India - 2025
മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങ്; പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘം ഇന്ന്‍ വത്തിക്കാനിലേക്ക്
പ്രവാചകശബ്ദം 06-12-2024 - Friday
ന്യൂഡൽഹി: മലയാളിയായ നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം ഇന്ന് വെള്ളിയാഴ്‌ച റോമിലേക്ക് പോകും. വത്തിക്കാനിൽ ശനിയാഴ്‌ചയാണ് സ്ഥാനാരോഹണച്ചടങ്ങ്. ജോർജ് കൂവക്കാട്ടിന്റെ സ്വദേശമായ ചങ്ങനാശ്ശേരി ഉൾപ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷ് മാത്രമാണ് സംഘത്തിലുള്ള ഏക പ്രതിപക്ഷ അംഗം.
കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്താമായിരുന്നെന്ന് കൊടിക്കുന്നിൽ അഭിപ്രായപ്പെട്ടു. എന്നാൽ മുൻവർഷങ്ങളിലെ കീഴ്വഴക്കം പിന്തുടർന്നുള്ളതാണ് തീരുമാനമെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. രാജ്യസഭാംഗമായ ഡോ. സത്നാംസിങ് സന്ധു, ബിജെപി നേതാക്കളായ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ദേശീയ സെക്രട്ടറി അനിൽ ആന്റണി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി, ദേശീയ വക്താവ് ടോം വടക്കൻ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി സംഘം കൂടിക്കാഴ്‌ചയ്ക്ക് ശ്രമിക്കും. ചടങ്ങിനായുള്ള യാത്രയായതിനാൽ മാർപാപ്പയുടെ ഇന്ത്യസന്ദർശനം സംബന്ധിച്ച ചർച്ചകൾക്ക് സാധ്യതയില്ലെന്നു മന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. ക്രൈസ്തവസമൂഹത്തിനും എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷത്തിന് സാക്ഷ്യംവഹിക്കാനാണ് വത്തിക്കാനിലേക്കുള്ള യാത്രയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.