India - 2025

കള്ളപ്പണവും അഴിമതിയും തടയാന്‍ നൂതന ആശയവുമായി വൈദികന്‍ രംഗത്ത്

സ്വന്തം ലേഖകന്‍ 15-11-2016 - Tuesday

പത്തനംതിട്ട: രാജ്യത്തു കള്ളപ്പണവും അഴിമതിയും തടയാന്‍ വേറിട്ട ആശയവുമായി വൈദികന്‍ രംഗത്ത്. മലങ്കര കത്തോലിക്ക സഭയിലെ സീനിയര്‍ വൈദികനും പുഷ്പഗിരി മെഡിക്കല്‍ കോളജ്, മാക്ഫാസ്റ്റ് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന ഡോ. ഏബ്രഹാം മുളമൂട്ടിലാണു പണം കൈമാറ്റത്തിനു ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ഇ- റുപ്പി എന്ന നൂതന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സാധാരണക്കാര്‍ക്കു ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് 100, 200 രൂപ നോട്ടുകൾ മാത്രം റിസര്‍വ് ബാങ്ക് അച്ചടിച്ചിറക്കണം. 200 രൂപയ്ക്കു മുകളില്‍ വരുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ഇലക്‌ട്രോണിക് മണി സംവിധാനത്തിലൂടെ നടപ്പാക്കിയാല്‍ അഴിമതിയും കള്ളപ്പണവും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും.

സ്മാര്‍ട്ട് ഫോണുകളിലൂടെയും എടിഎം മാതൃകയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളിലൂടെയും ഇലക്‌ട്രോണിക് മണിയുടെ വിനിമയം സാധ്യമാകും. പൗരന്മാര്‍ക്കു വിരലടയാളം രേഖപ്പെടുത്തിയും രഹസ്യ പാസ്‌വേഡുകള്‍ ഉപയോഗിച്ചും ഇ- റുപ്പി അക്കൗണ്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനാകും. ഫാ. ഏബ്രഹാം മുളമൂട്ടില്‍ പറയുന്നു.

ഇ- റുപ്പി ആശയം നടപ്പാക്കുക വഴി ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയ്ക്കു വലിയൊരു സാമ്പത്തിക വിപ്ലവത്തിനു തുടക്കമിടാന്‍ സാധിക്കും. രാജ്യത്തു നോട്ട് അച്ചടിക്കുന്നതിനു ചെലവാക്കുന്ന കോടിക്കണക്കിനു രൂപയുടെ നാലിലൊരു ഭാഗം മുടക്കി ഐടി മേഖലയില്‍ സെര്‍വറുകള്‍ സ്ഥാപിച്ചാല്‍ ഇ- റുപ്പി പദ്ധതി പ്രായോഗികതലത്തില്‍ അനായാസം വിജയിപ്പിച്ചെടുക്കാമെന്നു ഫാ. ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച് അഞ്ചുദിവസം കഴിയുമ്പോഴും ബാങ്കുകളിലും എടിഎമ്മുകളിലും പഴയ നോട്ടുകള്‍ മാറിയെടുക്കാനും പുതിയ നോട്ടുകള്‍ വാങ്ങാനും ജനങ്ങള്‍ ബുദ്ധിമുട്ടുന്നതു പൂര്‍ണമായും പുതിയ സാങ്കേതിക വിദ്യയിലൂടെ ഒഴിവാക്കാനാകും.

ഇലക്‌ട്രോണിക് മണി എന്ന ഡിജിറ്റല്‍ സാങ്കേതിക പണം കൈമാറ്റത്തിലേക്ക് ഇന്ത്യ അതിവേഗം മാറണമെന്ന നിര്‍ദേശവുമായി ഫാ. ഏബ്രഹാം മുളമൂട്ടില്‍ രചിച്ച ‘ഇ- റുപ്പി ടു റീഇന്‍വെന്റ് ഇന്ത്യ’ എന്ന പുസ്തകം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി 2014ല്‍ പ്രകാശനം ചെയ്തിരിന്നു.


Related Articles »