News

വിവാഹബന്ധം ഒരിക്കലും വേർപെടുത്താനാവാത്തത് : കുടുംബത്തെപറ്റിയുള്ള തിരുസഭയുടെ കാഴ്ച്ചപ്പാടുകൾ പൂർണ്ണമായും ഉൾക്കൊണ്ട അന്തിമ സിനഡ് രേഖ

അഗസ്റ്റസ് സേവ്യർ 27-10-2015 - Tuesday

ക്രൈസ്തവസഭയിലെ 'തീ പാറുന്ന പ്രശ്നങ്ങളായി' കരുതപ്പെട്ടിരുന്ന, 'പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം', 'സ്വവർഗ്ഗരതി' എന്നീ പ്രശ്നങ്ങളിൽ തിരുസഭയുടെ അനുശാസനങ്ങൾ, 200-ൽ പരം മെത്രാന്മാർ പൂർണ്ണമായും പിന്താങ്ങിക്കൊണ്ട് (മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ) സിനഡ് രേഖ തയ്യാറായി.

ഒക്ടോബർ 4-ാം തിയതി ഫ്രാൻസിസ് മാർപാപ്പ ഉത്ഘാടനം ചെയ്ത സിനഡ്, ഒക്ടോബർ 25-നാണ് അവസാനിച്ചത്. "തിരുസഭയിലും ആധുനീക കാലഘട്ടത്തിലും കുടുംബത്തിന്റെ പങ്ക്" എന്നതായിരുന്നു ഈ സിനഡിന്റെ മുഖ്യ ചർച്ചാ വിഷയം. 2014-ൽ അസാധാരണ സിനഡിൽ ചർച്ച ചെയ്ത വിഷയത്തിന്റെ തുടർച്ചയായാണ്, ഈ സിനഡ് കുടുംബത്തെ പറ്റിയുള്ള ചർച്ച ഏറ്റെടുത്തത്.

സിനഡിലെ പ്രധാന ചിന്താവിഷയങ്ങൾ എന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചു കാണിച്ച, 'പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം' 'സ്വവർഗ്ഗരതി' എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും കുടുംബസംബന്ധിയായ മറ്റനവധി വിഷയങ്ങൾ സിനഡിൽ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടു.

'കുടുംബത്തിനുള്ളിലെ അതിക്രമങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റങ്ങൾ, വ്യഭിചാരം, അശ്ലീല സാഹിത്യം, വിവാഹത്തിനു വേണ്ട ഒരുക്കം' ഇങ്ങനെ പല വിധ വിഷയങ്ങൾ സിനഡ് മെത്രാന്മാർ ചർച്ചയിൽ അവതരിപ്പിച്ചു.

ഒക്ടോബർ 24-ലെ ന്യൂസ് കോൺഫ്രൻസ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള മെത്രാന്മാരുടെ 'ക്രൈസ്തവ ദർശനത്തിന്റെ ഏകതാനത' വ്യക്തമാക്കി. സിനഡ് രേഖയിലെ 94 ഖണ്ഡികകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിഭിന്നമായ വോട്ടിംഗ് പെരുമാറ്റം ദൃശ്യമായത്. അതാകട്ടെ, 'പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം' എന്ന വിഷയത്തിലായിരുന്നു.

ഒരു ചെറിയ വിഭാഗം ഈ വിഷയത്തിൽ സഭയുടെ അനുശാസനങ്ങൾ മാറ്റിയാൽ കൊള്ളാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും സിനഡ് പൊതുവേ, തിരുസഭയുടെ ഇപ്പോഴത്തെ നിയമങ്ങൾ തുടരണമെന്നു തന്നെ നിർദ്ദേശിച്ചു.

ഇതിൽ ബന്ധപ്പെട്ട വ്യക്തികളെ, തിരുസഭയുടെ ഇക്കാര്യത്തിലുള്ള അനുശാസനങ്ങളെ പറ്റി ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്വം, പുരോഹിതർ നിറവേറ്റണം എന്ന് 85-ാം ഖണ്ഡികയിൽ പറയുന്നു.

പക്ഷേ, അവരും മാമ്മോദീസ സ്വീകരിച്ച വൃക്തികളാണെന്നതിനാൽ, അവരെ ക്രിസ്തീയ സമൂഹത്തിലേക്ക് സ്വീകരിക്കുന്നതിൽ വൈമനസ്യം അരുത് എന്നും, രേഖ ഒർമ്മിപ്പിക്കുന്നു.

ദിവ്യകാരുണ്യ സ്വീകരണം ഒഴിച്ച്, മതപരമായ ഏതെല്ലാം കാര്യങ്ങളിൽ അവരെ പങ്കാളികളാക്കാമെന്ന് ചിന്തിക്കണമെന്ന്, 84-ാം ഖണ്ഡികയിൽ പറയുന്നു. ചില രാജ്യങ്ങളിൽ, (സിവിൽ നിയമം അനുസരിച്ച് വിവാഹം കഴിച്ച ) പുനർവിവാഹിതരെ ദിവ്യകാരുണ്യ സ്വീകരണത്തിൽ നിന്നു മാത്രമല്ല, വേദോപദേശം പഠിപ്പിക്കുന്നതിൽ നിന്നും, കുഞ്ഞുങ്ങളെ തലതൊടുന്നതിൽ ( Godparentship) നിന്നുമെല്ലാം വിലക്കിയിരിക്കുന്നതായി സിനഡ് രേഖ സൂചിപ്പിച്ചു.

ഇങ്ങനെയുള്ള കാര്യങ്ങളിൽ സഭാപരമായ ഒരു സമന്വയം ആവശ്യമാണ് എന്ന് സിനഡ് പുരോഹിതർ രേഖയിൽ അഭിപ്രായപ്പെടുന്നു.

സഭയുടെ അനുശാസനങ്ങൾക്ക് കടകവിരുദ്ധമായ 'സ്വവർഗ്ഗരതി' എന്ന വിഷയം റിപ്പോർട്ടിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടു എന്നു പറയാം. പക്ഷേ, സ്വവർഗ്ഗരതിക്കാർ അംഗങ്ങളായുള്ള ക്രിസ്തീയ കുടുംബങ്ങളിലെ മറ്റ് അംഗങ്ങൾക്ക്, സഭയുടെ സാന്ത്വനം ലഭ്യമാക്കേണ്ടതുണ്ട് എന്ന് 76-ാം ഖണ്ഡികയിൽ പറയുന്നു. വിവാഹവും കുടുംബവും ദൈവത്തിന്റെ പദ്ധതിയാണ്. സ്വവർഗ്ഗ പ്രേമികളുടെ കൂട്ടുകെട്ടിനെ ഒരു വിധത്തിലും ക്രൈസ്തവ ജീവിതവുമായി താരതമ്യം ചെയ്യാനാവില്ല എന്ന് സിനഡ് ഏകകണ്ഠമായി പ്രഖ്യാപിച്ചു.

'സ്വവർഗ്ഗ കൂട്ടുകെട്ട്' വിവാഹമാണ് എന്ന വാദവുമായി വരുന്ന മതവിരുദ്ധ സംഘങ്ങൾ, പ്രാദേശിക സഭാനേതൃത്വങ്ങൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് സിനഡ് പുരോഹിതർ അഭിപ്രായപ്പെടുന്നു.

ജീവിതവിഷയങ്ങളായ 'ഗർഭച്ഛിദ്രം', 'ഗർഭനിരോധനം' തുടങ്ങിയ വിഷയങ്ങളിൽ, സിനഡിന്റെ അന്തിമ രേഖ, തിരുസഭയുടെ അനുശാസനങ്ങൾ ആവർത്തിച്ച് പ്രഖ്യാപിച്ചു.

മനുഷ്യ ജീവന്റെ മഹത്വത്തെ പറ്റി "മനുഷ്യജീവൻ വിശുദ്ധമാണ്, കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ്." എന്ന് 33-ാം ഖണ്ഡികയിൽ പറയുന്നു. അത് തുടരുന്നത് ഇങ്ങനെയാണ്: ജൈവശാസ്ത്രത്തിലെ വിപ്ലവകരമായ പുരോഗതി, സന്താനോൽപ്പാദന മാർഗ്ഗത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമമിടുന്നവയാണ്. ഇതിലെ ഗവേഷണങ്ങൾ, സ്ത്രീപുരുഷ ബന്ധം ഇല്ലാതെ, കൃത്രിമമായി സന്താനോൽപ്പാദനം സാധ്യമാക്കുന്ന തരത്തിലുള്ളതാണ്. ഇത്, വിവാഹ ജീവിതത്തിനും കുടുംബത്തിനും വെല്ലുവിളികൾ ഉയർത്തുന്നു .മാതൃ - പിതൃസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാനും, ജീവന്റെ വിശുദ്ധിയെ തന്നെ നശിപ്പിക്കാനും അത് ഇടയാക്കും എന്ന്, സിനഡ് രേഖ സൂചിപ്പിക്കുന്നു.

വിവാഹത്തിന്റെയും, കുടുംബത്തിന്റെയും, പവിത്രതയും മനോഹാരിതയും, അതിന്റെ അഭേദ്യതയും, രേഖയിലുടനീളം എടുത്തു പറയുന്നു.

ഈ വിഷയെത്തെ പറ്റി സിനഡിന്റെ ഉത്ഘാടന വേളയിൽ, ഫ്രാൻസിസ് മാർപാപ്പ സുവിശേഷ ഭാഗങ്ങൾ ഉദ്ധരിച്ചു നടത്തിയ പ്രസംഗ ഭാഗങ്ങൾ, അന്തിമരേഖയിലെ ഒന്നാം ഖണ്ഡികയിൽ അടങ്ങിയിരിക്കുന്നു. "ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.'........ അവൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും.... അവർ ഒന്നായി ചേരും."

''അവരുടെ ബന്ധം അഭേദ്യമാണ്. അവർ മരണം വരെ, ഒരുമിച്ചു ജീവിക്കാൻ മാത്രമല്ല, സ്നേഹിച്ചു ജീവിക്കാൻ, ഉടമ്പടിയായിരിക്കുന്നു."

സെപ്തംബർ 26-ാം തിയ്യതി പിതാവ് ഫിലഡെൽഫിയയിലെ 'ലോക കുടുംബസംഗമ'ത്തിൽ ചെയ്ത പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ സിനഡ് രേഖയുടെ രണ്ടാം ഖണ്ഡികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"ദൈവത്തിന്റെ സ്നേഹം അപാരമാണ്...... :ദൈവം തന്റെ മകനെ തന്നെ മനുഷ്യരാശിയുടെ രക്ഷയ്ക്കായി അയക്കുന്നു........ തന്റെ മകനെ ദൈവം അയച്ചത് ഒരു കൊട്ടാരത്തിലേക്കല്ല, ഒരു നഗരത്തിലേക്കല്ല,'' ''....അയച്ചത് ഒരു കുടുംബത്തിലേക്കാണ്. ദൈവപുത്രൻ ലോകത്തിലെത്തിയത് ഒരു കുടുംബത്തിലൂടെയാണ്. അതാണ് കുടുംബത്തിന്റെ മാഹാത്മ്യം. " കുടുംബമെന്നത് സ്നേഹത്തിന്റെയും, വെച്ചുമാറാനാവാത്ത ജീവ പ്രക്രിയയുടെയും ആധാരമാണെന്ന് 4-ാം ഖണ്ഡികയിൽ പറയുന്നു.

പിതാവിന് സിനഡിന്റെ അന്തിമ രേഖ വലിയ ആഹ്ളാദമുളവാക്കിയെന്ന് വത്തിക്കാന്റെ ഒരു വക്താവ്, കർഡിനാൾ ജോർജ് പെൽ അറിയിച്ചു.

"പുതിയ അനുശാസനകൾ ആവശ്യപ്പെടുന്നില്ല, അത്ഭുതങ്ങളില്ല, വ്യത്യാസങ്ങളൊന്നുമില്ല. പകരം, കുടുംബജീവിതത്തിന്റെ മഹത്വത്തെ പറ്റിയുള്ള, അതിന്റെ മനോഹാരിതയെ പറ്റിയുള്ള, നല്ലൊരു രേഖ. സുവിശേഷ പ്രചാരണത്തിൽ, മനോഹരമായ കുടുംബമാതൃകകൾ നൽകുന്ന സന്ദേശത്തിന്റെ ഒരു റിപ്പോർട്ട്. അതാണ് സിനഡ് രേഖ''