News
പരിശുദ്ധ തിരുകച്ച ഉപയോഗിച്ച് യേശുവിന്റെ മുഖരൂപം പുനര്‍നിര്‍മ്മിക്കുവാനുള്ള ശ്രമവുമായി ഇറ്റാലിയന്‍ പോലീസ്
ഷാജു പൈലി 31-10-2015 - Saturday
നൂറ്റാണ്ടുകളായി ഉയര്‍ന്നിരുന്ന ഒരു ചോദ്യമാണ് ‘ചെറുപ്പത്തിലും വലുതായതിന് ശേഷവും യേശു കാഴ്ചക്ക് എങ്ങിനെ ആയിരുന്നിരിക്കാം? ഈ ചോദ്യം ഒരു പക്ഷെ നമ്മുടെ മനസ്സിലും ഉയര്‍ന്നിട്ടുണ്ടാവാം. ഇതിന് ഉത്തരം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഇറ്റലിയിലെ ശാസ്ത്രജ്ഞരായ ഒരു പറ്റം പോലീസുകാര്‍.
ആധുനിക സാങ്കേതിക വിദ്യകളാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. യേശുവിനെ അടക്കം ചെയ്തപ്പോള്‍ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന വിശുദ്ധ തിരുകച്ചയില്‍ നിന്നാണ് അവര്‍ യേശുവിന്റെ പ്രതിരൂപം പുനസൃഷ്ടിക്കാനുള്ള ശ്രമത്തിന് ആരംഭം കുറിക്കുന്നത്.
“മുഖത്തിന്റെ പുനര്‍നിര്‍മ്മാണം ആണ് പോലീസ് വകുപ്പ് ഇക്കാര്യത്തില്‍ ചെയ്യുന്ന പ്രഥമ ദൗത്യം. പിന്നീട് മുഖത്തിന്‍റെ സവിശേഷതകള്‍ താരതമ്യം ചെയ്യുന്നതിലൂടെ മറ്റുള്ള വിവരങ്ങളും നമുക്ക് വിവരിക്കാനാവും. ഇവിടെ നിന്നാണ് ഞങ്ങള്‍ ആരംഭിക്കുന്നത്, അതിനാലാണ് പരിശുദ്ധ തിരുകച്ച അടിസ്ഥാനമാക്കിയത്.” എന്ന് ഇറ്റാലിയന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ സാങ്കേതിക വിഭാഗത്തിന്റെ തലവന്‍ (Director) ആയ ശ്രീ ജിയോവന്നി ടെസ്സിടോരെ അറിയിച്ചു.
ഈ തിരുകച്ചയില്‍ നിന്നും എല്ലാ തരത്തിലുള്ള വിവരങ്ങളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. കണ്‍പുരികങ്ങളുടെ ആകൃതി, ചുണ്ട് മുതല്‍ മൂക്ക് വരെയുള്ള ഭാഗങ്ങളുടെ സവിശേഷതകള്‍, കണ്ണിന്റെയും മുടിയുടെയും കളര്‍ തുടങ്ങിയ പരിശോധിക്കുവാന്‍ സാധ്യമല്ലാത്തവയും ഇവര്‍ ശേഖരിച്ചിട്ടുണ്ട്.
“കുറ്റവാളികളെ കണ്ട് പിടിക്കുവാനും, സാങ്കല്‍പ്പിക സിദ്ധാന്തത്തിലൂടെ ചെറുപ്പത്തില്‍ കാണാതെ പോയ ആള്‍ വലുതാകുമ്പോള്‍ എങ്ങിനെ ഇരിക്കാം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സാധാരണയായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാറുള്ളത്.” ജിയോവന്നി കൂട്ടിച്ചേര്‍ത്തു.
പക്ഷേ ബാലനായ യേശുവിന്റെ മുഖത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഈ തിരുകച്ച ഉപയോഗിക്കുമ്പോള്‍ ഇതിനു വിപരീതമായാണ് ചെയ്യേണ്ടത്. "ഘടികാരത്തെ പുറകിലോട്ട് കറക്കുന്നതു പോലെ വേണം 12 വയസ്സുള്ള ബാലനായ യേശുവിന്റെ രൂപം പുനര്‍ നിര്‍മ്മിക്കുവാന്‍" അദ്ദേഹം പറഞ്ഞു.