News - 2025
അന്തിക്രിസ്തു വരുമോ? എന്താണ് മനസിലാക്കേണ്ടത്?
പ്രവാചകശബ്ദം 13-07-2024 - Saturday
അന്തിക്രിസ്‌തുവിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നത് വെളിപാട് ഗ്രന്ഥമാണ്. അന്തിക്രിസ്‌തു എന്നുപറയുമ്പോൾ പലർക്കും പല തെറ്റുധാരണകളും ഉണ്ട്. ഈശോ രണ്ടാമതു വരുന്നതിനെയാണ് അന്തിക്രിസ്‌തുവെന്നു പോലും ചിന്തിക്കുന്ന മനുഷ്യരുണ്ടെന്നുള്ളതാണ് സത്യം. യഥാർത്ഥത്തിൽ അന്തിക്രിസ്‌തു എന്നു പറഞ്ഞാൽ അത് ഒരു ലത്തീൻ പദമാണ് 'ആന്റി' എന്നപദത്തിൽ നിന്നാണ് (എതിരായിട്ടുള്ള) "ക്രിസ്തുവിന്റെ എതിരാളി' എന്ന പദമുണ്ടായത്. ക്രിസ്‌തുവിന്റെ എതിരാളി എന്നുപറയുമ്പോൾ പിശാച് എന്നുള്ള അർത്ഥമാണ്. അന്തി ക്രിസ്തുവെന്നുപറഞ്ഞാൽ പിശാചാണ് എന്നുള്ള സത്യം നാം ആദ്യം മനസിലാക്കണം.
ഈ പിശാച് വരുമോ ഇല്ലയോയെന്നുള്ള ഒരു ചോദ്യത്തിന് അർത്ഥമില്ല. കാരണം, പിശാച് നിരന്തരം പ്രവർത്തനനിരതനാണ് എന്നുള്ളതാണ് തിരിച്ചറിയേണ്ട ഒരു അടിസ്ഥാന സത്യം. യുഗാന്ത്യത്തിൽ ഈശോ വരുന്നതിനുമുമ്പായി സാത്താൻ ഈലോകത്തിൽ സർവ്വവിധത്തിലുള്ള അക്രമങ്ങളും അതിക്രമങ്ങളും നടത്താനും എല്ലാവരേയും വിശുദ്ധ ജീവിതത്തിൽ നിന്നകറ്റാനും പരിശ്രമിക്കും എന്ന ഒരു വിശ്വാസം ഉണ്ട്. വെളിപാട് പുസ്‌തകത്തിൽ 1000 വർഷം ഭരണം നടത്തുന്ന അന്തിക്രിസ്‌തുവിനെക്കുറിച്ചുള്ള സൂചനകളുണ്ട് (വെളി 20:1-6). 1000 കൊല്ലം അവൻ ഭരണം നടത്തും എന്നൊരു വാക്ക് വെച്ചാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്.
ഈശോ രണ്ടാമത് വരുന്നതിനു മുമ്പുള്ള 1000 വർഷം ഈ ഭൂമിയിൽ സാത്താന്റെ ഭരണമായിരിക്കും എന്ന് പലരും വാദിക്കുന്നുണ്ട്. പക്ഷേ അത് അക്ഷരാർത്ഥത്തിലുള്ളതും അപകടകരവുമായ ഒരു വ്യാഖ്യാനമാണ്. മറിച്ച് 1000 വർഷത്തെ മനസിലാക്കേണ്ടത് വെളിപാട് പുസ്‌തക ത്തിന്റെ സംഖ്യാ ശാസ്ത്രത്തിനുള്ളിൽ നിന്നുകൊണ്ട് വേണം. 1000 വർഷം എന്നു പറയുന്നതിനർത്ഥം വലിയ ഒരു കാലഘട്ടമെന്നാണ്. വലിയൊരു കാലഘട്ടം കുരിശിൽ മിശിഹായോട് പരാജയപ്പെടാൻ സാത്താൻ ക്രിസ്തുവിനോടുള്ള തൻ്റെ പോരാട്ടം തുടരുമെന്നും ആ പോരാട്ടം അവൻ യേശുവിൻ്റെ രണ്ടാം വരവുവരെ തുടരുമെന്നും രണ്ടാം വരവിൽ അവൻ്റെ അന്ത്യപരാജയം സംഭവിക്കും എന്നുമുള്ളതാണ് ഈ വചനഭാഗത്തിന്റെ വ്യാഖ്യാനം.
- കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ 'വിശ്വാസവഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകം.