India - 2025

മാർപാപ്പയ്ക്കുവേണ്ടി ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രാർത്ഥിക്കുവാന്‍ ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

പ്രവാചകശബ്ദം 19-02-2025 - Wednesday

കൊച്ചി: ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാർപാപ്പയ്ക്കുവേണ്ടി ദേവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രാർത്ഥിക്കുവാന്‍ ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്‌ഥിതി ആശങ്കാജനകമാണ്. അതിനാൽ, പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ സീറോ മലബാർസഭയിലെ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും നമ്മുടെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയർപ്പണത്തിൻ്റെയും മറ്റു പ്രാർത്ഥനകളുടെയും അവസരങ്ങളിലും ഭവനങ്ങളിലെ വൈകുന്നേരമുള്ള പ്രാർത്ഥനകളിലും പരിശുദ്ധ പിതാവിനെ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി ഓർക്കേണ്ടതാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു.

ദൈവത്തിൻ്റെ സ്നേഹമാർന്ന പരിപാലനയിൽ ഫ്രാൻസിസ് മാർപാപ്പയെ നമുക്കു സമർപ്പിക്കാം. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാർ തോമാശ്ലീഹയുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്‌ഥ്യം അപേക്ഷിക്കുകയും ചെയ്യാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ രാത്രിയിൽ പാപ്പ നന്നായി വിശ്രമിച്ചുവെന്നും, രാവിലെ ഉണർന്നെഴുന്നേറ്റ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. ഇന്ന് ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ പുറത്തുവിട്ട സന്ദേശത്തിലാണ് പാപ്പായുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വ്യക്തമാക്കിയത്.


Related Articles »