India - 2025

മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ച് കൂട്ടായ്മയും പ്രേഷിത ചൈതന്യവും നിലനിർത്തണം: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

പ്രവാചകശബ്ദം 10-12-2022 - Saturday

കൊച്ചി: ഏകീകൃത കുർബാനയുടെ കാര്യത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ സിനഡ് തീരുമാനം നടപ്പിലാക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പരിശുദ്ധ സിംഹാസനം നൽകിയ ഈ ഉത്തരവാദിത്വത്തിൽനിന്ന് വിഭിന്നമായ ഒരു തീരുമാനം എടുക്കുക തനിക്കു സാധ്യമല്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് അതിരൂപതയിലെ എല്ലാവർക്കുമായി എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനെതിരായ പ്രവർത്തനം മാർപാപ്പയെ നിരാകരിക്കുന്നതിനു തുല്യമായി വേണം കണക്കാക്കാൻ. മാർപാപ്പ അന്തിമമായി പറഞ്ഞ ആഹ്വാനം സ്വീകരിച്ച് അതിരൂപതയുടെ കൂട്ടായ്മയും പ്രേഷിത ചൈതന്യവും നിലനിർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ന് സഭ വിവിധതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നു. സഭയുടെ അകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികളുണ്ട്. സഭയുടെ തകർച്ച ലക്ഷ്യം വയ്ക്കുന്നവർ ഭിന്നചേരികളിലാക്കി രണ്ടുകൂട്ടരെയും പലതരത്തിൽ പ്രോത്സാഹിപ്പിച്ച് തമ്മിലടിപ്പിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഭിപ്രായഭിന്നത സഭാംഗങ്ങളേയും വിശ്വാസജീവിതത്തെയും സഭയുടെ സാക്ഷ്യത്തെയും ദൈവവിളികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആരാധനാക്രമവിവാദത്തിന്റെ പശ്ചാത്തലത്തിൽ സഭാജീവിതത്തിൽ നാം മുൻഗണന കൊടുക്കേണ്ട പല കാര്യങ്ങളും നടപ്പിലാക്കാൻ പറ്റാത്ത ഒരു തരത്തിലുള്ള തളർച്ച നമ്മുടെ അതിരൂപത അഭിമുഖീകരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് കത്തില്‍ ചൂണ്ടിക്കാട്ടി. കത്തില്‍ വൈദികരെയും സമര്‍പ്പിതരെയും അല്‍മായരെയും പ്രത്യേകം സംബോധന ചെയ്തു സന്ദേശമുണ്ട്.


Related Articles »