Meditation. - September 2024

ധൈര്യമായിരിക്കുക...!

സ്വന്തം ലേഖകന്‍ 22-09-2022 - Thursday

"കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനു വേണ്ടി കാത്തിരിക്കുവിന്‍" (സങ്കീ 27: 14 ).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 22

ആഗസ്റ്റ് 26-ലെ രഹസ്യ സമ്മേളനത്തില്‍ വച്ച്, താനാണ് അടുത്ത മാര്‍പാപ്പയായി തെരഞ്ഞെടുക്കാന്‍ പോവുന്നതെന്ന് മിക്കവാറും തീരുമാനമായി കഴിഞ്ഞപ്പോള്‍ അടുത്ത് നിന്നിരുന്ന കര്‍ദിനാള്‍ 'ധൈര്യമായിരിക്കുക' എന്ന് ജോണ്‍ പോള്‍ ഒന്നാമന്റെ ചെവിയില്‍ മന്ത്രിക്കുകയുണ്ടായി. പിറ്റേ ദിവസം, സെന്റ് പീറ്റേഴ്സ് ബസിലിക്കായുടെ മട്ടുപ്പാവില്‍ വച്ച് നടത്തിയ പ്രസംഗത്തിനിടയില്‍ പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്‍ ഇത് അനുസ്മരിച്ചു.

ഒരു പക്ഷേ ആ അവസരത്തില്‍ ആ വാക്ക് അദ്ദേഹത്തിന് ആവശ്യമായിരുന്നിരിക്കണം. കാരണം, അത് തന്റെ ഹൃദയത്തില്‍ പതിഞ്ഞതുകൊണ്ടായിരിക്കുമല്ലോ, പിറ്റേ ദിവസം അത് അദ്ദേഹം പെട്ടെന്ന് ഓര്‍ത്തെടുത്തത്. ഞാന്‍ വിശദമാക്കാന്‍ പോകുന്ന വിഷയത്തിലേക്ക് നമ്മെ എല്ലാവരേയും അനായാസം ആനയിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഞാന്‍ വിചാരിക്കുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി ആരോഗ്യം പണയപ്പെടുത്തുകയോ, യുദ്ധകാലത്തു സ്വന്തം ജീവന്‍ അപകടത്തിലാക്കുക പോലും ചെയ്യുന്ന ഒരു പടയാളിക്കു സമാധാനകാലത്തും ധീരത ആവശ്യമാണ്.

'സാമൂഹ്യധീരത' എന്ന് പറയുന്നതില്‍ പേരെടുക്കുന്ന വ്യക്തികളേയും നാം അത്യധികം ബഹുമാനിക്കാറുണ്ട്. മുങ്ങി മരിക്കാന്‍ പോകുന്ന ഒരാളിനേയോ, തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും രക്ഷിക്കുകയോ ചെയ്യാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നവര്ക്ക് നാം ധീരതയുടെ സാക്ഷിപത്രം നല്കാറുണ്ടല്ലോ. വിശുദ്ധനായ ചാള്‍സ് ഈ സദ്ഗുണത്തില്‍ ഔന്നിത്യം നേടിയവനാണ്; മിലാനില്‍ പ്ലേഗ് രോഗം പടര്‍ന്നപ്പോള്‍ ആ നഗര നിവാസികളുടെയിടയില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിച്ച നിസ്തുല്യനായിരുന്നു ആ വിശുദ്ധന്‍.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.11.78)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »