News
2024-ല്‍ കത്തോലിക്ക സഭയില്‍ നടന്ന 11 പ്രധാന സംഭവങ്ങള്‍
പ്രവാചകശബ്ദം 31-12-2024 - Tuesday
പുതുവർഷത്തിലേക്ക് പ്രവേശിക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഗോള കത്തോലിക്ക സഭയില്‍ നടന്ന പ്രധാനപ്പെട്ട 11 സംഭവങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
1. അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ആദ്യത്തെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്
അര നൂറ്റാണ്ടിനിടെ അമേരിക്കയിലെ ആദ്യത്തെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ജൂലൈ 17-21 തീയതികളിൽ ഇൻഡ്യാനയിലെ ഇന്ത്യാനപോളിസിൽ നടന്നു. ഏകദേശം 50,000 പേർ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ ആശീര്‍വാദത്തോടെ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വലിയ ഒരുക്കങ്ങളാണ് നടത്തിയിരിന്നത്. ബിഷപ്പ് റോബർട്ട് ബാരൺ, നടൻ ജോനാഥൻ റൂമി, ഫാ. മൈക്ക് ഷ്മിറ്റ്സ്, ഉള്‍പ്പെടെ അനേകം പ്രമുഖര്‍ പ്രഭാഷണം നടത്തി. വേദിയില്‍ സീറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നതും ചരിത്രമായി.
ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നോടിയായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാല് ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനങ്ങൾ നടന്നു. നഗരവീഥികളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യം സാക്ഷ്യപ്പെടുത്തി ആയിരകണക്കിന് മൈല്‍ നീണ്ട കാല്‍ നട തീര്‍ത്ഥാടനത്തില്‍ അനേകര്‍ പങ്കാളികളായി. സമ്മേളനത്തിൽ ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന അര്‍പ്പണം, കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌പ്ലേകൾ, ലൈവ് മ്യൂസിക്, പ്രഭാഷണങ്ങൾ എന്നിവ നടന്നു. അമേരിക്കയ്ക്കു പുതിയ പെന്തക്കുസ്ത അനുഭവം സമ്മാനിച്ചാണ് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് സമാപിച്ചത്.
2. ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള മാര്‍പാപ്പയുടെ യാത്ര
സെപ്തംബർ 2 മുതൽ 11 വരെ, ഫ്രാൻസിസ് മാർപാപ്പ നടത്തിയ അപ്പസ്തോലിക യാത്ര ചരിത്രത്തിന്റെ ഭാഗമായി. ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് ടിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കായിരിന്നു പാപ്പയുടെ സന്ദര്‍ശനം. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിൽ പാപ്പ നടത്തിയ പ്രഭാഷണം മതാന്തര സംവാദത്തിലും സമാധാനത്തിലും കേന്ദ്രീകരിച്ചായിരിന്നു. ഈ സന്ദർശനത്തോടെ, പോൾ ആറാമനും ജോൺ പോൾ രണ്ടാമനും ശേഷം ഈ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന മൂന്നാമത്തെ മാർപാപ്പയായി അദ്ദേഹം മാറി.
3. ക്വിറ്റോയിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്
ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് ആഗോള ശ്രദ്ധ നേടിയ പരിപാടിയായിരിന്നു. 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് സെപ്തംബർ 7 മുതൽ 15 വരെ ക്വിറ്റോ മെട്രോപൊളിറ്റൻ കൺവെൻഷൻ സെൻ്ററിലാണ് നടന്നത്. ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഉദ്ഘാടന വിശുദ്ധ കുർബാനയ്ക്കിടെ 1,600 കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. വിവിധ ഭാഷകളിൽ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണവും ദിവ്യകാരുണ്യ കോണ്‍ഗ്രസും ചടങ്ങിനെ മനോഹരമാക്കി.
4. ഫ്രാൻസിസ് മാർപാപ്പയുടെ ലക്സംബർഗ്, ബെൽജിയം സന്ദർശനം
സെപ്റ്റംബർ 26 നും 29 നും ഇടയിൽ ഫ്രാൻസിസ് മാർപാപ്പ ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും അപ്പസ്തോലിക യാത്ര നടത്തി. തൻ്റെ സന്ദർശന വേളയിൽ, യൂറോപ്പിൽ ക്രിസ്ത്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലൂവെയ്ൻ, ലൂവെയ്ൻ-ലാ-ന്യൂവ് എന്നീ കത്തോലിക്കാ സർവ്വകലാശാലകളുടെ 600-ാം വാർഷികത്തിൻ്റെ അനുസ്മരണ സമ്മേളനത്തില്‍ പാപ്പ സംബന്ധിച്ചു.
5. പുതിയ കര്‍ദ്ദിനാളുമാര്‍
ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെ കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാം സ്ഥാനത്തുള്ള കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള തീരുമാനം ഒക്ടോബര്‍ 6നു മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇവരുടെ സ്ഥാനാരോഹണം ഡിസംബര്‍ 7നു നടന്നു. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കുവക്കാട്.
6. ഡമാസ്കസിലെ രക്തസാക്ഷികൾ ഉൾപ്പെടെ 14 പേര്‍ വിശുദ്ധ പദവിയില്‍
സിറിയയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഡമാസ്കസിലെ രക്തസാക്ഷികൾ ഉൾപ്പെടെ 14 പേരെ ഒക്‌ടോബർ 20 ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ ഫ്രാന്‍സിസ് പാപ്പയാണ് വിശുദ്ധ പദവിയിലേക്ക് ഇവരെ ഉയര്‍ത്തിയത്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ 11 പേരും ഡമാസ്കസിൽ യേശുവിനെ ത്യജിച്ച് ഇസ്ലാം സ്വീകരിക്കാനുള്ള ഭീഷണി നിരസിച്ചതിന് രക്തം ചിന്തിയവരാണ്.
7. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിനു സമാപനം
2021 ഒക്ടോബറിൽ മാർപാപ്പ തുടക്കംകുറിച്ച സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നു സമാപനമായി. ഒക്ടോബര്‍ രണ്ടിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനം നടന്നിരിന്നു.
സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിന്നുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. പാസ്റ്ററൽ കൗൺസിലുകളുടെ രൂപീകരണം, കാനോനിക്കൽ മാനദണ്ഡങ്ങളുടെ പുനരവലോകനം, നേതൃത്വപരമായ ഉത്തരവാദിത്വങ്ങളില്‍ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം എന്നിവ ഉള്‍പ്പെടെ പ്രധാന ഘടനാപരമായ മാറ്റങ്ങൾ സഹിതം അന്തിമ രേഖ പുറത്തിറക്കി.
8. 44 വര്‍ഷങ്ങള്‍ക്ക് ശേഷം പേപ്പൽ ഭവനത്തിന് പുതിയ പ്രഭാഷകന്‍
1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റനിയെരോ കാന്തലമെസ്സയുടെ പിൻഗാമിയായി കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായ ഫാ. റോബെർട്ടോ പസോളിനിയെ, ഫ്രാന്‍സിസ് പാപ്പ നവംബറില്‍ നിയമിച്ചു. ബൈബിൾ പണ്ഡിതനും, ബൈബിളിലെ ആത്മീയതയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവുമായ അദ്ദേഹം ഇറ്റലിയിലെ മിലാൻ വംശജനാണ്. സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ കാന്തലമെസ്സ, മൂന്നു മാർപാപ്പമാരുടെ കാലഘട്ടങ്ങളിൽ, പ്രഭാഷകനെന്ന നിലയിൽ സേവനം ചെയ്തിട്ടുണ്ട്.
അപ്പോസ്തോലിക് പ്രഭാഷകൻ എന്നറിയപ്പെടുന്ന പേപ്പൽ ഭവനത്തിന്റെ പ്രഭാഷകനു വലിയ ഉത്തരവാദിത്വമാണുള്ളത്. മാർപ്പാപ്പയ്ക്കും വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥർക്കും വേണ്ടി ഓരോ വർഷവും ആഗമനകാലത്തും നോമ്പുകാലത്തും വിചിന്തനങ്ങളുടെ പരമ്പര ഉള്‍പ്പെടെ തയാറാക്കുന്നത് അദ്ദേഹമാണ്. മാർപാപ്പയോട് പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട ഒരേയൊരു വൈദികന്‍ കൂടിയാണ് അദ്ദേഹം.
9. "സൈബര്‍ അപ്പസ്തോല"നെ വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ തീരുമാനം
തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ 2025 ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് വത്തിക്കാന്‍ നവംബറില്‍ വ്യക്തമാക്കി. 2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് - ഇരുപത്തിയേഴ് ദിവസങ്ങളിലാണ് കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നത്.
ഈ ദിവസങ്ങളില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമെന്നാണ് നവംബര്‍ അവസാന വാരത്തില്‍ വത്തിക്കാന്‍ വ്യക്തമാക്കിയത്. ദിവ്യബലിയോടുള്ള ഭക്തിയും സുവിശേഷപ്രഘോഷണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോഗവും കൊണ്ട് പ്രസിദ്ധനായ കാർളോ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ ഇനി കേവലം 4 മാസം മാത്രം.
10. നോട്രഡാം കത്തീഡ്രൽ വീണ്ടും തുറന്നു
2019 ഏപ്രിലില്‍ നടന്ന തീപിടുത്തത്തെത്തുടർന്ന് അടച്ചിട്ടിരിന്ന ആഗോള പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ ദേവാലയം 5 വര്‍ഷം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഒടുവില്‍ ഡിസംബർ 8ന് വീണ്ടും തുറന്നു. പാരീസ് ആർച്ച് ബിഷപ്പ്, എം. ലോറൻ്റ് ഉൾറിച്ചിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ തലവന്മാരും പങ്കെടുത്തു. ദേവാലയ പുനരുദ്ധാരണത്തില്‍ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിന്നു.
11. 2025 ജൂബിലി വര്‍ഷത്തിന് ആരംഭം
2024 ലെ ക്രിസ്തുമസ് രാവിൽ ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നുക്കൊണ്ട് ആഗോള കത്തോലിക്ക സഭയുടെ 2025 ജൂബിലി വര്‍ഷത്തിന് ഫ്രാന്‍സിസ് പാപ്പ തുടക്കം കുറിച്ചു. 2024 മെയ് 9-ന് ഫ്രാൻസിസ് പാപ്പ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴി ഔപചാരികമായി 2025 ജൂബിലി വര്‍ഷം പ്രഖ്യാപിക്കുകയായിരിന്നു.
2024 ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് ജൂബിലി സഭ ആചരിക്കുക. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. സഭയിൽ നൂറ്റാണ്ടുകൾ പിന്നോട്ടുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ഇതാദ്യമായി കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കുന്നതിന് റോം സാക്ഷിയായി. സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഡിസംബർ 26നു ഫ്രാൻസിസ് പാപ്പ റോമിലെ റെബീബിയയിലുള്ള തടവറയുടെ പുതിയ വിഭാഗത്തിലാണ് വിശുദ്ധ വാതിൽ തുറന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟