Arts
നിരീശ്വരവാദിയില്‍ നിന്ന്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക്: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ലീ സ്‌റ്റ്രോബലിന്റെ ജീവിതം ചലച്ചിത്രമാകുന്നു
സ്വന്തം ലേഖകന്‍ 14-11-2016 - Monday
വാഷിംഗ്ടണ്‍: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും നിരീശ്വരവാദിയുമായിരുന്ന ലീ സ്‌റ്റ്രോബല്‍ ക്രൈസ്തവവിശ്വാസിയായ ജീവിതകഥ ചലച്ചിത്രമാകുന്നു. 'ദ കേസ് ഫോര്‍ ക്രൈസ്റ്റ്' എന്ന പേരിലാണ് ചലച്ചിത്രം പുറത്തിറങ്ങുന്നത്. ശാസ്ത്രത്തിനെ അടിസ്ഥാനമാക്കി ക്രിസ്തുയെന്നത് വെറും മനുഷ്യസൃഷ്ട്ടിയാണെന്ന്‍ ഉറപ്പിക്കുകയും നിരീശ്വരവാദം പ്രചരിപ്പിക്കുകയും ചെയ്ത ലീ സ്‌റ്റ്രോബല്‍ പൗലോസ് അപ്പോസ്‌ത്തോലന്റേതിനു സമാനമായ മാനസാന്തരം പ്രാപിച്ചാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.
'ചിക്കാഗോ ട്രിബ്രൂണ്‍' എന്ന പത്രത്തിന്റെ നിയമകാര്യ വിഭാഗം എഡിറ്ററായിരുന്നു ലീ സ്‌റ്റ്രോബല്‍. 1980-ല്‍ ആണ് ക്രൈസ്തവ വിശ്വാസം തെറ്റാണെന്ന് തെളിയിക്കുവാന്‍ സ്‌റ്റ്രോബല്‍ ഇറങ്ങി തിരിച്ചത്. 'ദ കേസ് ഫോര്‍ ക്രൈസ്റ്റ്' എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. യേശുക്രിസ്തുവിനേയും, ബൈബിളിനേയും തെറ്റായി വ്യാഖ്യാനിക്കുക എന്നതായിരുന്നു ഈ പുസ്തകത്തിന്റെ ഉദ്ദേശ ലക്ഷ്യം.
തന്റെ പിതാവുമായി ഉണ്ടായ ചില തര്‍ക്കങ്ങളാണ് ദൈവവിശ്വാസം തെറ്റാണെന്ന് തെളിയിക്കുവാന്‍ സ്‌റ്റ്രോബലിനെ പ്രേരിപ്പിച്ചത്. ഇതു സംബന്ധിക്കുന്ന ഒരു അഭിമുഖം അദ്ദേഹം 'ദ ബ്ലേസ്' എന്ന മാധ്യമത്തിന് നല്‍കിയിട്ടുണ്ട്. സ്‌റ്റ്രോബലിന്റെ ഭാര്യ ലെസ്ലീയുടെ ക്രൈസ്തവവിശ്വാസമാണ് അവിശ്വാസിയായ അദ്ദേഹത്തെ സുവിശേഷത്തിന്റെ സത്യവെളിച്ചത്തിലേക്ക് നയിച്ചത്. "അവളുടെ വിശ്വാസം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. ശാസ്ത്രത്തിന്റെ പിറകേ നടന്നു ഞാന്‍ ക്രിസ്തുവിനെ പരീക്ഷിച്ചു. എന്നാല്‍ സമ്പൂര്‍ണ്ണനായ സ്വര്‍ഗീയ പിതാവ് എന്നെ തേടിവന്നു മാനസാന്തരപ്പെടുത്തി". സ്‌റ്റ്രോബല്‍ പറയുന്നു.
മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്ന ചലച്ചിത്രത്തിന്റെയും പേരും 'ദ കേസ് ഫോര്‍ ക്രൈസ്റ്റ്' എന്നുതന്നെയാണ്. അടുത്ത വര്‍ഷമാണ് ചലച്ചിത്രം പുറത്തുവരിക. അമേരിക്കന്‍ തിയറ്ററുകളില്‍ വന്‍ തരംഗമായി ചലച്ചിത്രം മാറുമെന്നാണ് കരുതപ്പെടുന്നത്. മൈക്ക് വോഗല്‍, എറീക്ക ക്രിസ്റ്റന്‍സെന്‍ എന്നിവരാണ് ചലച്ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ദ കേസ് ഫോര്‍ ക്രൈസ്റ്റ് ചലച്ചിത്രത്തിന്റെ ട്രെയിലര്‍