News - 2025
നവംബർ 1- സകല വിശുദ്ധരുടേയും തിരുനാൾ; 37 വർഷങ്ങൾക്കു മുമ്പ് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ നല്കിയ സന്ദേശം
കടപ്പാട്: Daughters of St. Paul 01-11-2015 - Sunday
(1978 നവംബർ ഒന്നാം തീയതി ബുധനാഴ്ച്ച, സകല വിശുദ്ധരുടേയും തിരുനാൾ ദിവസം, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പൊതുസദസിൽ പ്രേക്ഷകർ വളരെ.. പിതാവ് അന്നും പതിവുപോലെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ബാൽക്കണിയിലെത്തി. പ്രാർത്ഥന തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ശ്രോതാക്കൾക്ക് വേണ്ടി ഒരു ചെറുപ്രഭാഷണം നടത്തി. അത് താഴെ കൊടുക്കുന്നു)
"എന്റെയൊപ്പം ഈ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുചേരാൻ എത്തിയിരിക്കുന്ന നിങ്ങൾ, ഒരു നിമിഷം ഇന്നത്തെ പ്രാർത്ഥനാരഹസ്യ ത്തെ പറ്റി ധ്യാനിക്കുക.
അനന്തതയിലേക്കെത്തുന്ന ഒരു ദീർഘവീക്ഷണത്തോടെയാണ് തിരുസഭ ജീവിക്കുന്നത്. സഭയെ തുടർച്ചയായി രൂപപ്പെടുത്തികൊണ്ട്, അത് എന്നും സഭയോടൊപ്പം നിൽക്കുന്നു. അത് സഭയെ അനശ്വരതയിലേക്ക് നയിക്കുന്നു. ഇന്നത്തെ പ്രാർത്ഥന, 'അന്ത്യവിധി'യെന്ന യാഥാർത്ഥ്യത്തെ നമുക്ക് വെളിവാക്കി തരുന്നു. മനുഷ്യമോചനപദ്ധതിയും, മനുഷ്യചരിത്രത്തിൽ തിരുസഭയ്ക്കുള്ള സ്ഥാനവും, തിരുസഭയുടെ മഹത്തായ ദൗത്യവും വെളിപ്പെടുത്തി തരുന്ന യാഥാർത്ഥ്യമാണത്.
ഈ യാഥാർത്ഥ്യമാണ് 'സകല വിശുദ്ധരുടെ ദിവസവും' (Nov-1) , നാളത്തെ (Nov-2), 'മരണമടഞ്ഞവരുടെ ആത്മാക്കളുടെ ദിവസവും' സമുചിതമായും തീവ്രമായും ആചരിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. ഈ രണ്ട് ദിവസങ്ങൾ അനശ്വരജീവിതത്തെപറ്റിയുള്ള നമ്മുടെ വിശ്വാസത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
ഈ രണ്ട് ദിവസങ്ങൾ, മരണത്തിന്റെ അനിവാര്യതയെ പറ്റി നമ്മെ ബോധവാരാകയും നിത്യ ജീവിതത്തിന് സാക്ഷ്യം നൽകുകയും ചെയ്യുന്നു.
പ്രകൃതി നിയമമനുസരിച്ച് മനുഷ്യൻ മരണത്തിന് വിധേയനാണ്. സ്വന്തം ശരീരത്തിന്റെ നാശം എന്നും അവന്റെ ജീവിതവീക്ഷണത്തിലുണ്ട്. പക്ഷേ, ഒപ്പം തന്നെ, നിത്യജീവിതത്തിനായുള്ള വഗ്ദാനം, അവന്റെ ജീവിതത്തിൽ സന്തോഷം പകരുന്നു.
ദൈവം വാഗ്ദാനം ചെയ്ത 'നിത്യജീവിത'ത്തിലേക്ക് എത്തിച്ചേർന്നു കഴിഞ്ഞ വിശുദ്ധരുടെ, സ്തുതിക്കും ആഘോഷാനുഷ്ടാനങ്ങൾക്കുമായുള്ള ദിവസമാണ് 'സകല വിശുദ്ധരുടെയും ദിന'മായ നവംബർ 1. അതിനടുത്ത ദിവസമായ നവംബർ 2, മരണമടഞ്ഞവരുടെ ദിനമായി ആചരിക്കുന്നു. മരിച്ചുപോയവരുടെ അത്മാക്കൾക്ക് നിത്യജീവിതം പ്രദാനം ചെയ്യണമെന്ന്, നാം അന്നേ ദിവസം ദൈവത്തോട് പ്രാർത്ഥിക്കുന്നു .
തിരുസഭയുടെ വിശ്വാസത്തിന്റെ ആധാരശിലകളായ, രണ്ട് മഹത്തായ ദിവസങ്ങളാണിവ. നിത്യ ജീവിതത്തിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധരുടേയും, നിത്യ ജീവിതത്തിന് വേണ്ടി കാത്തിരിക്കുന്ന മരിച്ചവരുടെ ആത്മാക്കളുടേയും.
ഇവ തിരുസഭയ്ക്ക് രണ്ട് വിശിഷ്ടദിനങ്ങളാണ്. ആദ്യത്തെത് , സഭ തന്റെ വിശുദ്ധരിലുടെ ജീവിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനം. രണ്ടാമത്തേത്, സത്യത്തിലൂടെയും സ്നേഹത്തിലൂടെയും ജീവിച്ച് മരിച്ച്, അന്ത്യവിധി നാളിൽ നിത്യജീവിതം കാത്തിരിക്കുന്ന, സകല ആത്മാക്കളുടെയും ദിനം.
സ്വന്തം മരണത്തിലൂടെയും ഉയർത്തെഴുന്നേൽപ്പിലൂടെയും, നമ്മിൽ നിത്യജീവിതം എന്ന യാഥാർത്ഥൃത്തെ പറ്റി ബോധമുളവാക്കിയ, കർത്താവായ രക്ഷകനോട് നമ്മെ കൂടുതൽ അടുപ്പിക്കുന്നവയാണ് നവംബറിലെ ആദ്യ ദിനങ്ങൾ.
ആ രക്ഷകനാണ്, തന്റെ പിതാവായ ദൈവത്തിന് വേണ്ടി, 'പുരോഹിതരുടെ ഒരു സാമ്രാജ്യം' സൃഷ്ടിച്ചത്.
എന്റെ പൗരോഹിത്യ ജീവിതത്തിൽ, 32 വർഷങ്ങൾ പൂർത്തിയാക്കാനുള്ള അനുഗ്രഹം തന്നതിന്, ഞാൻ ദൈവത്തോട് പ്രാർത്ഥനാനിരതമായ നന്ദിയർപ്പിക്കുകയാണ്. സകല വിശുദ്ധരുടേയും അനുഷ്ഠാന ദിനം തന്നെ ഇതിന് എനിക്ക് അവസരമൊരുക്കിയ ദൈവത്തോട്, എന്റെ മാർഗ്ഗത്തിൽ എനിക്ക് തുണയായിരിക്കണമെ എന്ന്, ഞാൻ പ്രാർത്ഥിക്കുന്നു.
ഇന്നത്തെ ദിവസം, സാധാരണ പ്രാർത്ഥനയോടൊപ്പം, 'ലോകമെങ്ങുമുള്ള ക്രൈസ്തവ സഭയുടെ അജപാലനം', എന്ന ദൈവ നിയോഗത്തിനായി ഒരു പ്രാർത്ഥന കൂടി കൂട്ടി ചേർക്കട്ടെ. ദൈവമെ, യുവജനങ്ങളോട് അങ്ങ് ആജ്ഞാപിക്കുക: 'എഴുന്നേറ്റ് എന്റെ കൂടെ വരുക.!' യുവജനങ്ങളോട് ഞാൻ പറയുന്നു, 'നിങ്ങൾ കർത്താവിന്റെ ക്ഷണം നിരസിക്കരുത്''. 'ഇല്ല'എന്ന് പറയരുത്.
വലിയ വിളവെടുപ്പിന്റെ കാലമാണിത്; അതിനാൽ ധാരാളം ദൈവവിളികൾ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുക.
സകലവിശുദ്ധരുടേയും അനുഷ്ടാന ദിനം, നമ്മെ കാത്തിരിക്കുന്ന ഫലത്തിന്റെ വ്യാപ്തിയെ പറ്റി ഓർമിപ്പിക്കുന്നു.
മരണത്തിന്റെ വിളവെടുപ്പു കാലമല്ല, നിത്യ ജീവന്റെ വിളവെടുപ്പ്! ലോകത്തിന്റെ മായക്കാഴ്ച്ചകളുടെ വിളവെടുപ്പല്ല, യേശുവിന്റെ നിത്യജീവിതത്തിലേക്ക് നയിക്കുന്ന വിളവെടുപ്പ്!
നമുക്ക് പ്രാർത്ഥിക്കാം!"
Pope John Paul II, 1978 November 1.
(Ref: Daughters of St. Paul,Talks of John Paul II, 1979)