷ്യമാക്കി 'മിഷൻ 2030' എന്ന പേരിൽ നോർവേയിലെ ഇറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്‌വർക്കും, ട്രോണ്ടം രൂപതയും സംയുക്തമായി നടത്തുന്ന പുനഃസുവിശേഷവത്കരണ ശ്രമങ്ങളുടെ സുപ്രധാന ഭാഗമായി ഇത് മാറുമെന്ന് നോർവേയിലെ ഇറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്വർക്കിന്റെ സഹസ്ഥാപകൻ പാൽ ജൊഹാനാസ് നെസ് പറഞ്ഞു.
നോർവീജിയൻ ഭാഷയിൽ ബൈബിൾ തന്റെ കുട്ടികൾക്ക് വായിച്ചു കൊടുക്കാൻ സാധിക്കുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊട്ടസ്റ്റന്റ് ബൈബിളിൽ ഇല്ലാതിരുന്ന പഴയ നിയമത്തിലെ തോബിത്തിന്റെ ഉൾപ്പെടെയുള്ള ഏഴ് പുസ്തകങ്ങൾ പുതിയ കത്തോലിക്കാ ബൈബിളിലുണ്ട്. പ്രൊട്ടസ്റ്റന്‍റ് സമൂഹമായ ലൂഥറന്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമായ രാജ്യമാണ് നോര്‍വേ. വിശ്വാസികളില്‍ 68%വും ലൂഥറന്‍ വിശ്വസികളാണ്.