India - 2024

സഭാ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി: മാർ ആൻഡ്രൂസ് താഴത്ത്

പ്രവാചകശബ്ദം 26-12-2022 - Monday

കൊച്ചി: എറണാകുളം ബസിലിക്കയിൽ ഇന്നലെയും വെള്ളിയാഴ്ചയുമായി സഭാ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരേ മേലധികാരികളുടെ നിർദേശങ്ങളുടെ വെളിച്ചത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബസിലിക്കയിൽ നടന്ന സംഭവങ്ങൾ വേദനാജനകവും അപലപനീയവുമാണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മാർപാപ്പയുടെ അംഗീകാരത്തോടെ സിനഡ് തീരുമാനം നടപ്പാക്കാൻ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ച ഫാ. ആന്റണി പുതവേലിലിനെ തടയുകയും നിയമാനുസൃതമല്ലാത്ത കുർബാനയർപ്പിക്കുകയും ചെ യ്തത് സഭയുടെ നിയമങ്ങൾക്കും ചൈതന്യത്തിനും എതിരായ ഗൗരവമായ തെറ്റാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അനധികൃതമായി വന്ന് തുടർച്ചയായി രാത്രിയിലടക്കം വൈദികർ മാറിമാറി കുർബാനയർപ്പിച്ചതും സഭയുടെ ചൈതന്യത്തിനു നിരക്കാത്തതാണ്. മാത്രമല്ല, പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന രീതിയിൽ പള്ളിയുടെ അകത്തും മദ്ബഹയിലും വിവിധ വിഭാഗങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളും ഗൗരവമായ തെറ്റാണ്. എറണാകുളം ബസിലിക്കയിൽ പരിശുദ്ധ കുർബാനയും അതുവഴി സഭയും അവഹേളിക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽതുടർന്നുള്ള ദിവസങ്ങളിൽ പരിഹാരപ്രവർത്തനങ്ങളും ആരാധനയും നടത്താനും മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.


Related Articles »