News - 2025
അർമേനിയൻ പ്രധാനമന്ത്രിയെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 19-11-2024 - Tuesday
വത്തിക്കാന്‍ സിറ്റി: അർമേനിയയുടെ പ്രധാനമന്ത്രി നിക്കോൾ പാഷിന്യാന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. 2018 മുതൽ അർമേനിയയുടെ പതിനാറാമത് പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന നിക്കോൾ ഇന്നലെ നവംബർ പതിനെട്ടാം തീയതി തിങ്കളാഴ്ചയാണ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അരമണിക്കൂർ അപ്പസ്തോലിക കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ ഏകദേശം ഇരുവരും സംഭാഷണത്തിൽ ഏർപ്പെട്ടു.
സംഭാഷണത്തിനൊടുവിൽ ഇരുവരും പരമ്പരാഗതമായി സമ്മാനങ്ങൾ കൈമാറി. അർമേനിയൻ അപ്പസ്‌തോലിക സഭയും കത്തോലിക്ക സഭയും വിശുദ്ധനായി വണങ്ങുന്ന, ദൈവശാസ്ത്രജ്ഞനും, താപസ്സശ്രേഷ്ഠനുമായ നരേക്കിലെ വിശുദ്ധ ഗ്രിഗറി രചിച്ച 'വിലാപങ്ങളുടെ പുസ്തകം' എന്ന ഗ്രന്ഥം പ്രധാനമന്ത്രി പാപ്പയ്ക്കു സമ്മാനിച്ചു. ഗ്രന്ഥത്തിന്റെ ചട്ട തയാറാക്കിയത് അർമേനിയൻ സ്വർണ്ണപ്പണിക്കാരാണെന്നത് ശ്രദ്ധേയമാണ്. ഒരു വശത്ത് സമാധാനത്തിൻ്റെയും മാനവികതയോടും പ്രകൃതിയോടും ഉള്ള ആദരവിന്റെ പ്രതീകവും, മറുവശത്ത് മലിനീകരണം മൂലം ഭീഷണി നേരിടുന്ന ലോകത്തിൻ്റെ പ്രതിച്ഛായയുമുള്ള ഒരു ശിൽപം പാപ്പയും സമ്മാനിച്ചു.
1915- 1923 നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയന്‍ ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ലോകത്തിലെ തന്നെ ആദ്യത്തെ ക്രിസ്ത്യന്‍ രാജ്യമാണ് അര്‍മേനിയ. 2016 ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍മേനിയ സന്ദര്‍ശിച്ചപ്പോള്‍ കൂട്ടക്കൊലയെ 'വംശഹത്യ' എന്നു വിശേഷിപ്പിച്ചിരിന്നു.
