News
നമ്മുടെ ഹൃദയത്തിന്റെ മുറിവുകൾ യേശു ക്രിസ്തു തിരുസഭയിലൂടെ സുഖപ്പെടുത്തുന്നു : കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ
അഗസ്റ്റസ് സേവ്യർ 02-10-2015 - Friday
ഹൃദയത്തിൽ മുറിവേൽക്കാത്തവരായി ആരുമില്ല. അങ്ങനെയുള്ളവർക്ക്, തന്റെ ശരീരമാകുന്ന തിരുസഭ വഴി, യേശു സൗഖ്യമേകുന്നു.
ലോക കുടുംബസംഗമവേദിയിൽ സെപ്തംബർ 24-ൽ അദ്ധ്യക്ഷപ്രസംഗം നടത്തിയ കർദ്ദിനാൾ ലൂയിസ് ആന്റണിയോ ടാഗിൾ ശ്രോതാക്കളോട് പറഞ്ഞു. "എല്ലാ മുറിവുകളും വേദനാജനകമാണ്. നമ്മുടെ കുടുംബത്തിലുള്ളവർക്കേറ്റ മനസ്സിന്റെ മുറിവുകൾ നമ്മെ കൂടുതൽ വേദനിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബത്തിനേൽക്കുന്ന മുറിവുകൾ ആഴത്തിലുള്ളതും മനുഷ്യരാൽ സൗഖ്യമേകാൻ സാധിക്കാത്തതുമാണ് ."
സാമ്പത്തിക പ്രശ്നങ്ങൾ, ജോലി സ്ഥലത്തെ അസ്വാരസ്യങ്ങൾ, മതപരമായ ബഹിഷ്കരണം, വിവേചനം, പീഠനം, ഗാർഹീ കവഴക്കുകൾ, ശാരീരികവും മാനസീകവുമായ അപകീർത്തിപ്പെടുത്തൽ - എല്ലാം നമ്മുടെ ഹൃദയത്തിൽ മുറിവുകൾ ഏൽപ്പിക്കുന്നു.
"നിങ്ങൾ കണ്ണുകൾ തുറന്നു വയ്ക്കുക. ഹൃദയത്തിനു മുറിവേറ്റവരുടെ രോദനങ്ങൾ കേൾക്കുക. ആ മുറിവുകൾ കാണുക."
ശ്രദ്ധിക്കപ്പെടാതെ പോകുന്ന മുറിവുകൾ, സൗഖ്യപ്പെടാതെ പോകുന്ന മുറിവുകൾ - അവ വ്യക്തിയെ നശിപ്പിക്കും. അവർ സമൂഹത്തിനെതിരെ തിരിയാൻ ഇടയാക്കും.
ഒരു വലിയ വീടുണ്ടായാലും ഒരു വ്യക്തി കുടുംബരഹിതനാകാം. "കുടുംബമുണ്ടാക്കുന്നത് ചുവരുകളല്ല, സ്നേഹമാണ്." ബർട്ട് ബച്ചാർച്ചിന്റെ "A House Is Not a Home" എന്ന ഗാനം ആലപിച്ച് ക ർഡിനാൾ തന്റെ ആശയം വ്യക്തമാക്കി. ശ്രോതാക്കൾ അത് ഏറ്റു പാടി.
യേശു തന്റെ പ്രവർത്തനകാലം മുഴുവൻ ആളുകളുടെ ആന്തരികവും ബാഹ്യവുമായ മുറിവുകൾ സൗഖ്യമാക്കുകയായിരുന്നു. നമുക്കും നമ്മുടെ മുറിവുകൾ സൗഖ്യമാക്കാൻ യേശുവിന്റെ അടുത്തേക്കെത്താം. ദൈവപരിപാലനമുള്ളിടത്ത് മുറിവുകൾ സൗഖ്യമാക്കപ്പെടും.
യേശു സൗഖ്യമേകുന്നത് ശത്രു-മിത്ര ഭേദമില്ലാതെയാണ്. അവിടെ വിവേചനമില്ല. അദ്ദേഹമാണ് നല്ല സമറിയാക്കാരൻ. അപരിചിതനാണെങ്കിലും ശത്രുവാണെങ്കിലും സൗഖ്യം വേണ്ടിടത്ത് യേശു എത്തിച്ചേരുന്നു.
"നിങ്ങൾ സ്വയം ചോദിക്കുക. നിങ്ങളുടെ ശത്രുവിന് സൗഖ്യമേകാൻ നിങ്ങൾ തെയ്യാറാണോ? " കർദ്ദിനാൾ ചോദിച്ചു. ദൈവത്തിന്റെ രാജ്യത്ത് നടക്കുന്നത് അതാണ്. നാം ദൈവരാജ്യത്തിന് യോഗ്യരായി തീരുക .
മുറിവേറ്റവരെയും അശരണരെയും യേശു ഒരിക്കലും ഉപേക്ഷിക്കുകയില്ല. ലൂക്കോയുടെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് ഉപമകളിലൂടെ നമുക്ക് അത് മനസിലാക്കാം - കൂട്ടം തെറ്റി പോയ ആട്, കാണാതെ പോയ നാണയം, വഴി തെറ്റി പോയ മുടിയനായ പുത്രൻ.
കൂട്ടം തെറ്റിയ ആട് മിക്കവാറും മുറിവേറ്റതായിരിക്കണം. ഇടയൻ അതിനെ അന്വേഷിച്ചിറങ്ങുന്നു.
തന്റെ പുത്രൻ ഇല്ലാത്ത വീട് വെറും വാസസ്ഥലം മാത്രമായി മാറുന്നത് പിതാവ് മനസിലാകുന്നു. ആ പുത്രൻ മടങ്ങി വരുമ്പോൾ പിതാവ് അവനെ ആഹ്ലാദത്തോടെ സ്വീകരിക്കുന്നു.
അതുപോലെ മനസിനു മുറിവേറ്റ് നിരാലംബരായി അലയുന്ന നമ്മുടെയടുത്തേക്ക് യേശു എത്തിച്ചേരുന്നു. അദ്ദേഹം നമ്മുടെ മനസ്സിന്റെ മുറിവുകളിൽ പ്രവേശിച്ച് നമുക്ക് സൗഖ്യം നൽകുന്നു.
ആ സൗഖ്യം നമ്മെ രൂപാന്തരപ്പെടുത്തുന്നു. കർത്താവിന്റെ മുറിവുകളിലൂടെ അദ്ദേഹം രൂപാന്തരപ്പെട്ടതു പോലെ, നമ്മുടെ മുറിവുകൾ ദൈവത്തിന്റെ സൗഖ്യം നമ്മിലെത്തിച്ചേരാനുള്ള വഴികളാകുന്നു.
നാം ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറ്റുള്ളവർക്ക് സൗഖ്യം നൽകാൻ നമുക്ക് സാധ്യമാകുമെന്ന് കർഡിനാൾ ടാഗിൾ പറയുന്നു.
1. സ്വന്തം മുറിവുകൾ മനസിലാക്കുക. അപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ മുറിവുകളിൽ അലിവ് തോന്നും.
2 ഇരുട്ടിനെ ഭയപ്പെടരുത്. മുറിവേറ്റ ആത്മാക്കൾ ഇരുട്ടിൽ അഭയം തേടാം.
3 ഇരുട്ടിൽ ഒളിക്കുന്ന ആത്മാക്കളെ തേടി ചെല്ലുക.
4. തിരുസഭ ആത്മാക്കളുടെ ആശുപത്രിയാണെന്ന് തിരിച്ചറിയുക.
5. ആ ആശുപത്രിയിൽ വിശ്വാസത്തിന്റെ, പ്രത്യാശയുടെ തിരിനാളം കൊളുത്തുക.
6 പലപ്പോഴും നിങ്ങളുടെ സാമീപ്യം മാത്രം മതിയാകും വേദനിക്കുന്നവർക്ക് സൗഖ്യമേൽകാൻ.