News - 2025
ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി ലോകമെമ്പാടും പ്രാര്‍ത്ഥനകള്‍ ഉയരുന്നു
പ്രവാചകശബ്ദം 19-02-2025 - Wednesday
വത്തിക്കാന്‍ സിറ്റി: കടുത്ത ന്യൂമോണിയ ബാധിതനായി ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വിവിധ രാജ്യങ്ങളിലെ മെത്രാന്മാര്‍. സ്പെയിന്‍, മെക്സിക്കോ, നിക്കരാഗ്വേ, ചിലി, പെറു ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാര്‍ വിശ്വാസി സമൂഹത്തോട് പ്രാര്‍ത്ഥനയില്‍ ഒന്നിക്കുവാന്‍ ആഹ്വാനം നല്കിയിട്ടുണ്ട്. സ്പാനിഷ് എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് വലൻസിയ രൂപത പ്രസ്താവിച്ചു. മാർപാപ്പയുടെ പെട്ടെന്നുള്ള രോഗമുക്തിയ്ക്കായി ഒന്നുചേരാന്‍ കത്തോലിക്കാ വിശ്വാസികളോട് രൂപത ആഹ്വാനം ചെയ്തിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന അര്‍പ്പണങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ വലൻസിയയിലെ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ എൻറിക് ബെനവെൻ്റ് വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ രോഗമുക്തിയ്ക്കു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ചിലിയിലെ സാൻ്റിയാഗോ ഡി ആർച്ച് ബിഷപ്പ്, കർദ്ദിനാൾ ഫെർണാണ്ടോ ചോമാലി ആഹ്വാനം ചെയ്തു. ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് Zoom-ല്‍ തന്നോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു.
മാര്‍പാപ്പയുടെ ആരോഗ്യത്തിനായി ഗ്വാഡലൂപ്പിലെ കന്യകയുടെ മാധ്യസ്ഥം തേടി പ്രാർത്ഥനകൾ ഉയർത്താമെന്ന് മെക്സിക്കൻ ബിഷപ്പുമാർ അവരുടെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. തിരുസഭയെ നയിക്കാൻ അദ്ദേഹത്തിന് ശക്തി ലഭിക്കാന്‍ നമുക്ക് അപേക്ഷിക്കാമെന്നും മെക്സിക്കൻ ബിഷപ്പുമാർ കുറിച്ചിട്ടുണ്ട്. കത്തോലിക്ക വിരുദ്ധ പീഡനം അരങ്ങേറുന്ന സ്വേച്ഛാധിപത്യ ഭരണകൂടമുള്ള നിക്കരാഗ്വേയില്‍ നിന്നും പാപ്പയ്ക്കു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥന ഉയരുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ വേഗത്തിലുള്ള വീണ്ടെടുക്കലിനായി വ്യക്തിപരമായും ഇടവകകളിലും പ്രാർത്ഥന ശക്തമാക്കണമെന്ന് മനാഗ്വ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രെൻസ് ആഹ്വാനം ചെയ്തു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
