News - 2025
വിശ്വാസികളുടെ മൃതശരീരം ദഹിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച് വത്തിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
സ്വന്തം ലേഖകന്‍ 26-10-2016 - Wednesday
വത്തിക്കാന്‍: കത്തോലിക്ക വിശ്വാസികളുടെ മൃതസംസ്കാര ശുശ്രൂഷ സംബന്ധിച്ചും മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ചും വത്തിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിശ്വാസ തിരുസംഘമാണ് ഇതു സംബന്ധിക്കുന്ന രേഖയായ 'അഡ് റെസൂര്‍ജീണ്ടം കം ക്രിസ്‌തോ' (ക്രിസ്തുവിനോട് കൂടി ഉയിര്‍ക്കാം) എന്ന പേരില്‍ പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിര്‍ദേശങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ അംഗീകരിച്ചിരിന്നു. മൃതശരീരം പ്രത്യേക കാരണങ്ങള്‍ കൊണ്ട് ദഹിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് പുതിയ രേഖയില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നത്.
ഈശോയുടെ മരണം, സംസ്കാരം, ഉത്ഥാനം എന്നിവ അനുസ്മരിച്ചു കൊണ്ടുള്ള സഭാപാരമ്പര്യത്തെ അടിസ്ഥാനമാക്കി മൃതദേഹം സംസ്കരിക്കുന്നത് തന്നെയാണ് സഭ പ്രോത്സാഹിപ്പിക്കുന്നത്. അതേ സമയം മൃതദേഹം ദഹിപ്പിക്കുന്നതിന് സഭയില്‍ വിലക്കുകളില്ലെന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മൃതശരീരം ദഹിപ്പിച്ച ശേഷം വരുന്ന ചാരം വെള്ളത്തില്‍ ഒഴുക്കുവാനോ, അന്തരീക്ഷത്തില്‍ വിതറുവാനോ പാടില്ല.
മൃതശരീരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ചാരം സെമിത്തേരിയിലോ, ദേവാലയത്തോട് ചേര്‍ന്ന് തയ്യാറാക്കപ്പെട്ട പ്രത്യേക സ്ഥലത്തോ ഭദ്രമായി സൂക്ഷിക്കണം. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുന്ന ചാരം കുടുംബാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാനോ, അതിനെ ആഭരണങ്ങളുടെ ഉള്ളിലാക്കി ശരീരത്തില്‍ ധരിച്ചു നടക്കുവാനോ പാടില്ല. അസാധാരണമായ അവസരങ്ങളില്‍ മൃതശരീരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ചാരം വീടുകളില്‍ സൂക്ഷിക്കുവാന്‍ ബിഷപ്പിന്റെ പ്രത്യേക അനുമതി അത്യാവശ്യമാണ്.
മരണശേഷം മൃതശരീരം ദഹിപ്പിക്കുകയും, പിന്നീട് ലഭിക്കുന്ന ചാരം കടലിലോ നദിയിലോ ഒഴുക്കണമെന്നോ, അന്തരീക്ഷത്തില്‍ വിതറണമെന്നോ ഒരു വിശ്വാസി ആവശ്യപ്പെട്ടാൽ പ്രസ്തുത മൃതസംസ്‌കാര ശുശ്രൂഷ സഭക്ക് വിലക്കാവുന്നതാണ്. ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസം സഭയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനാലാണ് ആദിമ ക്രൈസ്തവര്‍ ചെയ്തിരുന്നതിന് സമാനമായി ഇപ്പോഴും മരിച്ചവരെ സെമിത്തേരിയില്‍ അടക്കം ചെയ്യുന്നത്.
മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കുന്ന രീതി ഏറെ പ്രയോജനം ചെയ്യും. രക്തസാക്ഷികളുടെയും വിശുദ്ധരുടെയും കബറിടങ്ങളില്‍ വിശ്വാസികള്‍ക്ക് സന്ദര്‍ശിക്കുന്നതിനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും, അവരെ സഭയുടെ നടപടി പ്രകാരം വണങ്ങുന്നതിനും സെമിത്തേരിയിലുള്ള മൃതസംസ്‌കാരം ആണ് കൂടുതലും ഉപകരിക്കുക. 1963-ല്‍ ആണ് ആദ്യമായി മൃതശരീരം ദഹിപ്പിക്കുവാനുള്ള അനുമതി കത്തോലിക്ക സഭ നല്‍കുന്നത്.