Events

നോര്‍ത്താംപ്റ്റണ്‍ നോട്ടിംഗ്ഹാം രൂപതകളില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശനം നടത്തി

ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 25-09-2016 - Sunday

പ്രസ്റ്റണ്‍ ആസ്ഥാനമാക്കി ഗ്രേറ്റ് ബ്രിട്ടനില്‍ അനുവദിക്കപ്പെട്ട സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ നോട്ടിംഗ്ഹാം, നോര്‍ത്താപ്റ്റണ്‍ രൂപതകളില്‍ സന്ദര്‍ശനം നടത്തി.

നോട്ടിംഗ്ഹാം രൂപതയില്‍ ഫാ. ബെന്നി വലിയവീട്ടില്‍ എം‌എസ്‌എഫ്‌എസ്, ഫാ.പ്രിന്‍സ് എം‌എസ്‌എഫ്‌എസ്, ഫാ.ബെന്നി മരങ്ങോലില്‍ എം‌എസ്‌എഫ്‌എസ്, ഡെസ്റ്റണില്‍ ഫാ. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ നിയുക്ത മെത്രാനെ സ്വീകരിച്ചു. നോര്‍ത്താംപ്റ്റണ്‍ രൂപതയിലെ സീറോ മലബാര്‍ സഭാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചോദിച്ചു മനസ്സിലാക്കി.

ഉച്ചകഴിഞ്ഞു നോട്ടിംഗ്ഹാമില്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ബിജു കുന്നക്കാട്ടും കമ്മറ്റിയംഗങ്ങളും വിശ്വാസികളും ചേര്‍ന്ന് തങ്ങളുടെ പുതിയ ഇടയനെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ഡര്‍ബി കത്തോലിക്ക കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചും പ്രതിനിധികള്‍ നിയുക്തമെത്രാനെ കാണാനെത്തി.

തുടര്‍ന്നു നോട്ടിംഗ്ഹാം ബിഷപ്പ് പാട്രിക്ക് മക്കിനിയുമായി മാര്‍ സ്രാമ്പിക്കല്‍ കൂടികാഴ്ച നടത്തി. തുടര്‍ന്നു നോട്ടിംഗ്ഹാം ഗുഡ് ഷെപ്പേര്‍ഡ്, അര്‍നോള്‍ഡ് ഇടവക ദേവാലയം സന്ദര്‍ശിച്ചു ഇടവക വികാരി റവ. ഫാ. ഫിലിപ്പ് ഷോമെക്കുമായും ആശയവിനിമയം നടത്തി.

വൈകുന്നേരത്തോട് കൂടി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ ഇടവക വികാരി റവ. ഫാ. പോള്‍ നെല്ലികുളവും ഇടവകാംഗങ്ങളും കൂടി പിതാവിനെ സ്വീകരിച്ചും ഇടവക ജനങ്ങളുമായി സംസാരിക്കുന്നതിന് സമയം കണ്ടെത്തിയ ശേഷം ഇന്ന്‍ ബര്‍മിങ്ഹാമില്‍ നടക്കുന്ന 'ചാപ്ലയിന്‍സി ഡേ' യില്‍ പങ്കെടുക്കുന്നതിനായി ബര്‍മ്മിംഹാമിലേക്ക് തിരിച്ചു.

പെട്ടെന്നുള്ളതാണെങ്കിലും അതാതു രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരെ കാണാന്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുവാന്‍ സാധിക്കുന്നതും തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍കൂട്ടാവുമെന്ന് നിയുക്ത മെത്രാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ലീഡ്സ് രൂപതയില്‍ നടത്തിയ സന്ദര്‍ശനവും ഏറെ ഉന്മേഷം പകരുന്നതായിരിക്കുമെന്ന് മാര്‍ സ്രാമ്പിക്കല്‍ സൂചിപ്പിച്ചു.

അതേ സമയം ഈ വരുന്ന ആഴ്ചകളില്‍ ദേവാലയങ്ങളില്‍ വായിക്കുന്നതിനായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പുതിയ ഇടയ ലേഖനം നല്കിയിട്ടുണ്ട്. പുതിയ രൂപതാ സ്ഥാപനത്തെ കുറിച്ചും മെത്രാന്‍മാരുടെ നിയമനങ്ങളെ കുറിച്ചുമാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ റവ. ഫാ. തോമസ് പാറയടിയിലും ജോയിന്‍റ് കണ്‍വീനര്‍ റവ. ഫാ. മാത്യു ചൂരപൊയ്കയിലും അറിയിച്ചു.