India

പരിശുദ്ധ അമ്മയുടെ ദുഃഖം ആത്മാക്കളുടെ നഷ്ട്ടത്തെയോര്‍ത്ത്: ഫാ. ഷാജൻ തേവർമഠം

സ്വന്തം ലേഖകന്‍ 05-12-2016 - Monday

മുതലക്കോടം: പരിശുദ്ധ അമ്മയുടെ കണ്ണുനീര്‍ ആത്മാക്കൾ നഷ്ടപ്പെടുന്നതിനേ ഓര്‍ത്താണെന്ന് കെഎസ്ടി മുൻ ചെയർമാൻ ഫാ. ഷാജൻ തേവർമഠം. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മരിയൻ കൺവൻഷന്റെ സമാപനദിനത്തിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

"പരിശുദ്ധ അമ്മ എന്തുകൊണ്ടാണ് കരയുന്നതെന്നു ആരും അന്വേഷിക്കുന്നില്ല. ആത്മാക്കൾ നഷ്ടപ്പെടുന്നതിനേക്കുറിച്ചാണ് അമ്മയുടെ ദുഃഖം. ദൈവം വലിയ വിലകൊടുത്ത് നേടിയതാണ് മനുഷ്യാത്മാവ്. സാത്താൻ ലക്ഷ്യം വച്ചിരിക്കുന്നത് മനുഷ്യന്റെ സമ്പത്തിലോ സ്‌ഥാനമാനങ്ങളിലോ അധികാരത്തിലോ അല്ല. ആത്മാവിലാണ്. ഇക്കാര്യം നാം തിരിച്ചറിയണം." ഫാ. ഷാജൻ പറഞ്ഞു. മരിയൻ കൺവൻഷന്റെ സമാപനദിനത്തിൽ ഫാ. ജോർജ് പുതുപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ജോസഫ് മക്കോളിൽ, ഫാ. സിറിയക് ഞാളൂർ എന്നിവർ സഹകാർമികരായിരുന്നു.

കോതമംഗലം സോൺ കരിസ്മാറ്റിക് ഗ്രൂപ്പ് ഒരുക്കിയ കൺവൻഷനിൽ തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാൻ സാമുവൽ മാർ ഐറേനിയോസ്, ഫാ. ജോസഫ് താമരവേലി, സിസ്റ്റർ ലിസി ടോം, ബ്രദർ. ഷാജി വൈക്കത്തു പറമ്പിൽ തുടങ്ങിയവര്‍ വചന സന്ദേശം നല്‍കി. നവംബര്‍ 30-നാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്.