News - 2025

മാര്‍പാപ്പ രോഗബാധിതനായപ്പോള്‍ "രോഗശാന്തിക്കാര്‍ എവിടെ?"; ചോദ്യത്തിന് ഫാ. ജോഷി മയ്യാറ്റിലിന്റെ മറുപടി കുറിപ്പ് വൈറല്‍

പ്രവാചകശബ്ദം 26-02-2025 - Wednesday

ഫ്രാന്‍സിസ് പാപ്പ ജെമല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ പരിഹാസശരങ്ങളുമായി രംഗത്തിറങ്ങിയ നിരീശ്വരവാദികള്‍ക്കു കൃത്യമായ മറുപടിയുമായി പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ജോഷി മയ്യാറ്റില്‍. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഫേസ്ബുക്ക്, വാട്സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരീശ്വരന്മാർക്കും രോഗശാന്തി തട്ടിപ്പുകാർക്കും ഒരു പോലെ കൊയ്ത്തു കാലമാണ് മനുഷ്യൻ്റെ ദൈന്യതകളെന്ന ആമുഖ വാചകത്തോടെ ആരംഭിക്കുന്ന കുറിപ്പില്‍ - ദൈവിക രോഗശാന്തികളുടെ സാധ്യത, രോഗശാന്തി വരം ലഭിച്ചവർ, അപൂർവം സൗഖ്യം എന്നീ വിവിധ വിഷയങ്ങളെ കുറിച്ച് കൃത്യമായ വിശദീകരണവും പങ്കുവെച്ചിട്ടുണ്ട്.

ഫാ. ജോഷി മയ്യാറ്റില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ..! ‍

അപരരുടെ സഹനം ചിലർക്ക് കൊയ്ത്തു കാലമാണ്! ‍

നിരീശ്വരന്മാർക്കും രോഗശാന്തി തട്ടിപ്പുകാർക്കും ഒരു പോലെ കൊയ്ത്തു കാലമാണ് മനുഷ്യൻ്റെ ദൈന്യതകൾ! ഫ്രാൻസിസ് പാപ്പയുടെ രോഗവും ആശുപത്രിവാസവും യുക്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത യുക്തിവാദികൾക്കും നിരീശ്വരന്മാർക്കും നല്കിയ സന്തോഷം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞൊഴുകുകയാണ്. രോഗശാന്തി വരത്തെയും അതു പ്രയോഗിക്കുന്നവരെയും പരിഹസിക്കാനുള്ള പറ്റിയ സമയമായാണ് അവർ പാപ്പയുടെ രോഗാവസ്ഥയെ കാണുന്നത്.

ഇരുകൂട്ടരും തമ്മിലുള്ള സാമ്യ-വ്യത്യാസങ്ങൾ ‍

രോഗശാന്തി കച്ചവടക്കാരുടെ അതേ നിലവാരത്തിലുള്ളവരാണ് ഈ നിരീശ്വരവാദികളും യുക്തിവാദികളും. രണ്ടു കൂട്ടർക്കും മറ്റുള്ളവരുടെ രോഗങ്ങളും സഹനങ്ങളും ദൈന്യതകളും മുതലെടുപ്പിനുള്ള അവസരങ്ങളാണ്. യാതൊരു സ്ഥിരീകരണവും കൂടാതെ മനുഷ്യരെക്കൊണ്ട് സാക്ഷ്യം പറയിപ്പിച്ച് ആളെ കൂട്ടുകയും തട്ടിപ്പു നടത്തുകയും പണം സമ്പാദിക്കുകയും ചെയ്യുന്നവരാണ് ആദ്യത്തെ കൂട്ടരെങ്കിൽ രണ്ടാമത്തെ കൂട്ടർ അവസരം നോക്കി സൂത്രത്തിൽ കച്ചവടം ചെയ്യുന്നത് തങ്ങളുടെ ആശയങ്ങളാണ്. അതിലൂടെ തങ്ങളിലേക്ക് അനേകരെ ചേർക്കാനാണ് അവരുടെ കുത്സിത ശ്രമം.

ഇരുകൂട്ടരും തമ്മിലുള്ള വ്യത്യാസവും ശ്രദ്ധേയമാണ്. രോഗശാന്തി വരം എന്ന ഒന്ന് ഇല്ലേയില്ല എന്നതാണ് നിരീശ്വരന്മാരുടെ വാദമെങ്കിൽ, എല്ലാവർക്കും തങ്ങളുടെ പക്കൽ രോഗശാന്തിയുണ്ട് എന്നതാണ് തട്ടിപ്പുകാരുടെ വാദം.

മനുഷ്യൻ്റെ ദൈന്യതയിൽ സഹതാപവും ആദരവും പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ, വീരവാദം മുഴക്കാതെ നിശ്ശബ്ദതയെങ്കിലും പാലിക്കാനുള്ള മാന്യത അവർക്ക് ഇരുവർക്കും ഇല്ല.

ദൈവിക രോഗശാന്തികൾ സാധ്യമോ? ‍

'ട്രാൻസ്' എന്ന സിനിമയ്ക്കു പിന്നിലെ ചില ഒളിയണി പ്രവർത്തകർ ഒരിക്കൽ പിഒസിയിൽ വന്ന്, ദൈവിക രോഗശാന്തികളെല്ലാം തട്ടിപ്പാണ് എന്നു പ്രസ്താവിച്ചത് ഇപ്പോൾ ഓർമ വരുന്നു. അവർക്ക് ഞാൻ നല്കിയ മറുപടി ഇതാണ്: "ദൈവത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കും ഈ വിഷയത്തിലെ ഓരോരുത്തരുടെയും നിലപാട്. സജീവനും വ്യക്തിപരനും ആണ് ദൈവം എന്നു വിശ്വസിക്കുന്നവർക്ക് സൗഖ്യപ്രതീക്ഷ നഷ്ടപ്പെട്ട നേരത്തും അത്ഭുതങ്ങളിലും രോഗശാന്തിയിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല." അത്തരം വിശ്വാസം സമ്മാനിക്കുന്നത് അവിസ്മരണീയാനുഭവങ്ങളുടെ ഒരു മഹാലോകമാണ്. സൗഖ്യമായും സാന്ത്വനമായും ആത്മശക്തിയായും അത് അനുഭവവേദ്യമാകാം. ജീവിക്കുന്നവനായ കർത്താവിൻ്റെ ഇടപെടലിലൂടെ അദ്‌ഭുതങ്ങളും രോഗസൗഖ്യങ്ങളും ബലപ്പെടലുകളും നേരിട്ട് അനുഭവിക്കാൻ വിശ്വാസികൾക്ക് കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി പലപ്പോഴും കഴിഞ്ഞിട്ടുണ്ട്, ഇനിയും കഴിയുകയും ചെയ്യും. കാരണം, എന്നും കൂടെയുള്ളവനാണ് ദൈവം.

രോഗശാന്തി വരം ലഭിച്ചവർ ‍

ചില വ്യക്തികൾക്ക് ദൈവം രോഗശാന്തിക്കുള്ള വരം നല്കാറുണ്ടെന്നതിന് അനേകം തെളിവുകൾ വിശുദ്ധ ഗ്രന്ഥത്തിൽ കാണാം (cf. 1 കോറി 12,9.10; അപ്പ 3,1-10). അത്തരം അനുഭവങ്ങൾ സഭയിലും ഒത്തിരിയുണ്ട്. എൻ്റെ വ്യക്തിപരമായ ഒരു അനുഭവം കുറിക്കാം. 2015ൽ ആറു മാസത്തോളം വോക്കൽ കോർഡിൻ്റെ പ്രശ്നം മൂലം എനിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല.

പലവിധ ചികിത്സകൾ മാറി മാറി ചെയ്തിട്ടും സ്വരം തിരികെ കിട്ടാതെ നിരാശയിലാണ്ടപ്പോളാണ് വട്ടായിൽ അച്ചൻ്റെ വൈദികർക്കുള്ള ധ്യാനത്തിൽ ഞാൻ സംബന്ധിച്ചത്. അവിടെ വച്ച് രോഗശാന്തി വരം ഉള്ള ഒരാൾ എനിക്കു വേണ്ടി പ്രാർത്ഥിച്ച ആ നിമിഷം തന്നെ എനിക്കു സ്വരം തിരിച്ചു കിട്ടി. അതിൻ്റെ പേരിൽ ഒരു നയാ പൈസ പോലും അവർ എന്നിൽ നിന്ന് വാങ്ങിയതുമില്ല. കാരണം, വില്പനച്ചരക്കല്ല രോഗശാന്തി വരം.

ദൈവിക രോഗസൗഖ്യത്തിൻ്റെ പേരിൽ ആരെങ്കിലും ഫീസീടാക്കുകയോ അവകാശവാദമുന്നയിക്കുകയോ ചെയ്യുന്നെങ്കിൽ ഉറപ്പിച്ചുകൊള്ളുക, അവർ തട്ടിപ്പുകാരാണ്. ആർക്കെങ്കിലും അത്തരം വരങ്ങൾ നല്കപ്പെട്ടിട്ടുണ്ട് എന്നതിൻ്റെ അർത്ഥം, അവർ വിശുദ്ധരാണെന്നോ അസാമാന്യ ശക്തികൾ ഉള്ളവരാണെന്നോ അല്ല. അവരെ ആൾദൈവങ്ങളായി കരുതുന്നതും എല്ലാ രോഗങ്ങളും അവരിലൂടെ സുഖപ്പെടുമെന്നോ അവരുടെ പ്രാർത്ഥന ചികിത്സയ്ക്കു ബദലാണെന്നോ ചിന്തിക്കുന്നതും ദൈവനിന്ദയല്ലാതെ മറ്റൊന്നുമല്ല. എന്നു മാത്രമല്ല, കർത്തൃനാമത്തിൽ പിശാചിനെ ബഹിഷ്കരിക്കുന്നവരോ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരോ ആയ എല്ലാവരും കർത്താവിനു പ്രിയങ്കരരാണെന്നു വിചിരിക്കുന്നത് മഹാബദ്ധമായിരിക്കും എന്ന മുന്നറിയിപ്പു പോലും തിരുവചനം തരുന്നുണ്ട്: "നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍" (മത്താ 7,22.23).

അപൂർവം സൗഖ്യം! ‍

അദ്‌ഭുതം എന്നത് എപ്പോഴും സംഭവിക്കുന്നതല്ലെന്നും ദൈവഹിതപ്രകാരം അപൂർവമായി നടക്കുന്നതാണെന്നും തിരിച്ചറിയാൻ ഒരു യഥാർത്ഥ വിശ്വാസിക്ക് ബുദ്ധിമുട്ടില്ല. അതുകൊണ്ടു തന്നെ, എനിക്ക് പിന്നീട് രോഗങ്ങൾ വന്നപ്പോൾ രോഗശാന്തിക്കാരുടെ പക്കലേക്കല്ല, ആശുപത്രിയിലേക്കു തന്നെയാണ് ഞാൻ പോയിട്ടുള്ളതും. "വൈദ്യനെ ബഹുമാനിക്കുക; നിനക്ക് അവനെ ആവശ്യമുണ്ട്; കര്‍ത്താവാണ് അവനെ നിയോഗിച്ചത്" (പ്രഭാഷകന്‍ 38,1) എന്നല്ലേ വി. ബൈബിളും പറയുന്നത്?

എന്നാൽ, അദ്‌ഭുതങ്ങളും രോഗശാന്തികളും അസാധാരണ പ്രതിഭാസങ്ങളാണെന്ന വസ്തുത മറന്നാണ് പലരുടെയും അഭിപ്രായപ്രകടനങ്ങൾ. അവയെ അനുദിന സംഭവങ്ങളായി കാണുന്നതും സാമാന്യമെന്ന പോലെ വ്യാഖ്യാനിക്കുന്നതും അവയുടെ സ്വഭാവത്തിനു തന്നെ കടകവിരുദ്ധമാണ്. പാപ്പ ആശുപത്രിയായപ്പോൾ, സോഷ്യൽ മീഡിയയിൽ ദൈന്യതയുടെ മുതലെടുപ്പുകാർ രോഗശാന്തി വരമുണ്ടെന്ന് കരുതപ്പെടുന്നവരോടു നടത്തിയ വെല്ലുവിളികളെല്ലാം ഈ അബദ്ധത്തിൻ്റെ ബാക്കി പത്രങ്ങളാണ്.

രോഗാവസ്ഥയിൽ സാമാന്യമായ പരിഹാരം ചികിത്സ തന്നെയാണ്. "കര്‍ത്താവ് ഭൂമിയില്‍നിന്ന് ഔഷധങ്ങള്‍ സൃഷ്ടിച്ചു; ബുദ്ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല" (പ്രഭാഷകന്‍ 38,4) എന്നല്ലേ വിശുദ്ധ ഗ്രന്ഥം പ്രസ്താവിച്ചിരിക്കുന്നത്? അതിനാൽ, ചികിത്സയ്ക്കു പകരം വയ്ക്കുന്ന ഒന്നല്ല ദൈവിക രോഗശാന്തി; മറിച്ച്, പലപ്പോഴും അത് ചികിത്സകൾ പലതു നടത്തി പ്രതീക്ഷ നഷ്ടപ്പെട്ടവർക്കുള്ളതാണ്.


Related Articles »